1835 ഫെബ്രുവരി ഒന്നിനാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഡാർജിലിംഗ് സ്വന്തമാക്കിയത്. സിക്കിം ചക്രവർത്തി ഈ പ്രദേശം, ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടുവരെ സിക്കിമിന്റെ ഭാഗമായിരുന്നു ഡാർജിലിംഗ്. എന്നാൽ 1780 ൽ നേപ്പാളിലെ ഗൂർഖകൾ പ്രദേശം കീഴടക്കി. തുടർന്നും സ്ഥലങ്ങൾ പിടിച്ചടക്കി മുന്നേറിയ അവർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുണ്ടായിരുന്ന സ്ഥലങ്ങളിൽ പ്രവേശിച്ചതോടെ കമ്പനിയും ഗൂർഖകളും തമ്മിൽ യുദ്ധം ആരംഭിച്ചു. യുദ്ധത്തിൽ കമ്പനിയുടെ സൈന്യം വിജയിക്കുകയും ടിറ്റാലിയ ഉടമ്പടിയിലൂടെ ഡാർജിലിംഗ് സിക്കിം ചക്രവർത്തിക്ക് തിരികെ നൽകുകയും ചെയ്തു. വീണ്ടും നേപ്പാളിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായപ്പോൾ അത് പരിഹരിക്കാൻ രണ്ട് സൈനിക ഉദ്യോഗസ്ഥരെ കമ്പനി നിയോഗിച്ചു. അവർ താമസിച്ചത് ഡാർജിലിംഗിലായിരുന്നു. ആ പ്രദേശത്തെ കാലാവസ്ഥ ഇഷ്ടപ്പെട്ട അവർ അവിടെ ഒരു സാനിറ്റോറിയം നിർമിക്കാൻ ആഗ്രഹിക്കുകയും അക്കാര്യം സിക്കിം ഭരണാധികാരിയെ അറിയിച്ചപ്പോൾ അദ്ദേഹം പ്രദേശം അവർക്ക് സമ്മാനമായി നൽകുകയുമായിരുന്നു.
ഓക്സ്ഫോർഡ് ഡിക്ഷ്ണറിയുടെ ആദ്യ വോള്യം പ്രസിദ്ധീകരിച്ചത് 1884 ഫെബ്രുവരി ഒന്നിനായിരുന്നു. 352 പേജുകളുണ്ടായിരുന്ന ഡിക്ഷ്ണറിയിൽ എ യിൽ ആരംഭിക്കുന്ന വാക്കുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പതിപ്പിന്റെ നാലായിരം കോപ്പികൾ മാത്രമാണ് വിറ്റുപോയത്. എ ന്യൂ ഇംഗ്ലീഷ് ഡിക്ഷ്ണറി ഓൺ ഹിസ്റ്റോറിക്കൽ പ്രിൻസിപ്പിൾസ്, ഫൗണ്ടഡ് മെയിൻലി ഓൺ ദി മെറ്റീരിയൽസ് കളക്റ്റഡ് ബൈ ദി ഫിലോളജിക്കൽ സൊസൈറ്റി എന്നായിരുന്നു പ്രസിദ്ധീകരിച്ച സമയത്ത് ഡിക്ഷ്ണറിയുടെ പേര്. തുടർന്ന് ഇംഗ്ലീഷ് ഭാഷയിലെ എല്ലാ വാക്കുകളും ഉൾപ്പെടുത്തി 20 വാല്യങ്ങളിലായി മുഴുവൻ ഡിക്ഷ്ണറിയും പ്രസിദ്ധീകരിച്ചു. 1989 ലാണ് ഇതിന്റെ അച്ചടിച്ച അവസാനപ്രതി പുറത്തിറങ്ങിയത്. നിലവിൽ ഓക്സ്ഫോർഡ് ഡിക്ഷ്ണറിയുടെ ഡിജിറ്റൽ കോപ്പി മാത്രമേ പുറത്തിറക്കുന്നുള്ളൂ.
2001 ഫെബ്രുവരി ഒന്നിനാണ് നാസയുടെ സ്പേസ് ഷട്ടിലായ കൊളംബിയ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങേണ്ടിയിരുന്നത്. ആ ബഹിരാകാശ ദൗത്യത്തിന്റെ വിജയകരമായ പര്യവസാനം കാണാൻ കാത്തിരുന്നവർ പക്ഷേ ടെക്സസിന്റെ ആകാശത്തുവച്ച് കൊളംബിയ ഷട്ടിൽ ഒരു അഗ്നിഗോളമായി കത്തിയമരുന്ന നടുക്കുന്ന ദൃശ്യമാണ് കണ്ടത്. ഇന്ത്യയിൽനിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ കൽപന ചൗള ഉൾപ്പെടെ ഏഴുപേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. കൊളംബിയയുടെ ഇടതുചിറകിന്റെ താപകവചത്തിനുണ്ടായ തകരാറാണ് ദുരന്തത്തിനു കാരണമായത്. അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തിൽ സംഭവിച്ച ഉയർന്ന താപനിലയിൽ ചിറകിന് തീപിടിച്ച് കത്തിത്തുടങ്ങി. ഭൂമിയിൽനിന്ന് രണ്ടരലക്ഷം അടി മുകളിൽ ശബ്ദവേഗത്തിന്റെ 23 ഇരട്ടിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ കൊളംബിയ. രാവിലെ ഒൻപതു മണിയോടെ ഷട്ടിലിന്റെ തകർന്ന ചെറിയ ഭാഗങ്ങൾ ടെക്സസിലെ ലൂബോക്കിൽ പതിച്ചു. മിനുറ്റുകൾക്കുശേഷം കൊളംബിയ ഒരു അഗ്നിഗോളമായി മാറി. കൊളംബിയയുടെ തകർന്ന ഭാഗങ്ങൾ യു. എസിൽ രണ്ടായിരത്തിലധികം മേഖലകളിലാണ് വീണത്.