Tuesday, November 26, 2024

സാമൂഹിക മദ്യപാനത്തിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

‘മദ്യപാനം’ എന്ന വാക്ക് വളരെ സാധാരണവും അതൊരു അവകാശവുമായിക്കാണുന്ന ഒരു കാലഘട്ടമാണിത്. ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഇതിനു പിന്നാലെ പോകുന്നവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല എന്നത് ഭീതിജനകമാണ്. ‘സാമൂഹിക മദ്യപാനം’ എന്ന ഈ പുതിയ വാക്കിനെക്കുറിച്ചും അതിൽ മറഞ്ഞിരിക്കുന്ന വിപത്തിനെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

വാരാന്ത്യത്തിൽ സുഹൃത്തുക്കളുമായി ഒത്തുകൂടി മദ്യപിക്കുന്നത് പലർക്കും വളരെ സാധാരണമായ ഒരു സാമൂഹികപ്രവർത്തനമാണ്. സൗഹൃദസദസ്സുകളുടെ ഈ ഒത്തുകൂടലുകൾ നടത്തുന്നത് ഒരുപക്ഷേ ജോലിസമ്മർദം കുറയ്ക്കുന്നതിനും ബന്ധങ്ങൾ സുദൃഢമാക്കുന്നതിനൊക്കെ വേണ്ടിയാണെന്നാണ് വാദം. എന്താണ് സാമൂഹിക മദ്യപാനം? സാമൂഹിക മദ്യപാനത്തെ പലപ്പോഴും ‘കുറഞ്ഞ അപകടസാധ്യതയുള്ള മദ്യപാനം’ എന്ന് നിർവചിക്കപ്പെടുന്നു. ഇത്തരത്തിലുള്ള മദ്യപാനത്തിൽ കൃത്യമായ അളവുകളുണ്ട്. അതിൽത്തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കും കൃത്യമായ പരിധികളും നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ, ഇത്തരത്തിലുള്ള തുടർച്ചയായ സാമൂഹിക മദ്യപാനം പ്രശ്നകരമായ മദ്യപാനത്തിലേക്കു കടക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. അളവിൽ കൂടുതൽ മദ്യം ശരീരത്തിൽ എത്തപ്പെടുന്നതിനെക്കുറിച്ചു ബോധ്യമില്ലാത്തതിനാൽ പലർക്കും ഇതിലെ മറഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് ധാരണയില്ല. അമിത മദ്യപാനത്തിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരിൽ മാത്രമല്ല, സ്ത്രീകളിലും വലിയ ആരോഗ്യപ്രശ്നങ്ങളും മരണം വരെയും സംഭവിക്കാവുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുന്നു.

ബി. ബി. സി. ജേണലിസ്റ്റ് ഹേസൽ മാർട്ടിൻ ഇതുപോലുള്ള സാമൂഹിക മദ്യപാനത്തിലെ അനന്തരഫലത്തിലെ ഒരു ഇരയായി മാറി. അതിനാൽ, 40 വയസ്സിനു താഴെയുള്ള സ്ത്രീകൾക്കിടയിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ കഴിഞ്ഞ ദശകത്തിൽ കുത്തനെ ഉയർന്നത് എന്തുകൊണ്ടെന്നറിയാൻ നടത്തിയ പഠനത്തിൽ ഹേസൽ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നു.

“ഒരു സാമൂഹിക മദ്യപാനി എന്ന നിലയിൽ സുഹൃത്തുക്കളുമായി ഇടയ്ക്കിടെയുള്ള രാത്രികൾ എന്റെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ 31-ാം വയസ്സിൽ എന്നെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവമുണ്ടായി. എനിക്ക് ഞെട്ടിക്കുന്ന ഒരു രോഗനിർണ്ണയം ലഭിച്ചു. കഠിനമായ മദ്യപാനവുമായി ബന്ധപ്പെട്ട കരൾ ഫൈബ്രോസിസ്. എന്റെ കരളിന് ഗുരുതരമായി മുറിവേറ്റിരിക്കുന്നു. മദ്യപാനം നിർത്തിയില്ലെങ്കിൽ ഞാൻ മരിക്കും എന്ന അവസ്ഥയിലായി” – ഹേസൽ പറഞ്ഞു.

ഈ ഒരാൾ മാത്രമല്ല യു. കെ. യിൽ ഇത്തരമൊരു അവസ്ഥയിലുള്ളത്. മദ്യപാനം മൂലമുള്ള മരണങ്ങൾ യു. കെ. യിൽ എക്കാലത്തെയും ഉയർന്ന നിലയിലാണ്. 45 വയസ്സിൽ താഴെയുള്ള സ്ത്രീകൾ കൂടുതലായും മദ്യപാനവുമായി ബന്ധപ്പെട്ട കരൾരോഗത്താൽ മുമ്പെന്നത്തേക്കാളും മരിക്കുന്നു. കരൾരോഗത്തിന് പലപ്പോഴും പ്രാരംഭലക്ഷണങ്ങളില്ല എന്നതാണ് പ്രശ്നം. എന്തെങ്കിലും കുഴപ്പമുണ്ടെന്നു ശ്രദ്ധിക്കുമ്പോഴേക്കും അത് വളരെ വൈകിപ്പോകും.

“രോഗനിർണ്ണയത്തിലേക്കുള്ള എന്റെ യാത്ര വളരെ നീണ്ടതായിരുന്നു. എനിക്ക് എല്ലായ്‌പ്പോഴും ക്ഷീണം തോന്നിയിരുന്നു. അതിനാൽ ഞാൻ എന്റെ ഡോക്ടറെ കാണാൻ പോയി. രക്തപരിശോധനയും കരളിന്റെ പ്രവർത്തനവും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെട്ടത്. കരളിന്റെ ആരോഗ്യം അളക്കുന്ന ഫൈബ്രോസ്കാൻ ഉൾപ്പെടെയുള്ള കൂടുതൽ പരിശോധനകൾക്കായി ഡോക്ടർ എന്നെ അയച്ചു. പരിശോധനാഫലം വന്നപ്പോൾ അങ്ങേയറ്റം ദുർബലമായ ഒരു കരളാണ് എന്റേതെന്ന് എനിക്കു മനസ്സിലായി” – അവർ പറയുന്നു.

“എന്റെ പ്രശ്നം കൃത്യസമയത്ത് മനസ്സിലാക്കാൻ പറ്റി എന്നത് എന്റെ ഭാഗ്യമാണ്. ഞാൻ മദ്യം ഒഴിവാക്കിയാൽ എന്റെ ഫൈബ്രോസിസ് മാറാൻ സാധ്യതയുണ്ടെന്ന് എന്റെ കൺസൾട്ടന്റ് എന്നോടു പറഞ്ഞു. എന്റെ ജീവിതം വഴിതിരിച്ചുവിടാനുള്ള അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തോട് നന്ദിപറയുന്നു.”

നോർത്ത് വെയിൽസിൽനിന്നുള്ള 39 കാരിയായ എമ്മ ജോൺസിനെ കരൾരോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് അവർ ദിവസവും മൂന്ന് കുപ്പി വൈൻ കുടിച്ചിരുന്നു. എമ്മയുടെ ജീവിതസമയം 36 മണിക്കൂറിൽ താഴെമാത്രമായിരുന്നു. പക്ഷേ, അദ്ഭുതകരമായി അവർക്ക് കരൾ മാറ്റിവയ്ക്കൽ നടത്തി.

എമ്മയുടെ ജീവിതം വീണ്ടെടുക്കൽ നടന്നുകൊണ്ടിരിക്കുന്നു. എങ്കിലും ജീവിതകാലം മുഴുവനും അവർക്ക് ആന്റി-റിജക്ഷൻ മരുന്നുകൾ കഴിക്കണം. എങ്കിലും അവർ ജീവിച്ചിരിപ്പുണ്ട്. അങ്ങനെ തന്റെ രണ്ടാമത്തെ ജന്മം പരമാവധി പ്രയോജനപ്പെടുത്താൻ എമ്മ തീരുമാനിച്ചു.

മദ്യപാനം മൂലമുണ്ടാകുന്ന കരൾരോഗത്താൽ മരിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതിന്റെ പിന്നിൽ എന്താണ്? മദ്യ-മയക്കുമരുന്ന് സംസ്കാരത്തിലെ മുൻനിര വിദഗ്ദ്ധയായ പ്രൊഫ. ഫിയോണ മെഷാമിന്റെ അഭിപ്രായത്തിൽ, മദ്യവ്യവസായത്തിന്റെ ആക്രമണാത്മക വിപണനതന്ത്രങ്ങളാണ് ഇതിൽ വില്ലനായി വർത്തിക്കുന്നത്. 1990 കളിലും 2000 കാലഘട്ടങ്ങളിലും സ്ത്രീമദ്യപാനികളെ ലക്ഷ്യമിട്ട് ആൽകോപോപ്പുകൾ, ഷോട്ടുകൾ തുടങ്ങിയ ഉൽപന്നങ്ങൾ ഉപയോഗിച്ച് ഫെമിനിസവും സ്ത്രീശാക്തീകരണവും ഒരു മാർക്കറ്റിംഗ് ഉപകരണമായി ഉപയോഗിച്ചു.

ഇന്ന്, സ്ത്രീകൾക്ക് വിശ്രമിക്കാനും സ്വയം പരിചരണം നടത്താനുമുള്ള ഒരു മാർഗമായി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. എന്നാൽ, മദ്യപാനം ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതാണ് യാഥാർഥ്യം, പ്രത്യേകിച്ച് സ്ത്രീകൾക്ക്.

“എന്റെ സ്വന്തം അനുഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, എന്റെ പ്രശ്നം കൃത്യസമയത്ത് മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, ഞാൻ തനിച്ചല്ല എന്നും എനിക്കറിയാം. തങ്ങളുടെ ആരോഗ്യത്തിനുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മനസ്സിലാക്കാതെ സാമൂഹികമായി മദ്യപിക്കുന്ന നിരവധി സ്ത്രീകൾ അവിടെയുണ്ട്” – ഹേസൽ പറയുന്നു.

നമ്മുടെ ആരോഗ്യം നിയന്ത്രിക്കാനും സാമൂഹിക മദ്യപാനത്തിന്റെ  അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള സമയമാണിത്. നമ്മുടെ മദ്യപാനശീലങ്ങളെക്കുറിച്ച് നമ്മോടുതന്നെ സത്യസന്ധത പുലർത്തുകയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News