അപൂർവവും വിലപിടിപ്പുള്ളതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ കാര്യം വരുമ്പോൾ വൈറ്റ് ട്രഫിൾസ്, കുങ്കുമപ്പൂവ്, സ്പെയിനിൽ നിന്നുള്ള ഐബെറിക്കോ ഹാം, എന്നിവയൊക്കെ ആയിരിക്കും പൊതുവെ നമ്മുടെ മനസ്സിലേക്കു കടന്നുവരിക. എന്നാൽ പാലുൽപന്നങ്ങളിൽ ഏറ്റവും വിലക്കൂടുതലുള്ളത് ഏതിനാണെന്ന് അറിയാമോ? ആ പാല് ലഭ്യമാക്കുന്നത് പശുവോ, ആടോ അല്ല. പുരാതന ഈജിപ്തിലെ രാജ്ഞിയായ ക്ലിയോപാട്ര തന്റെ ചർമത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ ദിവസവും പാലിൽ കുളിച്ചിരുന്നതായി പറയപ്പെടുന്നു. അതും പശുവിന്റെയോ, ആടിന്റേയോ പാലിലല്ല, മറിച്ച് കഴുതപ്പാലിൽ ആയിരുന്നു അവർ കുളിച്ചിരുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. അതെ, കഴുതപ്പാൽ തന്നെയാണ് ഇന്നും ലോകത്തിൽ ഏറ്റവും വിലയുള്ള പാൽ.
കഴുതപ്പാലിന് ആകർഷകമായ നിരവധി ഗുണങ്ങളുണ്ട്. അതുതന്നെയാണ് ഈ പാലിനെ ഇത്രയധികം വിലപിടിപ്പുള്ള ഉൽപന്നമാക്കി മാറ്റിയതും. പശുവിൻപാലിനെക്കാൾ മൃദുവും മധുരമുള്ളതും ക്രീം കുറഞ്ഞതും മികച്ച ഘടനയുള്ളതുമാണ് കഴുതപ്പാൽ. ഇത് കൊഴുപ്പ് കുറഞ്ഞ വിഭവങ്ങൾ പാകം ചെയ്യാൻ അനുയോജ്യമാണ്. കഴുതപ്പാലിൽനിന്ന് ഉണ്ടാക്കുന്ന പ്യൂൾ എന്ന ചീസും വിലപിടിപ്പുള്ളതാണ്.
പോഷകാഹാര വീക്ഷണകോണിൽ നോക്കിയാലും കഴുതയുടെ പാൽ ആകർഷകമാണ്. മറ്റു പാലുകളെ അപേക്ഷിച്ച് ഇതിന് കൊഴുപ്പും കലോറിയും കുറവാണ്. ഉയർന്ന വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. കൂടാതെ, വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടവുമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതും വണ്ണം കുറയ്ക്കുന്നതുമായ ഗുണങ്ങളുമുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞതിനാൽ ഉൽപന്നത്തെ ‘ഫാർമ ഫുഡ്’ എന്ന് ലേബൽ ചെയ്തിട്ടുണ്ട്.
കഴുതപ്പാലിന്റെ പ്രത്യേകത വർധിപ്പിക്കുന്ന മറ്റുചില രസകരമായ വസ്തുത എന്തെന്നാൽ, ഭൂമിയിലെ അറിയപ്പെടുന്ന ഏതൊരു പ്രകൃതിദത്ത പാലിന്റെയും ഘടനയിൽ മനുഷ്യന്റെ മുലപ്പാലിനോട് ഏറ്റവും അടുത്തത് കഴുതപ്പാലാണെന്നതാണ്. മനുഷ്യപ്പാലുമായുള്ള സാമ്യം പശുവിൻപാലിന്റെ പ്രോട്ടീൻ അലർജിയുള്ള കുട്ടികൾക്ക്, ഇത് അറിയപ്പെടുന്ന ഒരു ഓപ്ഷനാക്കി മാറ്റുന്നു.
പശുക്കൾ, ആടുകൾ എന്നിവയെ അപേക്ഷിച്ച് കഴുതകൾ വളരെ കുറഞ്ഞ അളവിലാണ് പാൽ ഉൽപാദിപ്പിക്കുന്നത്. അന്തർലീനമായ ഈ ദൗർലഭ്യം കഴുതപ്പാലിന്റെ വില വർധിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുന്നു. ഇതിന്റെ ലഭ്യത പരിമിതമായതിനാൽ, വിപണിയിൽ ഇതിന് വൻ ആവശ്യകതയുള്ളതാണ് ഇതിന്റെ ഉയർന്ന വിലയ്ക്കു കാരണം.
ആരോഗ്യ, സൗന്ദര്യവർധക വ്യവസായങ്ങൾ കഴുതപ്പാലിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതും വിലവർധനയ്ക്കു കാരണമാണ്. ഈ വ്യവസായങ്ങളിൽനിന്നുള്ള ആവശ്യം കഴുതപ്പാലിന്റെ മൊത്തത്തിലുള്ള വില വർധിപ്പിക്കുകയും ആഡംബരവും വിലയുമുള്ള ഒരു ഇനമായി അതിനെ മാറ്റുകയും ചെയ്തു.
പരിമിതമായ ഉൽപാദനം, ഉൽപാദനത്തിനുള്ള വെല്ലുവിളികൾ, ഉയർന്ന പോഷകാഹാരമൂല്യം, പ്രത്യേക കൃഷിരീതികൾ, സാംസ്കാരിക പ്രാധാന്യം, ആഗോളവിപണിയുടെ ചലനാത്മകത എന്നിവയുടെ സംയോജനത്തിന്റെ ഫലമാണ് കഴുതപ്പാലിന്റെ ഉയർന്ന വില. ഇന്ത്യൻ വിപണിയിൽ ഇതിന് ലിറ്ററിന് അയ്യായിരം രൂപ വരെയാണ് വില!