1843 ഡിസംബർ ഒൻപതിനാണ് ലോകത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ ക്രിസ്തുമസ് കാർഡ് നിർമാണം ആരംഭിച്ചത്. ഹെൻറി കോൾ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ. കുറഞ്ഞ വിലയിൽ എല്ലാവർക്കും ക്രിസ്തുമസ് സന്ദേശം അയയ്ക്കുക എന്ന ചിന്തയോടെയാണ് കോൾ ഈ കാര്യത്തെ കണ്ടത്. അങ്ങനെ ചിത്രകാരനായ ജോൺ കാൽകോട്ട് ഹോഴ്‌സ്‌ലിയെ സമീപിക്കുകയും കാർഡ് രൂപകൽപന ചെയ്യുകയും ചെയ്തു.
1868 ഡിസംബർ ഒൻപതിനാണ് ലോകത്തിലെ ആദ്യത്തെ ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത്. ആറു മീറ്റർ ഉയരമുള്ള ഈ ലൈറ്റ് സ്ഥാപിച്ചത് ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെയായിരുന്നു ഇത് നിയന്ത്രിച്ചിരുന്നത്. ചുവപ്പും പച്ചയും നിറത്തിലുള്ള രണ്ട് ലൈറ്റുകളാണ് അതിലുണ്ടായിരുന്നത്. ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ ലൈറ്റ് പകൽസമയത്ത് വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ലൈറ്റിനോടു ചേർന്ന് രണ്ട് പെഡലുകൾ കൂടി ഉണ്ടായിരുന്നു. പെഡലുകൾ 45 ഡിഗ്രി താഴ്ന്നിരിക്കുന്നത് വാഹനങ്ങൾക്ക് കടന്നുപോകാനും ഉയർന്നിരിക്കുന്നത് വാഹനങ്ങൾ നിർത്താനുമുള്ള അടയാളമായിരുന്നു. സിഗ്നൽ സ്ഥാപിച്ച് കേവലം ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഗ്യാസ് ചോർച്ച മൂലം അതിലെ ഒരു ലൈറ്റ് പൊട്ടിത്തെറിക്കുകയും അത് നിയന്ത്രിച്ചിരുന്ന പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. അതോടെ ഈ സംവിധാനം ഉപയോഗിക്കുന്നത് നിർത്തിവച്ചു.
സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി ഭരണഘടന നിർമിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഭരണഘടനാ അസംബ്ലി ആദ്യ യോഗം ചേർന്നത് 1946 ലാണ്. 1946 ലെ ഈ ക്യാബിനറ്റ് മിഷൻ പ്ലാനനുസരിച്ച് പ്രൊവിൻഷ്യൽ അസംബ്ലികളിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് ഭരണഘടനാ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്. ഇന്ത്യാവിഭജനത്തിനു മുമ്പുവരെ 389 അംഗങ്ങളായിരുന്നു അസംബ്ലിയിലുണ്ടായിരുന്നത്. വിഭജനശേഷം അത് 299 ആയി മാറി. അതിൽ 229 പേർ ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യകളിൽ നിന്നുള്ളവരും 70 പേർ നാട്ടുരാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് ഇന്ത്യയിൽനിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചത്. ഏറ്റവും പ്രായം കൂടിയ അംഗമായിരുന്ന സച്ചിദാനന്ദ സിൻഹയായിരുന്നു ആദ്യ ചെയർമാൻ. പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് അസംബ്ലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷവും 11 മാസങ്ങളും 18 ദിവസങ്ങളുമാണ് അസംബ്ലി പ്രവർത്തിച്ചത്. 1950 ജനുവരി 24 നായിരുന്നു അവസാന സിറ്റിംഗ്.
ലോകം വസൂരി എന്ന പകർച്ചവ്യാധിയിൽ നിന്നും മുക്തമായതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത് 1979 ഡിസംബർ ഒൻപതിനായിരുന്നു. അഞ്ചു മാസങ്ങൾക്കുശേഷം നടന്ന മുപ്പത്തിമൂന്നാമത് ലോകാരോഗ്യ അസംബ്ലിയിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വസൂരി നിർമാർജന സർട്ടിഫിക്കേഷനുള്ള ആഗോള കമ്മീഷനിലെ 19 അംഗങ്ങളാണ് വസൂരി ലോകത്തുനിന്ന് ഇല്ലാതായതായി സ്ഥിരീകരിച്ചത്. 3000 വർഷങ്ങൾ മനുഷ്യകുലത്തെ വലച്ച മഹാമാരിയായിരുന്നു വസൂരി. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 300 മില്യൺ ആളുകളാണ് ഈ രോഗം മൂലം മരണമടഞ്ഞത്. 1977 ൽ സൊമാലിയയിലാണ് വസൂരി പകർച്ചവ്യാധിയുടെ അവസാന വ്യാപനം റിപ്പോർട്ട് ചെയ്തത്. വർഷങ്ങൾ നീണ്ട ബോധവത്കരണത്തിനും വസൂരി പ്രതിരോധ കുത്തിവയ്പ് ക്യാമ്പെയ്നുകൾക്കും ശേഷമാണ് മനുഷ്യർ ഈ രോഗത്തിനുമേൽ അധീശത്വം നേടിയത്.