Saturday, February 8, 2025

ചരിത്രത്തിൽ ഈ ദിനം: ഫെബ്രുവരി 08

യൂണിവേഴ്സൽ സ്റ്റാന്റേർഡ് ടൈം എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1879 ഫെബ്രുവരി എട്ടിനായിരുന്നു. സാന്റ്ഫോർഡ് ഫ്ലെമിംഗ് എന്നയാളാണ് ഈ ആശയം അവതരിപ്പിച്ചത്. ടൊറന്റോയിൽ വച്ച് നടന്ന റോയൽ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ലോകം മുഴുവനുമുള്ള സമയക്രമത്തെ ഏകീകരിക്കുന്നതിനായി ഗ്രീൻവിച്ച് മീൻ ടൈമിനെ അടിസ്ഥാന സമയമായി പരിഗണിച്ച് 24 ടൈം സോണുകൾ രൂപീകരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ശാസ്ത്രത്തിന്റെ വളർച്ച ലോകത്തിലെ വിവിധ ഇടങ്ങളെ പരസ്പരം ബന്ധിക്കുമ്പോഴും പലസ്ഥലങ്ങളിലും പ്രാദേശികമായി പല രീതിയിലായിരുന്നു സമയം കണക്കാക്കിയിരുന്നത്. ഇതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമയക്രമം ഏകീകരിക്കുന്നതിനുമായാണ് പുതിയ രീതി അദ്ദേഹം നിർദേശിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1954ഫെബ്രുവരി എട്ടിനായിരുന്നു. 1951 ൽ മെഡിക്കൽ കോളേജ് ആരംഭിച്ചിരുന്നെങ്കിലും മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ആ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയതും നെഹ്രു തന്നെയാണ്. ഗേറ്റിൽതട്ടി കൈ മുറിഞ്ഞതിനാൽ അതിന്റെ ചികിത്സയ്ക്കായി ആദ്യത്തെ ഒ. പി. ടിക്കറ്റ് നെഹ്രുവിന്റെ പേരിൽ മുറിക്കുകയായിരുന്നു. മെഡിക്കൽ കോളേജിന്റെ ആദ്യ സൂപ്രണ്ടായിരുന്ന ഡോ. ആർ. കേശവൻ നായരാണ് അന്ന് നെഹ്രുവിനെ ചികിത്സിച്ചത്.

ലോകത്തിലെ ആദ്യ ഇലക്ട്രോണിക് സ്റ്റോക് എക്സ്ചേഞ്ചായ നസ്ദാക്ക് പ്രവർത്തനമാരംഭിച്ചത് 1971 ഫെബ്രുവരി എട്ടിനായിരുന്നു. ഓഹരികൾ കമ്പ്യൂട്ടർ നെറ്റ്വർക്ക് മുഖേന വാങ്ങാനും വിൽക്കാനും കഴിയുന്ന സംവിധാനമാണിത്. നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡീലേഴ്സ് ഓട്ടോമേറ്റഡ് ക്വട്ടേഷൻസ് എന്നതിന്റെ ചുരുക്കരൂപമാണ് നസ്ദാക്ക്. നസാദ് എന്നറിയപ്പെട്ടിരുന്ന നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസിന്റെ ഭാഗമായാണ് നസ്ദാക്ക് പ്രവർത്തനം ആരംഭിച്ചതെങ്കിലും 2006 ൽ അത് നസാദിൽനിന്ന് വേർപെട്ട് നാഷണൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ചായി മാറി. ന്യൂയോർക്കിലാണ് നസ്ദാക്കിന്റെ ഹെഡ്ക്വാർട്ടേഴ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News