Friday, February 7, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 06

സ്പേസ് എക്സിന്റെ സൂപ്പർ ഹെവി ലോഞ്ച് വാഹനമായ ‘ഫാൽക്കൺ ഹെവി’ ആദ്യമായി വിക്ഷേപിച്ചത് 2018 ഫെബ്രുവരി ആറിനായിരുന്നു. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ വാഹനമാണ് ഫാൽക്കൺ ഹെവി. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ടെസ്ല കാറും വഹിച്ചായിരുന്നു ഫാൽക്കൺ ഹെവിയുടെ ബഹിരാകാശ യാത്ര. പുനരുപയോഗത്തിനു സാധിക്കുന്ന മൂന്നു ഭാഗങ്ങൾ റോക്കറ്റിലുണ്ടായിരുന്നു. ഇത്  ഭൂമിയിലേക്ക് തിരിച്ചിറക്കാൻ കഴിഞ്ഞത് ഫാൽക്കൺ ഹെവിയുടെ വൻവിജയമായി കരുതുന്നു. 18 ബോയിങ് 747 വിമാനങ്ങൾക്കു തുല്യമായ 2500 ടൺ ഊർജമാണ് ഈ കൂറ്റൻ റോക്കറ്റിന്റെ വിക്ഷേപണത്തിനിടെ എരിഞ്ഞുതീർന്നത്. 63,500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി ഫാൽക്കൺ ഹെവിക്കുണ്ട്. കുറഞ്ഞ ചെലവിൽ ബഹിരാകാശത്തേക്കുള്ള ചരക്കുനീക്കമാണ് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.

ജാക്ക് കിൽബി തന്റെ കണ്ടെത്തലായ മൈക്രോചിപ്പിന് പേറ്റന്റ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചത് 1959 ഫെബ്രുവരി ആറിനായിരുന്നു. ഇന്റഗ്രേറ്റഡ് സർക്യൂട്ട് എന്നുകൂടി വിളിക്കപ്പെടുന്ന മൈക്രോചിപ്പ്, ഇലക്ട്രോണിക് യുഗത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ഒരു സിലിക്കൺ ക്രിസ്റ്റലിൽ നിരവധി ട്രാൻസിസ്റ്ററുകളും കപ്പാസിറ്ററുകളും റെസിസ്റ്ററുകളും ലോജിക് സർക്യൂട്ടുകളും രൂപപ്പെടുത്തിയെടുക്കുന്നതിനെയാണ് ഇന്റഗ്രേറ്റഡ് സർക്യൂട്ട് എന്നു വിളിക്കുന്നത്. ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, റെസിസ്റ്ററുകൾ തുടങ്ങി ഒരു ഉപകരണത്തിലെ പല ഭാഗങ്ങൾ ഒരു കമ്പികൊണ്ട് ബന്ധിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള പരീക്ഷണമാണ് മൈക്രോചിപ്പിന്റെ കണ്ടെത്തലിലേക്കു നയിച്ചത്. ടെക്സസ് ഇൻസ്ട്രുമെന്റ്സിലെ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന ജാക്ക് എസ് കിൽബിക്ക് ഈ കണ്ടെത്തലിന് 2000 ൽ നൊബേൽ സമ്മാനം ലഭിച്ചു.

എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ ഭരണാധികാരിയായി സ്ഥാനാരോഹണം ചെയ്തത് 1952 ഫെബ്രുവരി ആറിനായിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം ജൂൺ രണ്ടിനാണ് കിരീടധാരണം ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകൾ നടത്തിയത്. ആദ്യമായി തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട കിരീടധാരണം കൂടിയായിരുന്നു അത്. രണ്ടുകോടി എഴുപതുലക്ഷം ആളുകൾ ബ്രിട്ടനിൽ കിരീടധാരണം തത്സമയം കണ്ടു. 26 വയസ്സായിരുന്നു അപ്പോൾ അവരുടെ പ്രായം. പിതാവായ ജോർജ് ആറാമൻ മരണപ്പെട്ടതോടെയാണ് എലിസബത്ത് ബ്രിട്ടന്റെ ഭരണത്തിലേക്കെത്തിയത്. ബ്രിട്ടീഷ് രാജപദവിയിലേക്കെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്. 70 വർഷവും 214 ദിവസങ്ങളും അധികാരത്തിലിരുന്ന അവർ ബ്രിട്ടന്റെ രാജ്ഞിപദത്തിൽ ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തി എന്ന റെക്കോർഡിന് ഉടമയാണ്. ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും രാജ്ഞിയുടെ പേരിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News