മനോഹരമായ ഹിമാലയൻ നിരകളെ മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുണ്ട് ഡാർജിലിംഗിൽ. പ്രകൃതിയെ – തന്റെ പൂർവികരുടെ സ്ഥലങ്ങളെ മനുഷ്യർ ചവറ്റുകുട്ടയാക്കി മാറ്റുന്നതുകണ്ട് മനം നൊന്ത് ആ മനുഷ്യൻ മികച്ച ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ചു. പ്രകൃതിയെ സംരക്ഷിക്കുക, മാലിന്യരഹിതമായ ഹിമാലയൻ നിരകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആ മനുഷ്യനാണ് ഉറ്റ്സോ പ്രധാൻ.
43 കാരനായ ഉറ്റ്സോ പ്രധാൻ 2015 ൽ ഒരു എഡ്ടെക് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് തന്റെ പൂർവീകസ്വത്തിലേക്കു മടങ്ങി. ആ മടക്കത്തിൽ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത് മാലിന്യങ്ങൾ കുന്നുകൂടുന്ന ഭൂമിയായിരുന്നു. “ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ ആ സ്ഥലം ഒരു വലിയ ചവറ്റുകുട്ടയായിരുന്നു. മുനിസിപ്പാലിറ്റി ജീവനക്കാർപോലും ഇവിടെ വന്ന് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു. ഈ പ്രദേശത്തിനു ചുറ്റുമുള്ള മരങ്ങൾ കാരണം ഇത് ആദ്യം അത്ര ദൃശ്യമായിരുന്നില്ല. ചെടികളുടെ ഇടതൂർന്ന വളർച്ചയും ഉണ്ടായിരുന്നു. അന്ന് പ്രശ്നത്തിന്റെ വ്യാപ്തി ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു” – അദ്ദേഹം പറയുന്നു.
പ്രകൃതിയെ ഒരു പാവനസ്ഥലമായി കണക്കാക്കിയിരുന്ന അദ്ദേഹത്തിന് അത് സഹിക്കാൻ കഴിഞ്ഞില്ല. പതിയെ, അദ്ദേഹം തന്റെ പൂർവികഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി. അതിന്റെ ഫലമായി അദ്ദേഹം ‘ടൈഡി’ എന്ന സംഘടന സ്ഥാപിച്ചു. ‘ടേക്ക് ഇറ്റ് ഈസി, ഈസി ഡസ് ഇറ്റ്’ എന്നതിന്റെ ചുരുക്കപ്പേരായിരുന്നു അത്.
“തുടക്കത്തിൽ, ലക്ഷ്യം വളരെ വ്യക്തിപരമായിരുന്നു. പ്രകൃതിദത്ത കെട്ടിടങ്ങൾ സ്വന്തമായി പര്യവേഷണം ചെയ്യാനും സ്വന്തമായി ഭക്ഷണം നിർമിക്കാനും ഞാൻ ആഗ്രഹിച്ചു. എന്നാൽ ഞങ്ങൾ ഈ ആശയവുമായി മുന്നോട്ടുപോകാൻ തുടങ്ങിയപ്പോൾ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നം ഞങ്ങൾ നേരിട്ട് അനുഭവിക്കാൻ തുടങ്ങി. അതോടെ പുതിയ ആശയങ്ങൾക്കായുള്ള തേടലുകൾ ആരംഭിച്ചു. അതിനുശേഷം സ്വയം മാലിന്യ വേർതിരിക്കലും കമ്പോസ്റ്റിംഗ് സൗകര്യങ്ങളുമുള്ള ഒരു ഇക്കോ റിസോർട്ടായി ഈ സ്ഥലം മാറി. ടൈഡി ഏറ്റെടുത്ത വിവിധ സംരംഭങ്ങൾക്ക് സംഭാവന നൽകാൻ അതിഥികൾ പലപ്പോഴും സന്ദർശിക്കുമ്പോൾ അവർക്കായി ചെളിയും മുളയുംകൊണ്ടു നിർമിച്ച കുറച്ച് കോട്ടേജുകൾ കൂടെ ഇവിടെ സ്ഥാപിച്ചു. പതിയെപ്പതിയെ ആണെങ്കിലും മാറ്റങ്ങൾ കണ്ടത്, തന്റെ പ്രവർത്തനങ്ങളെ സ്ഥിരമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ പ്രേരിപ്പിച്ചു” – ഉറ്റ്സോ പ്രധാൻ വെളിപ്പെടുത്തുന്നു.
സൈറ്റിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ എടുക്കുകയും വേർതിരിക്കുകയും ചെയ്താണ് ഉറ്റ്സോ ആരംഭിച്ചത്. എന്നിരുന്നാലും, ആ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. അത് ഇന്നും തുടരുന്നു. “ഞങ്ങൾ മണ്ണിന്റെ അടിയിൽനിന്ന് പ്ലാസ്റ്റിക് എടുക്കാൻ തുടങ്ങി. എട്ടു വർഷമായി, ഞങ്ങൾ ഇപ്പോഴും പ്ലാസ്റ്റിക് എടുക്കുന്നു. ഇവിടെനിന്ന് ഏകദേശം 15,000 ചാക്ക് പ്ലാസ്റ്റിക് നീക്കം ചെയ്തു” – അദ്ദേഹം പറയുന്നു.
ഈ അനുഭവം ഉറ്റ്സോവിൽ ശാശ്വതമായ സ്വാധീനം ചെലുത്തി. താമസിയാതെ അദ്ദേഹം തന്റെ മാലിന്യരഹിത സംരംഭങ്ങൾ അയൽപക്കത്തെ മൂന്ന് ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചു. പ്രവർത്തനം ആരംഭിച്ച് ഏതാനും മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ക്രമേണ ആളുകൾ നിർത്തി. പിന്നീട് ഇത് പല ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.
തന്റെ ടീമിന്റെ സഹായത്തോടെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനോ, പുനരുപയോഗിക്കുന്നതിനോ മുമ്പ് 53 വിഭാഗങ്ങളായി വേർതിരിക്കുന്ന ആകർഷകമായ മാലിന്യസംസ്കരണ സൗകര്യം ഉറ്റ്സോയുടെ നേതൃത്വത്തിൽ പ്രാവർത്തികമാക്കാൻ ഇവർക്ക് കഴിഞ്ഞു.