നമ്മുടെ നാട്ടിലെ ക്രിസ്തുമസ് ആഘോഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഐസ്ലാന്റില് ജനങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ‘യൂള്‍’ അല്ലെങ്കില്‍ ‘ജോള്’ എന്നാണ് അവിടുത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ അറിയപ്പെടുന്നത്. യൂള്‍ ആഘോഷങ്ങളിള്‍ അവിടുത്തെ പുതുവര്‍ഷ ആഘോഷങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. അവിടുത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും ചേര്‍ത്ത് ഡിസംബര്‍ 23 മുതല്‍ ഐസ്ലാന്റില് ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങുന്നു.
വി. തോര്ലാക്കൂര്സ് ദിനം – ഡിസംബര്‍ 23
ഡിസംബര്‍ 23 ഐസ്ലാന്റ്കാര്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഐസ്ലാന്റിലെ ബിഷപ്പായിരുന്ന വി. തോര്ലാക്കൂര്സിന്റെ മരണദിനമായ അന്ന് ‘സ്ക്കത്ത’ എന്ന ലഘുവിരുന്ന് അനുഷ്ഠിച്ചുപോരുന്നു. യൂള്‍ ആഘോഷങ്ങളുടെ തുടക്കവും അന്നേദിനം ‘യൂള്‍ ട്രീ’ അലങ്കാരത്തോടുകൂടി തുടങ്ങും.
യൂള്‍ തലേന്ന്
നമ്മുടെ നാട്ടില്‍ ഒരു പുതിയ ദിനം തുടങ്ങുന്നത് അര്‍ധരാത്രി പന്ത്രണ്ടു മണിക്കാണെങ്കില്‍ ഐസ്ലാന്റില് വൈകിട്ട് ആറിനാണ്. യൂള്‍ ഈവിന്റെ ആഘോഷങ്ങളും ഡിസംബര്‍ 23 ന് വൈകിട്ട് ആറുമണിയോടുകൂടി ആരംഭിക്കുന്നു. ഈ ദിനം വൈകിട്ട് ഭക്ഷണശേഷം കുട്ടികള്‍ തങ്ങളുടെ സമ്മാനപ്പെട്ടികള്‍ തുറന്ന് യൂള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
യൂള്‍ ദിനം
ഓരോ കുടുംബത്തിലെയും എല്ലാവരും ചേര്‍ന്നാണ് യൂള്‍ ദിനം ആഘോഷിക്കുന്നത്. ഹങ്കിന്ജോട്ട് (Hangikjot) എന്നാണ് യൂള്‍ ദിനത്തിലെ ഭക്ഷണം അറിയപ്പെടുന്നത്. ഒരു ആടിന്റെ പൊരിച്ച കാലാണ് അവര്‍ ഭക്ഷിക്കുന്നത്. ഇലയടയും യൂള്‍ ആഘോഷങ്ങളുടെ ഒരു ശ്രദ്ധിക്കപ്പെടുന്ന ഭക്ഷണവിഭവമാണ് (Laufabraud).
പുതുവര്‍ഷ ദിനം
പുതുവര്‍ഷരാവ് ഐസ്ലാന്റുകാര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അവരുടെ ഐതീഹ്യങ്ങള്‍ അനുസരിച്ച്, പശു സംസാരിക്കുകയും കടല്‍ക്കുതിരകള്‍ മനുഷ്യരൂപം സ്വീകരിക്കുകയും മരിച്ചവര്‍ ഉയര്‍ക്കുകയും ചെയ്യുന്ന രീതിയിലുള്ള രസകരമായ കാര്യങ്ങള്‍ ഈ ദിനമാണ് നടക്കുന്നത്. വലിയ ഭീതിയിലുള്ള കരിമരുന്ന് കലാപ്രകടനം ഇന്നേദിനം അവിടങ്ങളില്‍ പൊതുവാണ്.
ദനഹ
ദനഹയാണ് യൂള്‍ ആഘോഷങ്ങളുടെ ഒടുവിലത്തേത്. ബോനിഫിര്സ്, എലിഫിന് എന്നീ നൃത്തരൂപങ്ങള്‍ ഈ ആഘോഷത്തിന്റെ മുഖ്യശ്രദ്ധയാണ്. യുലിതിടേസ് ലാട്സ് (Yuletide lads) എന്ന അനുഷ്ഠാനം യൂള്‍ ആഘോഷങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. ഈ അനുഷ്ഠാനത്തിന്റെ പിന്നില്‍ ഒരു കഥയുണ്ട്. 17-ാം നൂറ്റാണ്ടില്‍ ഐസ്ലാന്റിലെ മലകളില്‍നിന്നും രാക്ഷസന്മാര് വരികയും അവര്‍ വീടിന്റെ വാതില്പടികളില് സമ്മാനങ്ങള്‍ വച്ച് മടങ്ങുകയും ചെയ്യുമായിരുന്നു. ഈ സമ്മാനങ്ങള്‍ക്കു പകരമായി കുട്ടികള്‍ ഒരു ഉരുളക്കിഴങ്ങും കൂടെ നല്ല വാക്കുകളടങ്ങുന്ന സന്ദേശങ്ങളും എഴുതിവയ്ക്കുമായിരുന്നു.
ഐസ്ലാന്റില് പണ്ട് എവര്‍ഗ്രീന്‍ മരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ റൗണ് (Rawan) മരങ്ങളായിരുന്നു ക്രിസ്തുമസ് അവസരങ്ങളില്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന്, എവര്‍ഗ്രീന്‍ മരങ്ങള്‍ ഐസ്ലാന്റില് സുലഭമാണ്. ക്രിസ്തുമസ് ദിനത്തില്‍ ഐസ്ലാന്റിലെ സെമിത്തേരികള്‍ ദീപങ്ങളാല്‍ അലങ്കരിക്കാറുമുണ്ട്.