2025 ലെ ഓപ്പൺ ഡോർസിന്റെ ആഗോള ക്രൈസ്തവപീഡനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അതിൽ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ ലോകത്തിലെ 50 രാജ്യങ്ങളുടെ പട്ടിക ഉൾപ്പെടുന്നു.
ആഗോളതലത്തിൽ ക്രൈസ്തവർ പീഡനങ്ങൾ അനുഭവിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഉത്തര കൊറിയ ആണ്. ഉത്തര കൊറിയയിൽ ക്രിസ്ത്യാനിയായി ജീവിക്കാൻ അനുവാദമില്ലെങ്കിലും രാജ്യത്ത് നാലു ലക്ഷം പേരെങ്കിലും രഹസ്യമായി ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നുണ്ട്. ക്രിസ്ത്യാനികളിൽ 50,000 നും 70,000 നമിടയിൽ ആളുകൾ നിർബന്ധിത ലേബർ ക്യാമ്പുകളിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. അവരിൽ പലരും സ്വന്തം കുടുംബങ്ങളാൽ ഒറ്റിക്കൊടുക്കപ്പെട്ടവരാണ്.
സൊമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്. ക്യൂബ (26), നിക്കരാഗ്വ (30), മെക്സിക്കോ (31), കൊളംബിയ (46) എന്നീ നാല് ലാറ്റിനമേരിക്കൻ രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. 2023 ഒക്ടോബർ ഒന്നിനും 2024 സെപ്റ്റംബർ 30 നുമിടയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട്.
ഓപ്പൺ ഡോർസ് കണക്കുകൾപ്രകാരം, യേശുവിലുള്ള വിശ്വാസം നിമിത്തം ഏകദേശം 4500 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. കുറഞ്ഞത് 4700 പേരെങ്കിലും വിചാരണ കൂടാതെ തടവിലാക്കപ്പെട്ടു. 40,000 ത്തിലധികം പേർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ടു. ലോകത്ത് ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന കൊലപാതകങ്ങളിൽ 69 ശതമാനത്തിലധികവും നടക്കുന്നത് നൈജീരിയയിലാണ്.
ഏകദേശം 7700 പള്ളികളും മറ്റ് ക്രിസ്ത്യൻ സ്ഥാപനങ്ങളും സ്വത്തുക്കളും ആക്രമിക്കപ്പെട്ടു. ഏകദേശം 1,40,000 ക്രിസ്ത്യാനികൾ പീഡനത്തെ തുടർന്ന് അവരുടെ വീടോ, ജന്മദേശമോ ഉപേക്ഷിക്കാൻ നിർബന്ധിതരായി. നിലവിൽ, കുറഞ്ഞത് 380 ദശലക്ഷം ആളുകളെങ്കിലും അവരുടെ വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുന്നുവെന്ന് സംഘടന റിപ്പോർട്ട് ചെയ്യുന്നു. ഏഴ് ക്രിസ്ത്യാനികളിൽ ഒരാൾ അക്രമവും വിവേചനവും പീഡനവും അനുഭവിക്കുന്നു. മധ്യേഷ്യൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.