അഡോൾഫ് ഹിറ്റ്ലർ ജർമനിയുടെ ചാൻസലറായി ചുമതലയേറ്റത് 1933 ജനുവരി 30 നായിരുന്നു. സൈന്യത്തിൽ സേവനം ചെയ്തിരുന്ന ഹിറ്റ്ലർ ജർമൻ വർക്കേഴ്സ് പാർട്ടിയുടെ നേതാവായതോടെയാണ് അധികാരത്തിലേക്കുള്ള വഴിതെളിഞ്ഞത്. 1923 ൽ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും ഹിറ്റ്ലർ ജയിലിലാവുകയും ചെയ്തു. ജനാഭിപ്രായത്തെ തുടർന്ന് ജയിൽമോചിതനായ അദ്ദേഹത്തിന്റെ ജനപിന്തുണ വർധിച്ചു. തുടർന്ന് നടന്ന പല തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയസ്ഥിരതയുണ്ടാക്കാൻ മാറിമാറി വന്ന സർക്കാരുകൾക്ക് കഴിയാതെപോയ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ഹിൻഡൻബർഗ് ഹിറ്റ്ലറെ പ്രധാനമന്ത്രിസ്ഥാനത്തേക്കു ക്ഷണിച്ചത്. അങ്ങനെ 1933 ജനുവരി 30 ന് അദ്ദേഹം ജർമനിയുടെ ചാൻസലറായി. പിന്നീട് ഭരണഘടനാ ഭേദഗതിയിലൂടെ ജർമനിയുടെ സർവാധിപതിയും, 1934 ൽ പ്രസിഡന്റ് ഹിൻഡർബർഗ് മരിച്ചതോടെ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അധികാരം സംയോജിപ്പിച്ച് ഫ്യൂററുമായി (Fuhrer) മാറി.
1948 ജനുവരി 30 നാണ് മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. നാഥുറാം ഗോഡ്സെയാണ് ഗാന്ധിജിക്കുനേരെ നിറയൊഴിച്ചത്. ഡൽഹിയിലെ ബിർല ഹൗസിൽ ഒരു സായാഹ്നപ്രാർഥനയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. പതിവായി വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിക്കുന്ന പ്രാർഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണം നീണ്ടുപോയതിനാൽ അന്ന് വൈകിയാണ് ആരംഭിച്ചത്. അഞ്ചുമണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമപ്പെടുത്തിയത്. ഉടനെതന്നെ പ്രാർഥനയ്ക്കായി ഗാന്ധിജി പുറപ്പെട്ടു. ജനങ്ങൾ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ നടന്ന് വേദിയിലേക്കു പോകുന്നവഴി ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്സെ ഗാന്ധിജിയെ വന്ദിച്ചുകൊണ്ട് കുനിഞ്ഞു. ഗാന്ധിജിയുടെ പാദം ചുംബിക്കാൻ തുടങ്ങുകയാണെന്നു വിചാരിച്ച് മനു ഗോഡ്സെയെ വിലക്കി. എന്നാൽ, ഇടതുകൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയിലിരുന്ന പിസ്റ്റൾകൊണ്ട് ഗോഡ്സെ മൂന്നുതവണ വെടിയുതർത്തു. മൂന്ന് വെടിയുണ്ടകളും ഗാന്ധിജിയുടെ നെഞ്ചിൽ തുളച്ചുകയറി. ഗാന്ധിജി കൊല്ലപ്പെട്ട ഈ ദിനം രക്തസാക്ഷിദിനമായി ആചരിക്കുന്നു.
പ്രശസ്ത സംഗീത ബാന്റായിരുന്ന ബീറ്റിൽസ് അവരുടെ അവസാന ഷോ നടത്തിയത് 1969 ജനുവരി 30 നായിരുന്നു. സെൻട്രൽ ലണ്ടനിലെ ആപ്പിൾ ഓഫീസ് കെട്ടിടത്തിന്റെ ടെറസിലായിരുന്നു അവസാന പെർഫോമൻസ്. പലർക്കും അത് ബീറ്റിൽസിന്റെ പെർഫോമൻസാണെന്ന് മനസ്സിലായതുപോലുമില്ല. കാരണം അവർക്ക് പരിചിതരും ബീറ്റിൽസിലെ പ്രശസ്തരുമായ നാലുപേരുടെ സാന്നിധ്യം അന്നത്തെ ഷോയിൽ ഉണ്ടായിരുന്നില്ല. അവർ ആലപിച്ചത് ബീറ്റിൽസിന്റെ പ്രശസ്തമായ ഗാനങ്ങളുമായിരുന്നില്ല. 1966 ആഗസ്റ്റ് 29 നുശേഷം ബീറ്റിൽസിന്റെ ലൈവ് ഷോകൾ നടന്നിരുന്നില്ല. പ്രവർത്തനം നിലച്ച ബാന്റിന് ഔദ്യോഗിക അന്ത്യം കുറിക്കാനാണ് 1969 ജനുവരി 30 ന് അവർ അവസാന ഷോ നടത്തിയത്.