ജർമൻ കാർ നിർമാതാക്കളായ ഒപെൽ കമ്പനി ആരംഭിച്ചത് 1862 ജനുവരി 21 നായിരുന്നു. ആദം ഒപെൽ എന്ന ആളാണ് കമ്പനിയുടെ സ്ഥാപകൻ. റുസൈൽസ്ഹൈമിലെ ഒരു ഗോശാലയിൽ തുന്നൽ മെഷീൻ നിർമിക്കുന്ന കമ്പനിയായാണ് ഒപെൽ ആരംഭിച്ചത്. ഈ വ്യവസായം വിജയിച്ചതോടെ 1886 ൽ ഒപെൽ, സൈക്കിൾ നിർമാണത്തിലേക്കുകൂടി കടന്നു. 1895 ൽ ആദം ഒപെൽ മരിക്കുമ്പോൾ കമ്പനി തുന്നൽ മെഷീൻ, സൈക്കിൾ എന്നിവയുടെ നിർമാണത്തിൽ രാജ്യത്തുതന്നെ ഏറ്റവും മുൻപന്തിയിലായിരുന്നു. 1899 ലാണ് കമ്പനി കാർ നിർമാണത്തിലേക്കു തിരിഞ്ഞത്. രണ്ടുതവണ മറ്റു കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ കാറുകൾ നിർമിച്ചെങ്കിലും അവ വിജയകരമായിരുന്നില്ല. 1909 ൽ ഒപെൽ പുറത്തിറക്കിയ ഡോക്ടർവാഗനാണ് വിജയകരമായി വിറ്റഴിക്കപ്പെട്ട ആദ്യ കാർ. 1914 ആയപ്പോഴേക്കും ഏറ്റവും വലിയ ജർമൻ കാർ നിർമാതാക്കളായി ഒപെൽ മാറി.
മണിപ്പൂർ, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ നിലവിൽവന്നത് 1972 ജനുവരി 21 നായിരുന്നു. 1971 ലെ നോർത്ത് ഈസ്റ്റേൺ ഏരിയാസ് റീ ഓർഗനൈസേഷൻ നിയമപ്രകാരമാണ് സംസ്ഥാനങ്ങൾ രൂപീകരിക്കപ്പെട്ടത്. മണിപ്പൂർ, ത്രിപുര എന്നിവ 1949 ൽ ഇന്ത്യയോട് ചേർക്കപ്പെട്ട നാട്ടുരാജ്യങ്ങളും, മേഘാലയ ആസാമിന്റെ ഭാഗവുമായിരുന്നു. സംസ്ഥാനപദവി ലഭിക്കുന്നതിനു മുമ്പുവരെ മണിപ്പൂരും ത്രിപുരയും കേന്ദ്രഭരണപ്രദേശങ്ങളായിരുന്നു.
ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി, പുതുതായി നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്കു മാറ്റിസ്ഥാപിച്ചത് 2022 ജനുവരി 21 നായിരുന്നു. അമ്പതു വർഷങ്ങൾ ഇന്ത്യാ ഗേറ്റിൽ ജ്വലിച്ചുനിന്നിരുന്ന ജ്യോതിയാണ് മാറ്റിസ്ഥാപിച്ചത്. 1971 ലെ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയ്ക്കുവേണ്ടി വീരചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്ത്യാ ഗേറ്റിൽ ഒരിക്കലും അണയാത്ത ജ്യോതി സ്ഥാപിച്ചത്. 1971 ലെ റിപ്പബ്ലിക് ദിനത്തിലാണ് ഇത് ആദ്യമായി തെളിയിച്ചത്. ഈ ജ്യോതിയാണ് പുതുതായി നിർമിച്ച യുദ്ധസ്മാരകത്തിലേക്കു മാറ്റിയത്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർമാർഷൽ ബാലഭദ്ര രാധാകൃഷ്ണയാണ് അമർ ജവാൻ ജ്യോതിയെ 400 വാര മാത്രം അകലെയുള്ള നാഷണൽ വാർ മെമ്മോറിയലിലേക്ക് മാറ്റിസ്ഥാപിച്ചത്.