അഫ്ഗാനിസ്ഥാനില്‍ ചുരുക്കം ചില പ്രവിശ്യകളിലൊഴികെ മറ്റെല്ലായിടത്തും ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചിടാന്‍ താലിബാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ രാജ്യത്ത്, പലയിടത്തും താലിബാനെതിരെയുള്ള ചെറുതും എന്നാല്‍ ശക്തവുമായ ധിക്കാര നടപടിയുടെ ഭാഗമായി ‘രഹസ്യ സ്‌കൂളുകള്‍’ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരു ഡസനോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഒരു കണക്ക് ക്ലാസില്‍ പങ്കെടുക്കുകയാണ്. ‘ഭീഷണികളെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അവയെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഏത് അപകടസാധ്യതയും തരണം ചെയ്യേണ്ടത്ര അത്യാവശ്യമാണ്’. ആ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക പറയുന്നു.
ഒരു രഹസ്യ സ്‌കൂളില്‍, നീലയും വെള്ളയും നിറത്തിലുള്ള ഡെസ്‌ക്കുകളുള്ള ഒരു യഥാര്‍ത്ഥ ക്ലാസ്റൂം പകര്‍ത്താന്‍ ശ്രമിച്ചിരിക്കുന്നതായി കാണാം. കുട്ടികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷം കൂടി അനുഭവിക്കാന്‍ സാധിക്കുന്നതിനാണ് ഇത്.
‘ഇത് പരമാവധി രഹസ്യമായി ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. എങ്കിലും എന്നെങ്കിലും അവര്‍ എന്നെ അറസ്റ്റ് ചെയ്താലും എന്നെ തല്ലിക്കൊന്നാലും കുഴപ്പമില്ല. കാരണം അതിനേക്കാള്‍ വിലയുള്ളതാണ് ഈ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നു ഞാന്‍ കരുതുന്നു’. ഒരു വനിതാ അധ്യാപിക പറയുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍, പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുവാദം ലഭിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തി ഒരു മണിക്കൂറിന് ശേഷം താലിബാന്‍ നേതൃത്വം നയം മാറ്റി, സ്‌കൂളുകള്‍ വീണ്ടും പൂട്ടി. രഹസ്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് പല പെണ്‍കുട്ടികള്‍ക്കും ഇപ്പോഴും അതിന്റെ ദുഖം മാറിയിട്ടില്ല.
‘അതു കഴിഞ്ഞ് രണ്ട് മാസമായിട്ടും, ഇപ്പോഴും സ്‌കൂളുകള്‍ തുറന്നിട്ടില്ല. ഇത് എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു’. താല്‍ക്കാലിക ക്ലാസ് മുറിയില്‍ പഠിക്കുന്ന ഒരു 19 കാരി പെണ്‍കുട്ടി കണ്ണുനീരോടെ പറഞ്ഞു.
താലിബാന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്കായി പ്രൈമറി സ്‌കൂളുകള്‍ വീണ്ടും തുറന്നിട്ടുണ്ട്. സ്‌കൂളുകളില്‍ ഹാജരിലും വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ പ്രായമായ പെണ്‍കുട്ടികളെ എപ്പോള്‍ ക്ലാസിലേക്ക് തിരികെ എത്താന്‍ അനുവദിക്കുമെന്ന് വ്യക്തമല്ല.
1990-കളില്‍ അവര്‍ അധികാരത്തിലിരുന്ന കാലത്ത്, ‘സുരക്ഷാ ആശങ്കകള്‍’ കാരണമാണ് എല്ലാ പെണ്‍കുട്ടികളും സ്‌കൂളില്‍ പോകുന്നത് തടഞ്ഞത്. ശരിയായ ‘ഇസ്ലാമിക അന്തരീക്ഷം’ ആദ്യം സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് സ്‌കൂള്‍ അടയ്ക്കാന്‍ കാരണമായി ഇത്തവണ താലിബാന്‍ പറഞ്ഞത്. സ്‌കൂളുകള്‍ ഇതിനകം തന്നെ ലിംഗഭേദം കൊണ്ട് വേര്‍തിരിച്ചിട്ടുണ്ടെങ്കിലും അവരുടെ പുതിയ നയത്തിന്റെ അര്‍ത്ഥമെന്താണെന്ന് ആര്‍ക്കും അറിയില്ല.
ചില താലിബാന്‍ അംഗങ്ങള്‍ പോലും രഹസ്യമായി പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കാത്ത തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. ചില മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥര്‍ അവരുടെ പെണ്‍മക്കളെ ഖത്തറിലോ പാക്കിസ്ഥാനിലോ പഠിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. താലിബാനുമായി ബന്ധമുള്ള നിരവധി മതപണ്ഡിതര്‍ പെണ്‍കുട്ടികളുടെ പഠിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന പ്രസ്താവനകളും മതപരമായ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വലിയ അനുയായികളുള്ള ഒരു താലിബാന്‍ അംഗം, ഗേള്‍സ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ജീവനക്കാരുടെ താടി വളര്‍ത്താന്‍ ഉത്തരവിടുന്ന പുതിയ നിയമങ്ങളെക്കുറിച്ചും വിമര്‍ശനാത്മകമായി ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ താലിബാന്‍ രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിച്ചതിനുശേഷം അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ ഇല്ലാതാക്കുകയും താടിയെക്കുറിച്ചുള്ള തന്റെ മുന്‍ അഭിപ്രായങ്ങളില്‍ ക്ഷമ ചോദിപ്പിക്കുകയും ചെയ്തു.
താലിബാനാല്‍ ആദരിക്കപ്പെടുന്ന അഫ്ഗാന്‍ മതപണ്ഡിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി കഴിഞ്ഞ മാസം കാബൂളിലേക്കുള്ള ഒരു യാത്രയില്‍ അവരുടെ സര്‍ക്കാരിലെ മുതിര്‍ന്ന വ്യക്തികളെ കണ്ടിരുന്നു. സ്ത്രീവിദ്യാഭ്യാസം അനുവദനീയമല്ലെന്ന് പറയാന്‍ ശരിയത്ത് നിയമത്തില്‍ ഒരു ന്യായീകരണവുമില്ലെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ഹെറാത്ത്, പക്തിയ പ്രവിശ്യകളിലെ പുരോഹിതന്മാരും സമാനമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇപ്പോള്‍ രാജ്യത്ത് എത്ര വ്യാപകമായ പിന്തുണയുണ്ട് എന്നതിന്റെ പ്രതീകമാണിത്. എന്നാല്‍ ഇവയെല്ലാം എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന് വ്യക്തമല്ല.
വിഷയം പരിശോധിക്കാന്‍ താലിബാന്‍ ഇപ്പോള്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പക്ഷേ അതും വിമര്‍ശകരുടെ വായടയ്ക്കാന്‍ മാത്രമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് സാധാരണ സ്‌കൂളുകള്‍ തുറക്കാന്‍ താലിബാന്‍ അനുവാദം നല്‍കുന്നത് കാത്തുനില്‍ക്കാതെ രഹസ്യസ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
അഫ്ഗാന്‍ സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകരാണ് ഇത്തരം രഹസ്യ സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. രഹസ്യ സ്‌കൂളില്‍, അവര്‍ കണക്ക്, ജീവശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിദിനം ഒന്നോ രണ്ടോ മണിക്കൂര്‍ ക്ലാസുകള്‍ എടുക്കുന്നു.
ഇത്തരം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ടെന്ന് അധ്യാപകര്‍ക്ക് അറിയാം. എന്നാല്‍ സ്ഥലത്തിന്റെയും വിഭവങ്ങളുടെയും അഭാവവും സുരക്ഷാ പ്രശ്‌നങ്ങളും അവരെ പരിമിതപ്പെടുത്തുന്നു.
‘വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ എന്ന നിലയില്‍ ഇത് എന്റെ കടമയാണ്. വിദ്യാഭ്യാസത്തിന് ഈ ഇരുട്ടില്‍ നിന്ന് ഞങ്ങളെ രക്ഷിക്കാനാകും’. രഹസ്യ സ്‌കൂളില്‍ ക്ലാസ് എടുക്കുന്ന ഒരു അധ്യാപിക പറയുന്നു.