1831 ൽ പൊട്ടിത്തെറിക്കുകയും പിന്നീട് ഭൂമിയുടെ കാലാവസ്ഥയെ തണുപ്പിക്കുകയും ചെയ്ത അജ്ഞാത അഗ്നിപർവതത്തെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. പൊട്ടിത്തെറി സംഭവിച്ചതിന് ഏകദേശം 195 വർഷങ്ങൾക്കു ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗൂഢ അഗ്നിപർവതം കണ്ടെത്തിയത്. റഷ്യയും ജപ്പാനും അവകാശത്തിന്റെപേരിൽ തർക്കിക്കുന്ന കുരിൽ ദ്വീപുസമൂഹത്തിന്റെ ഭാഗമായ സിമുഷിർ ദ്വീപിലെ സവാരിറ്റ്സ്കി (സവാരിറ്റ്സ്കി എന്നും ഉച്ചരിക്കപ്പെടുന്നു) യിലായിരുന്നു ആ നിഗൂഢ അഗ്നിപർവതം. ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾക്കുമുമ്പ് സാവരിറ്റ്സ്കിയുടെ അവസാനത്തെ അറിയപ്പെടുന്ന പൊട്ടിത്തെറി നടന്നത് ബി. സി. 800 ലായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ അഗ്നിപർവത സ്‌ഫോടനങ്ങളിലൊന്നായിരുന്നു 1831 ൽ നടന്നത്. സ്ഫോടനത്തിന്റെ ഫലമായി സ്ട്രാറ്റോസ്ഫിയറിലേക്ക് വളരെയധികം സൾഫർഡൈ ഓക്സൈഡ് പുറന്തള്ളുകയും വടക്കൻ അർധഗോളത്തിലെ വാർഷിക ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസ് കുറയുകയും ചെയ്തു. ചരിത്രപരമായ ഈ പൊട്ടിത്തെറിയുടെ വർഷം അറിയാമായിരുന്നെങ്കിലും അഗ്നിപർവതത്തിന്റെ സ്ഥാനം ഗവേഷകർക്കുപോലും അജ്ഞാതമായിരുന്നു. എന്നാൽ സൾഫർ ഐസോടോപ്പുകൾ, ചാരത്തരികൾ, 1831 നും 1834 നും ഇടയിൽ നിക്ഷേപിക്കപ്പെട്ട ചെറിയ അഗ്നിപർവത ഗ്ലാസ് കഷണങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ഗ്രീൻലാൻഡിലെ ഐസ്കോറുകൾ സാമ്പിൾ ചെയ്തുകൊണ്ട് ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ ഈ ചരിത്രപരമായ സ്ഫോടനത്തിന്റെ ഉറവിടം കണ്ടെത്താനായി.
ജിയോ കെമിസ്ട്രി, റേഡിയോ ആക്ടീവ് ഡേറ്റിംഗ്, കമ്പ്യൂട്ടർ മോഡലിംഗ് എന്നിവ ഉപയോഗിച്ച് കണങ്ങളുടെ സഞ്ചാരപഥങ്ങൾ മാപ്പ് ചെയ്തതിലൂടെ ശാസ്ത്രജ്ഞർ 1831 ലെ പൊട്ടിത്തെറിയെ വടക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് അഗ്നിപർവതവുമായി ബന്ധിപ്പിച്ചതായി പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു.
“ഭൂമിയിലെ പല അഗ്നിപർവതങ്ങൾക്കും പ്രത്യേകിച്ച് വിദൂരപ്രദേശങ്ങളിലുള്ളവർക്ക് അവയുടെ പൊട്ടിത്തെറിക്കുന്ന ചരിത്രത്തെക്കുറിച്ച് വളരെ മോശമായ ധാരണയുണ്ട്” – യുണൈറ്റഡ് കിംഗ്ഡത്തിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ സ്കൂൾ ഓഫ് എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസസിലെ പ്രിൻസിപ്പൽ റിസർച്ച് ഫെലോ ആയ ഡോ. വില്യം പറയുന്നു.
“ജപ്പാനും റഷ്യയ്ക്കുമിടയിൽ വളരെ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപിലാണ് സവാരിറ്റ്സ്കി നിലനിൽക്കുന്നത്. ആരും അവിടെ താമസിക്കുന്നില്ല, ചരിത്രപരമായ രേഖകൾ ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഈ ദ്വീപുകൾ കടന്നുപോകുന്ന കപ്പലുകളിൽനിന്നുള്ള ഒരുപിടി ഡയറിക്കുറിപ്പുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു” – വില്യം ഒരു ഇമെയിലിൽ സി. എൻ. എന്നിനോടു പറഞ്ഞു.
1831 ലെ പൊട്ടിത്തെറിയെക്കുറിച്ചുള്ള പഠനങ്ങൾ ഫിലിപ്പൈൻസിലെ ബാബിയാൻ ക്ലാരോ അഗ്നിപർവതം പോലുള്ള മധ്യരേഖയോട് അടുത്തുള്ള അഗ്നിപർവതങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം നടത്തിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ സവാരിറ്റ്സ്കി പർവതത്തെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽതന്നെ അതേകുറിച്ച് ആരും ചിന്തിച്ചുമില്ല.
1831 ൽ ഗ്രീൻലാൻഡിലെ ഐസ്കോറുകൾ പരിശോധിച്ചപ്പോൾ, അഗ്നിപർവത പ്രവർത്തനത്തിന്റെ അടയാളമായ സൾഫർ വീഴ്ച അന്റാർട്ടിക്കയെക്കാൾ ആറര മടങ്ങ് കൂടുതലായിരുന്നതായി കണ്ടെത്തി. വടക്കൻ അർധഗോളത്തിലെ മധ്യ അക്ഷാംശ അഗ്നിപർവതത്തിൽ നിന്നുള്ള ഒരു വലിയ പൊട്ടിത്തെറിയായിരുന്നു ഉറവിടമെന്ന് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നുവെന്ന് ഗവേഷകർ റിപ്പോർട്ട് ചെയ്തു.
0.0008 ഇഞ്ച് (0.02 മില്ലിമീറ്റർ) നീളമുള്ള അഗ്നിപർവത ഗ്ലാസിന്റെ കഷണങ്ങളും ചാരവും പഠനസംഘം രാസപരമായി വിശകലനം ചെയ്തു. ശാസ്ത്രജ്ഞർ അവരുടെ ഫലങ്ങളെ അഗ്നിപർവതപ്രദേശങ്ങളിൽ നിന്നുള്ള ജിയോ കെമിക്കൽ ഡാറ്റാസെറ്റുകളുമായി താരതമ്യം ചെയ്തപ്പോൾ, ഏറ്റവും അടുത്ത പൊരുത്തങ്ങൾ ജപ്പാനിലും കുരിൽ ദ്വീപുകളിലുമാണ് കണ്ടെത്താൻ കഴിഞ്ഞത്. പത്തൊൻപതാം നൂറ്റാണ്ടിലെ ജപ്പാനിലെ അഗ്നിപർവതസ്ഫോടനങ്ങൾ നന്നായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 1831 ൽ ഒരു വലിയ പൊട്ടിത്തെറിയുടെ രേഖകളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, മുമ്പ് കുരിൽ ദ്വീപുകളിലെ അഗ്നിപർവതങ്ങൾ സന്ദർശിച്ച സഹപ്രവർത്തകർ സാമ്പിളുകൾ നൽകി. ഇത് ഗവേഷകരെ സാവരിറ്റ്സ്കി കാൽഡെറയുമായി ഒരു ജിയോ കെമിക്കൽ പൊരുത്തത്തിലേക്കു നയിച്ചു. അങ്ങനെ ഒരു കാലഘട്ടത്തെ തണുപ്പിച്ച നിഗൂഢ അഗ്നിപർവതത്തെ കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞു.