ക്രിസ്തുമസിന് സമ്മാനവുമായി എത്തുന്ന സാന്താക്ളോസിന് ഒരു കത്തയച്ചാലോ എന്ന് ചിന്തിക്കാത്ത ഒരു കുട്ടികളും ഉണ്ടാകില്ല. തങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞുകൊണ്ട് അനേകം ആളുകളാണ് സാന്തായ്ക്ക് കത്തുകൾ അയയ്ക്കുന്നത്. എന്നാൽ ഈ കത്തുകളൊക്കെ ആര് സ്വീകരിക്കും? എവിടെ സ്വീകരിക്കപ്പെടും? പലർക്കുമുള്ള സംശയമാണ്. അതിനുള്ള ഉത്തരം നൽകുന്ന ഒരു പോസ്റ്റോഫീസുണ്ട്. സാന്താക്ളോസിന്റെ പേരിൽ നിലവിലുള്ള ലോകത്തിലെ ഒരേയൊരു പോസ്റ്റ് ഓഫീസ് ആണത്.
സാന്തായ്ക്ക് അയയ്ക്കുന്ന കത്തുകൾ ഔദ്യോഗികമായി സ്വീകരിക്കുന്ന ഫിൻലാന്റിലെ സാന്താക്ളോസ് വില്ലേജിലാണ് ഈ തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഫിന്നിഷ് പോസ്റ്റ് ഓഫീസിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഇവിടെ 1985 മുതൽ 198 രാജ്യങ്ങളിൽനിന്നായി 15 മില്യൺ കത്തുകളാണ് സാന്താക്ളോസിന്റെ പേരിൽ ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്.
സാന്താക്ളോസ് പ്രധാന പോസ്റ്റ് ഓഫീസ് കെട്ടിടം കല്ലുകൾകൊണ്ടും പൈൻ മരങ്ങൾകൊണ്ടുമാണ് നിർമിച്ചിരിക്കുന്നത്. 1950 ൽ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റിന്റെ ഭാര്യ ഇവിടം സന്ദർശിക്കുകയും ആർക്ടിക്കിൽനിന്നും പ്രത്യേക സ്റ്റാമ്പ് വച്ച് നവംബർ ആറിന് ഒരു കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ തപാൽ ഓഫീസിലേക്ക് അയയ്ക്കുന്ന ഓരോ കത്തും പാർസലും ഒരു പ്രത്യേക സ്റ്റാമ്പും പോസ്റ്റ് മാർക്കും ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. ഈ തപാൽ ഓഫീസിന്റെ ആദ്യ ലോഗോ നിർമിച്ചത് ഫിന്നിഷ് ഗ്രാഫിക് ഡിസൈനർ ആയ പെക്കാ വൂറിയാണ്. എന്നാൽ, ഇപ്പോഴുള്ള ലോഗോ നിർമിച്ചത് ഡിസൈനർ ആയ ജൂക്കാ തലാരിയുമാണ്. 2012 ലാണ് പുതിയ ലോഗോ നിർമിച്ചത്.
വർഷം മുഴുവൻ ക്രിസ്തുമസ് ആഘോഷങ്ങളുള്ള ഈ പോസ്റ്റ് ഓഫീസിൽനിന്നും സ്റ്റാമ്പുകൾ, പോസ്റ്റ് കാർഡുകൾ, സുവനീറുകൾ എന്നിവ സ്വീകരിക്കാം. ഇവിടെനിന്നും നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വ്യക്തിഗത കത്തുകളും ഓർഡർ ചെയ്യാവുന്നതാണ്. അതുപോലെ ഇവിടെയെത്തുന്ന മികച്ച കത്തുകൾ അവിടെ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.