1582 മുതലാണ് ജനുവരി ഒന്ന് ആദ്യമായി വർഷാരംഭമായി നിശ്ചയിക്കപ്പെട്ടത്. ജൂലിയൻ കലണ്ടറിൻപകരം ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിൽവന്നത് അന്നുമുതലായിരുന്നു. ജൂലിയൻ കലണ്ടറിൽ ദിവസങ്ങളുടെ ദൈർഘ്യം കൃത്യമല്ലാതിരുന്നതിനാലാണ് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ പുതിയ കലണ്ടർ പുറത്തിറക്കിയത്. അതുപ്രകാരം ജനുവരി ഒന്ന് വർഷാരംഭമായി നിശ്ചയിക്കുകയായിരുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചത്. പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളും ഓർത്തഡോക്സ് രാജ്യങ്ങളും പിന്നീടാണ് ഈ കലണ്ടർ ഔദ്യോഗികമായി സ്വീകരിച്ചത്. ബ്രിട്ടനും ബ്രിട്ടന്റെ കോളനികളും 1752 ലാണ് ഗ്രിഗോറിയൻ കലണ്ടറിലേക്കു മാറിയത്. അതുവരെ മംഗളവാർത്താ തിരുനാളായി ആചരിക്കുന്ന മാർച്ച് 25 ആയിരുന്നു വർഷാരംഭമായി അവർ കണക്കാക്കിയിരുന്നത്.
വ്യാപാരമേഖലയിൽ നേരിട്ടുപ്രവർത്തിക്കുന്ന ആഗോളസംഘടനയായ ലോക വ്യാപാരസംഘടന സ്ഥാപിതമായത് 1995 ജനുവരി ഒന്നിനായിരുന്നു. ഇറക്കുമതി, കയറ്റുമതി, ചരക്കുസേവന ബിസിനസുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിന് അന്താരാഷ്ട്ര വ്യാപാരനിയമങ്ങളും നിയന്ത്രണങ്ങളും വികസിപ്പിക്കുക എന്നതാണ് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ പ്രാഥമികലക്ഷ്യം. ഇതുകൂടാതെ, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് വ്യാപാര ഉടമ്പടി ചർച്ചചെയ്യുകയും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരതർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന ഒരു ഫോറമായും സംഘടന പ്രവർത്തിക്കുന്നു. ഇതിൽ 164 അംഗങ്ങളും 23 നിരീക്ഷകരാജ്യങ്ങളുമാണുള്ളത്. 1947 ൽ ഒപ്പുവച്ച അന്താരാഷ്ട്ര വ്യാപാര ഉടമ്പടിയായ ഗാട്ടിന്റെ പിൻഗാമിയായി നിലവിൽ വന്ന ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്.
കൽക്കട്ടയുടെ പേര് കൊൽക്കത്ത എന്നു മാറ്റിയത് 2001 ജനുവരി ഒന്നിനായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ തലസ്ഥാനമായിരുന്നു കൽക്കട്ട. കലിക്കട്ട എന്ന ബംഗാളി പേരിന്റെ ആംഗലേയ രൂപമായിരുന്നു കൽക്കട്ട. കാളിദേവിയുടെ സ്ഥലം എന്ന് അർഥം വരുന്ന കാളീക്ഷേത്ര എന്ന പേരിൽനിന്നാണ് കലിക്കട്ട ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. 1686 ലാണ് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായി കൽക്കട്ട എന്ന നഗരം സ്ഥാപിക്കപ്പെടുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായ ജോബ് ചാർനോക്ക് ഓഗസ്റ്റ് 24 ന് ഒരു ഫാക്ടറി സ്ഥാപിക്കാനായി സ്ഥലത്തെത്തിയതാണ് നഗരരൂപീകരണത്തിൽ നിർണ്ണായകമായത് എന്ന് കരുതപ്പെടുന്നു. 1772 ൽ ഈ നഗരം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായി മാറി. അതോടെ മുഗൾ ഭരണകാലത്തെ തലസ്ഥാനമായിരുന്ന മുർഷിദാബാദിൽനിന്ന് എല്ലാ സ്ഥാപനങ്ങളും കൽക്കട്ടയിലേക്കു മാറ്റപ്പെട്ടു. 1911 ൽ ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറി. 1947 ൽ ബംഗാൾ വിഭജനത്തിനുശേഷം കൽക്കട്ട വെസ്റ്റ് ബംഗാളിന്റെ തലസ്ഥാനമായി മാറി. 2001 ൽ നഗരത്തിന്റെ പേര് കൊൽക്കത്ത എന്ന് മാറ്റി.