Thursday, May 15, 2025

ചരിത്രത്തിൽ ഈ ദിനം: ജനുവരി 15

ബാസ്കറ്റ് ബോളിന്റെ നിയമങ്ങൾ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 1892 ജനുവരി 15 നായിരുന്നു. മറ്റെല്ലാ കായികയിനങ്ങളും കാലങ്ങളായി നിലനിന്നിരുന്ന കളികളെ നിയതമായ രൂപത്തിലേക്ക് മാറ്റിയെടുത്തതാണെങ്കിൽ ബാസ്കറ്റ് ബോൾ ഒരു മനുഷ്യന്റെ കണ്ടെത്തലാണ്. മസാച്യുസെറ്റ്സിലെ വൈ. എം. സി. എ. ട്രെയിനിംഗ് സ്കൂളിൽ കായികാധ്യാകനായിരുന്ന ഡോ. ജെയിംസ് നയിസ്മിത്താണ് ബാസ്കറ്റ് ബോൾ ഗെയിം വികസിപ്പിച്ചെടുത്തത്. ഇൻഡോർ കോർട്ടിൽ കളിക്കാവുന്നതും പഠിക്കാൻ എളുപ്പമുള്ളതുമായ ഒരു കായികയിനം കണ്ടെത്താനുള്ള പ്രിൻസിപ്പാളിന്റെ നിർദേശാനുസരണമായിരുന്നു അദ്ദേഹം ബാസ്കറ്റ് ബോൾ കളി വികസിപ്പിച്ചതും അതിന്റെ നിയമങ്ങൾ തയ്യാറാക്കിയതും. 13 നിയമങ്ങളാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട് ഈ നിയമങ്ങൾ പരിഷ്കരിക്കപ്പെട്ടു. ഒൻപതു പേർ അടങ്ങുന്നതായിരുന്നു ആദ്യ ടീം. 1895 ലാണ് ഫ്രീ ത്രോ ഉൾപ്പെടുത്തിയത്. 1901 ലാണ് ഡ്രിബ്ലിംഗ് കളിയുടെ ഭാഗമായത്.

സ്വതന്ത്ര ഇന്ത്യയുടെ സൈനിക തലവനായി ഒരു ഇന്ത്യക്കാരൻ ആദ്യമായി നിയമിക്കപ്പെട്ടത് 1949 ജനുവരി 15 നായിരുന്നു. ലഫ്റ്റനന്റ് ജനറലായിരുന്ന കെ. എം. കരിയപ്പയാണ് അന്ന് ആദ്യ സൈനിക തലവനായി ചുമതലയേറ്റത്. 1895 ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമി സ്ഥാപിതമായതുമുതൽ ബ്രിട്ടീഷുകാർ തന്നെയായിരുന്നു സൈന്യത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡർ ഇൻ ചീഫ്, ജനറൽ ഫ്രാൻസിസ് ബുച്ചറിൽ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനമേറ്റെടുത്തത്. 1919 ൽ സൈന്യത്തിൽ ചേർന്ന കരിയപ്പ, ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഒരു ബറ്റാലിയന്റെ കമാൻഡറായി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനുമായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ സുപ്രധാന അധികാര കൈമാറ്റം നടന്ന ഈ ദിവസത്തെ ദേശീയ കരസേനാദിനമായാണ് ആചരിക്കുന്നത്.

ഇന്റർനെറ്റ് അധിഷ്ഠിത സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചത് 2001 ജനുവരി 15 നായിരുന്നു. 2000 മാർച്ച് മാസത്തിൽ ജിമ്മി വെയിൽസ് ആരംഭിച്ച ന്യൂപീഡിയയിൽ നിന്നാണ് വിക്കിപീഡിയയുടെ ഉത്ഭവം. ലാരി സാംഗറായിരുന്നു ന്യൂപീഡിയയുടെ എഡിറ്റർ ഇൻ ചീഫ്. സാധാരണ വിജ്ഞാനകോശങ്ങളെപ്പോലെ ഒരു വിദഗ്ദ്ധ സമിതിയുടെ ദീർഘമായ പഠനത്തിനും അവലോകനങ്ങൾക്കും ശേഷം മാത്രമാണ് ന്യൂപീഡിയയിലേക്ക് ലേഖനങ്ങൾ തയ്യാറാക്കിയിരുന്നത്. 2001 ജനുവരി ആയപ്പോഴേക്കും കേവലം രണ്ടു ഡസൻ ലേഖനങ്ങൾ മാത്രമാണ് അത്തരത്തിൽ പൂർത്തീകരിക്കാനായത്. ഈ സാഹചര്യത്തിൽ ലാരി സാംഗറിന്റെ നിർദേശപ്രകാരമാണ് ന്യൂപീഡിയയുടെ ഭാഗമായി ഒരു ഓപ്പൺ സോഴ്സ് വിജ്ഞാനകോശമായി ജനുവരി 15 ന് വിക്കീപീഡിയ ആരംഭിച്ചത്. എന്നാൽ വിദഗ്ദ്ധ സമിതിയുടെ എതിർപ്പിനെതുടർന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം വിക്കീപീഡിയയെ ഒരു സ്വതന്ത്ര വെബ്സൈറ്റാക്കി മാറ്റി. ഒരുവർഷത്തിനുള്ളിൽ തന്നെ 18 ഭാഷകളിലായി ഇരുപതിനായിരത്തിലധികം ലേഖനങ്ങൾ വിക്കീപീഡിയയിൽ പ്രസിദ്ധീകരിച്ചു. 2003 ൽ ന്യൂപീഡിയയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും അതിലെ ലേഖനങ്ങൾ വിക്കീപീഡിയയിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് നിരവധി ഭാഷകളിൽ ലക്ഷക്കണക്കിന് ലേഖനങ്ങൾ വിക്കീപീഡിയയിൽ ലഭ്യമാണ്.

Latest News