1653 ജനുവരി മൂന്നിനാണ് കേരള ക്രൈസ്തവചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ കൂനൻ കുരിശ് സത്യം നടന്നത്. സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവസഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ വിദേശ മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കെതിരെയുള്ള സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു കൂനൻ കുരിശ് സത്യം. തങ്ങളുടെ തനിമ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ മാർതോമാ ക്രിസ്ത്യാനികൾ അവർക്കായി മെത്രാന്മാരെ ആവശ്യപ്പെട്ടു. ഈ ആവശ്യം തുടർച്ചയായി നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മട്ടാഞ്ചേരിയിൽ തടിച്ചുകൂടിയ മാർതോമാ ക്രിസ്ത്യാനികൾ, പള്ളിയിലെ കുരിശിൽ ഒരു നീണ്ട കയർ കെട്ടി അതിൽ പിടിച്ചുകൊണ്ട്, ഇനി തങ്ങൾ റോമിലെ സഭാധികാരത്തിനു കീഴിലല്ല എന്ന് പ്രതിജ്ഞ ചെയ്തു. ഇതാണ് കൂനൻ കുരിശ് സത്യം എന്നറിയപ്പെടുന്നത്. കയറ് കെട്ടിയതുമൂലം കുരിശിന് ചെരിവുണ്ടായതുകൊണ്ടാണ് ഇതിനെ കൂനൻ കുരിശ് എന്നുവിളിക്കുന്നത്. ഇതിനുശേഷം കേരളത്തിലെ സുറിയാനിസഭ പുത്തൻ കൂറ്റുകാർ, പഴയ കൂറ്റുകാർ എന്നിങ്ങനെ രണ്ടായി പിളർന്നു. പുത്തൻ കൂറ്റുകാർ പിന്നീട് അന്ത്യോഖ്യൻ പാരമ്പര്യം സ്വീകരിച്ചു.
ഹാമിൽട്ടൻ വാച്ച് കമ്പനി ആദ്യത്തെ ഇലക്ട്രിക് വാച്ച് അവതരിപ്പിച്ചത് 1957 ജനുവരി മൂന്നിനായിരുന്നു. ഹാമിൽടൺ ഇലക്ട്രിക് 500 എന്നായിരുന്നു വാച്ചിന്റെ പേര്. വൈൻഡിംഗ് ആവശ്യമില്ലാത്ത, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാച്ചായിരുന്നു ഇത്. പതിനാറാം നൂറ്റാണ്ടിനുശേഷം മെക്കാനിക്കൽ ഡിസൈനിലെ ആദ്യത്തെ സുപ്രധാന കണ്ടുപിടുത്തമായി ഈ വാച്ച് മാറി. 1957 നുമുമ്പ്, എല്ലാ വാച്ചുകളും ഒരു പ്രധാന സ്പ്രിംഗ് ഉപയോഗിച്ചുള്ള ഹാൻഡ് വൈൻഡിംഗ് വഴിയാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഹാമിൽട്ടൺ, ഇലക്ട്രിക് 500 ബാറ്ററിയിൽ നിന്നുള്ള വൈദ്യുതോർജമാണ് ഉപയോഗപ്പെടുത്തിയിരുന്നത്. എങ്കിലും ട്രാൻസിസ്റ്ററുകളോ, മറ്റ് ഇലക്ട്രോണിക് ഘടകങ്ങളോ ഈ വാച്ചിൽ ഉണ്ടായിരുന്നില്ല. ക്വാർട്സ് വിപ്ലവത്തിലേക്കുള്ള ആദ്യ ചുവടുവായ്പ്പായാണ് ഈ വാച്ചിന്റെ കണ്ടെത്തൽ വിലയിരുത്തപ്പെടുന്നത്.
1958 ജനുവരി മൂന്നിനാണ് വെസ്റ്റ് ഇൻഡീസ് ഫെഡറേഷൻ സ്ഥാപിതമായത്. ബ്രിട്ടന്റെ കോളനികളായിരുന്ന കരീബിയനിലെ വിവിധ ദ്വീപുകൾക്കിടയിൽ സ്വയം ഭരണം കൊണ്ടുവരിക എന്നതായിരുന്നു ഫെഡറേഷന്റെ ലക്ഷ്യം. ആന്റിഗ്വ ആന്റ് ബാർബുഡ, ബാർബഡോസ്, ഡൊമിനിക്ക, ഗ്രെനഡ, ജമൈക്ക, മോണ്ട്സെറാറ്റ്, സെന്റ് കിറ്റ്സ്-നെവിസ്-ആൻഗ്വില, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ്, ട്രിനിഡ, ടൊബാഗോ എന്നീ പത്തു പ്രദേശങ്ങൾ ചേർന്നതായിരുന്നു ഫെഡറേഷൻ. ഇതിനുപുറമെ ഗിയാന, ഹോണ്ടുറാസ് എന്നിവ നിരീക്ഷക രാജ്യങ്ങളായിരുന്നു. 1956 ൽ നിലവിൽവന്ന ബ്രിട്ടീഷ് കരീബിയൻ ഫെഡറേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടത്. കനേഡിയൻ കോൺഫെഡറേഷൻ, ഓസ്ട്രേലിയൻ കോമൺവെൽത്ത് തുടങ്ങിയവയ്ക്കു സമാനമായി ബ്രിട്ടനിൽനിന്ന് സ്വതന്ത്രമായി ഒരൊറ്റ രാജ്യമായി മാറുന്ന ഒരു രാഷ്ട്രീയ യൂണിറ്റ് സൃഷ്ടിക്കുക എന്നതായിരുന്നു ഫെഡറേഷന്റെ ഉദ്ദേശ്യം. എന്നാൽ, അത് സംഭവിക്കുന്നതിനുമുമ്പ്, ആഭ്യന്തര രാഷ്ട്രീയസംഘർഷങ്ങൾ മൂലം 1962 മെയ് 31 ന് ഫെഡറേഷൻ തകർന്നു.