Thursday, December 12, 2024

ചരിത്രത്തിൽ ഈ ദിനം: ഡിസംബർ 11

കുട്ടികൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ സംവിധാനമായ യൂണിസെഫ് സ്ഥാപിതമായത് 1946 ഡിസംബർ 11 നാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, യൂറോപ്പിലും ചൈനയിലുമുള്ള കുട്ടികളുടെ അടിയന്തര ആവശ്യങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് 1950 ൽ യൂണിസെഫ് അതിന്റെ ലക്ഷ്യം വികസ്വര രാഷ്ട്രങ്ങളിലെ കുട്ടികളുടെ ആവശ്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നിറവേറ്റുക എന്ന് പുതുക്കി നിശ്ചയിച്ചു. യുണൈറ്റഡ് നേഷൻസ് ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് എന്നതായിരുന്നു യൂണിസെഫിന്റെ പൂർണ്ണരൂപം. 1953 ലാണ് യൂണിസെഫ് ഐക്യരാഷ്ട്ര സഭയുടെ സ്ഥിരം സംവിധാനമായി മാറിയത്. അതേവർഷം തന്നെ ഈ സംവിധാനത്തിന്റെ പേര് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് എന്നാക്കി ചുരുക്കിയെങ്കിലും യൂണിസെഫ് എന്ന ചുരുക്കപ്പേര് നിലനിർത്തി.

1997 ഡിസംബർ 11 നാണ് ക്യോട്ടോ പ്രോട്ടോക്കോൾ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. അന്തരീക്ഷത്തിന് ഹാനികരമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടിയാണിത്. 2005 ഫെബ്രുവരി 16 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഈ പ്രോട്ടോക്കോൾ വ്യവസായവത്കൃത രാജ്യങ്ങൾ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നു. ഇതനുസരിച്ച്, ക്യോട്ടോ പ്രോട്ടോക്കോൾ അംഗീകരിക്കുന്ന രാജ്യങ്ങൾ അനുവദനീയമായ പരിധിക്കുള്ളിൽ മാത്രമേ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളാൻ പാടുള്ളൂ. നിലവിൽ 192 രാജ്യങ്ങളാണ് ഈ ഉടമ്പടി അംഗീകരിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ്, സൾഫർ ഹെക്സാ ഫ്ളൂറൈഡ്, ഹൈഡ്രോ ഫ്ളൂറോ കാർബൺസ്, പെർ ഫ്ളൂറോ കാർബൺസ് എന്നിവയാണ് പുറന്തള്ളുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട ഹരിതഗൃഹ വാതകങ്ങൾ.

1998 ഡിസംബർ 11 നായിരുന്നു കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിക്കപ്പെട്ടത്. ഒരു ചെയർമാനും രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് മനുഷ്യാവകാശ കമ്മീഷൻ. ഹൈക്കോടതിയിൽനിന്നു വിരമിച്ച ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആയിരിക്കണം ചെയർമാൻ. മറ്റ് അംഗങ്ങൾ ഏഴുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള വിരമിച്ചതോ, നിലവിൽ പദവിയിൽ തുടരുന്നതോ ആയ ഹൈക്കോടതിയിലെയോ, ജില്ലാ കോടതിയിലെയോ ജഡ്ജിമാരായിരിക്കണം. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് കേരള ഗവർണറാണ് ഇവരെ നിയമിക്കുന്നത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച എം. എം. പരീദ് പിള്ളയായിരുന്നു ആദ്യ ചെയർപേഴ്സൺ. ഡോ. എസ്. ബലരാമൻ, ടി. കെ. വിൽസൺ എന്നിവർ കമ്മീഷൻ അംഗങ്ങളായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച പരാതികളും മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നതിൽ അധികാരികൾക്കുണ്ടാകുന്ന വീഴ്ചകളും അന്വേഷിക്കുക എന്നതാണ് കമ്മീഷന്റെ പ്രാഥമിക ഉത്തരവാദിത്വം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News