ആദ്യമായി ഒരു ചിമ്പാൻസിയെ ബഹിരാകാശത്തേക്ക് അയച്ചത് 1961 ജനുവരി 31 നായിരുന്നു. ഹാം എന്നായിരുന്നു മൂന്നര വയസ്സുണ്ടായിരുന്ന ആ ചിമ്പാൻസിയുടെ പേര്. അതുവരെ ചാങ് എന്നറിയപ്പെട്ടിരുന്ന ചിമ്പാൻസിക്ക് ബഹിരാകാശ യാത്രയോടനുബന്ധിച്ചാണ് ഈ പേര് നൽകിയത്. ഹോളോമാൻ എയ്റോ മെഡിക്കൽ എന്നതിന്റെ ചുരുക്കരൂപമായിരുന്നു ഹാം. മറ്റ് രണ്ട് ചിമ്പാൻസികളോടൊപ്പം ഹാമിന് ബഹിരാകാശ യാത്രയ്ക്കുവേണ്ട പരിശീലനങ്ങൾ നൽകി. ഒരുപാട് സമയം കസേരയിലിരിക്കാനും ചില സൂചനകൾക്കനുസരിച്ച് നിശ്ചിത ലിവറുകൾ പ്രവർത്തിപ്പിക്കാനും 18 മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെ ഹാം അഭ്യസിച്ചു. ഒടുവിൽ 1961 ജനുവരി 31 ന് കേപ്പ് കനാവെറലിലെ വിക്ഷേപണകേന്ദ്രത്തിൽനിന്ന് ഹാം ബഹിരാകാശത്തേക്ക് പറന്നുയർന്നു. ഭൂമിയിൽ നിന്ന് 157 മൈൽ ഉയരത്തിലെത്തിയശേഷം പതിനാറര മണിക്കൂർ കഴിഞ്ഞ് ഹാമിനെ വഹിച്ചുകൊണ്ടുള്ള പേടകം ഭൂമിയിൽ തിരിച്ചിറങ്ങി.
ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് 1992 ജനുവരി 31 നായിരുന്നു. 1990 ലെ ദേശീയ വനിതാ കമ്മീഷൻ നിയമപ്രകാരമാണ് ഈ സമിതി സ്ഥാപിക്കപ്പെട്ടത്. മെയ് മാസത്തിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിന് ഓഗസ്റ്റ് അവസാനമാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത്. ജയന്തി പട്നായിക്കായിരുന്നു ആദ്യ ചെയർപേഴ്സൺ. ഭരണഘടനാപരവും നിമയപരവുമായ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ബദൽ നിയമനിർമ്മാണ നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക, പരാതികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക, സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും സർക്കാരിന് ഉപദേശം നൽകുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകൾ.
ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി പുറത്തുവന്നത് 2020 ജനുവരി 31 നായിരുന്നു. 27 രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക, വ്യാപാരകൂട്ടായ്മയാണ് യൂറോപ്യൻ യൂണിയൻ. ബ്രസൽസ് കേന്ദ്രമായ യൂറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളും നിബന്ധനകളും നിയമനിർമ്മാണത്തിനും ഭരിക്കാനുമുള്ള ബ്രിട്ടീഷ് പാർലമെന്റിന്റെയും പൗരന്മാരുടെയും അവകാശത്തിലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. യു. കെ. യുടെ സ്വത്ത് യൂറോപ്യൻ യൂണിയൻ കൊള്ളയടിക്കുകയാണെന്നും ഓരോ ആഴ്ചയും 350 ദശലക്ഷം പൗണ്ടാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയന് നൽകുന്നതെന്നുമുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് 2016 ജൂൺ 23 ന് ബ്രെക്സിറ്റ് ജനഹിത പരിശോധന നടത്തിയത്. ഫലം വന്നപ്പോൾ വോട്ട് ചെയ്തവരിൽ 52 ശതമാനവും അനുകൂലമായി വിധിയെഴുതിയതോടെ ബ്രെക്സിറ്റിന് കളമൊരുങ്ങുകയായിരുന്നു.