ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഫ്രഞ്ച് താൽപര്യങ്ങൾ പരാജയപ്പെടുത്തിയ വാണ്ടിവാഷ് യുദ്ധം നടന്നത് 1760 ജനുവരി 22 നായിരുന്നു. യൂറോപ്പിലെ സപ്തവത്സര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധമാണിത്. ബ്രിട്ടനും ഫ്രാൻസും തമിഴ്നാട്ടിലെ വന്തവാശിയിൽ വച്ചാണ് ഏറ്റുമുട്ടിയത്. കടൽമാർഗമുള്ള സഹായങ്ങൾ നിലച്ചതോടെ പ്രതിസന്ധിയിലായ ഫ്രഞ്ച് സൈന്യം പോണ്ടിച്ചേരിക്കടുത്തുള്ള വാണ്ടിവാഷ് കോട്ട പിടിച്ചെടുക്കാൻ ശ്രമം നടത്തി. ബ്രിട്ടീഷുകാരോട് എതിർത്തുനിൽക്കാൻ കഴിയാതെ ഫ്രഞ്ച് സൈന്യം പോണ്ടിച്ചേരിയിലേക്ക് പിൻവലിഞ്ഞതോടെയാണ് യുദ്ധം അവസാനിച്ചത്.
ഏറ്റവും വേഗത്തിൽ ഒരു പ്രദേശത്തെ താപനില വ്യത്യാസപ്പെട്ട അപൂർവ പ്രതിഭാസമുണ്ടായത് 1943 ജനുവരി 22 നായിരുന്നു. സൗത്ത് ഡക്കോട്ടയിലെ സ്പിയർഫിഷ്, ലീഡ്, റാപ്പിഡ് സിറ്റി എന്നീ സ്ഥലങ്ങളിലായിരുന്നു സംഭവം. ഏഴരയ്ക്കായിരുന്നു അന്നത്തെ സൂര്യോദയം. സൂര്യനുദിച്ചുയരുന്ന സമയത്ത് -4 ഡിഗ്രി ഫാരൻഹീറ്റായിരുന്നു പ്രദേശത്തെ താപനില. എന്നാൽ 07.32 ന്, കേവലം രണ്ട് മിനിറ്റുകൾക്കുശേഷം തെർമോ മീറ്ററിൽ രേഖപ്പെടുത്തിയത് 45 ഡിഗ്രി ഫാരൻ ഹീറ്റായിരുന്നു. 49 ഡിഗ്രിയുടെ വ്യത്യാസമാണ് രണ്ടു മിനിറ്റുകൾക്കുള്ളിൽ ഉണ്ടായത്. 09.00 മണിയായപ്പോഴേക്കും 54 ഡിഗ്രിയിലേക്കുയർന്ന താപനില പിന്നീട് 27 മിനിറ്റുകൾക്കുശേഷം വീണ്ടും -4 ലേക്ക് താഴ്ന്നു. തുടർന്നും താപനിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ആ ദിവസം ഉണ്ടായി.
ഇന്ത്യയിൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി ആരംഭിച്ചത് 2015 ജനുവരി 22 നായിരുന്നു. പെൺകുട്ടികളുടെ സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് കേന്ദ്രസർക്കാരാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശിശു ലിംഗാനുപാതത്തിലെ വ്യത്യാസം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ അനുപാതം കുറഞ്ഞ നൂറു ജില്ലകളിലാണ് ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ആദ്യം നടപ്പാക്കിയത്. ഇതിനോടനുബന്ധിച്ച് ആരംഭിച്ചതാണ് ‘സുകന്യ സമൃദ്ധി യോജന പദ്ധതി.’ ഇതിന്റെ ഭാഗമായി പത്തു വയസ്സിൽ താഴെയുള്ള പെൺമക്കളുടെ പേരിൽ പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും 250 രൂപ നിക്ഷേപത്തിൽ അക്കൗണ്ട് തുടങ്ങാം. നിക്ഷേപം ഒന്നര ലക്ഷം രൂപ വരെയാകാം.