Monday, January 20, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 12

ഈഫൽ ടവറിൽനിന്ന് ആദ്യ ദീർഘദൂര റേഡിയോ സന്ദേശം അയച്ചത് 1908 ജനുവരി 12 നായിരുന്നു. പാരീസിൽ നിന്ന് അമേരിക്കയിലെ വൈറ്റ് ഹൗസിലേക്കാണ് സന്ദേശമയച്ചത്. ശാസ്ത്രജ്ഞനായ ലീ ഫോറസ്റ്റായിരുന്നു ഈ ഉദ്യമത്തിനു പിന്നിൽ. വൈറ്റ്ഹൗസിലുണ്ടായിരുന്ന 50 പേരടങ്ങുന്ന സംഘമാണ് ഈ റേഡിയോ സന്ദേശം ശ്രവിച്ചത്. 1889 ൽ ഉദ്ഘാടനം ചെയ്ത അന്നുമുതൽ ഈഫൽ ടവർ റേഡിയോ പ്രക്ഷേപണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ടവർ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

മഹാത്മാഗാന്ധി അവസാനത്തെ സത്യഗ്രഹസമരം പ്രഖ്യാപിച്ചത് 1948 ജനുവരി 12 നായിരുന്നു. അന്ന് വൈകുന്നേരത്തെ പ്രതിദിന പ്രാർഥനായോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വളരെ അടുത്ത സുഹൃത്തുക്കൾപോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. വളരെ പെട്ടെന്നുതന്നെ ജനശ്രദ്ധയിലെത്തിയ ഈ തീരുമാനത്തിനെതിരെ അദ്ദേഹത്തിന്റെ മകൻ ദേവദാസ് തന്നെ രംഗത്തെത്തി. വളരെ തിടുക്കത്തിലെടുത്ത തീരുമാനമാണിത് എന്നായിരുന്നു ദേവദാസിന്റെ പക്ഷം. എന്നാൽ, താൻ ഇത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും അറിയിച്ച ഗാന്ധി തൊട്ടടുത്ത ദിവസം തന്നെ ഉപവാസ സമരം ആരംഭിച്ചു. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഉടലെടുത്ത വർഗീയ കലാപങ്ങൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ സമരം. ജനുവരി 18 നാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.

കരീബീയൻ രാജ്യമായ ഹെയ്തിയിൽ വൻ നാശനഷ്ടം വിതച്ച ഭൂകമ്പമുണ്ടായത് 2010 ജനുവരി 12 നായിരുന്നു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേരാണ് മരിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4.53ന് തലസ്ഥാന നഗരിയായ പോർട്ടോ പ്രിൻസിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഒരു പ്രദേശത്തെയാകെ കീഴ്മേൽ മറിച്ച ഭൂകമ്പത്തിന് തൊട്ടുപുറകെ നിരവധി തുടർ ചലനങ്ങളുമുണ്ടായി. മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടര ലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തിൽ നശിച്ചതായാണ് കണക്കുകൾ. രാഷ്ട്രപതിയുടെ കൊട്ടാരം, നാഷനൽ അസംബ്ലി കെട്ടിടം, പോർട്ടോ പ്രിൻസ് കത്തീഡ്രൽ, മുഖ്യജയിൽ എന്നിവയുൾപ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങൾ ഇവയിലുൾപ്പെടും. ഈ പ്രദേശത്തുള്ള എല്ലാ ആശുപത്രികളും തകർന്നടിഞ്ഞത് മരണസംഖ്യ വർധിക്കാൻ കാരണമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News