കാഴ്ചയിൽ വെളുത്ത നിറമുള്ള മനോഹരമായ പുഷ്പം. എന്നാൽ ഒന്ന് നനഞ്ഞു കഴിഞ്ഞാൽ പിന്നെ ഇതിനു നിറമില്ല. മാജിക് ഒന്നുമല്ല. ജപ്പാനിൽ നിന്നുള്ള സ്കെലിറ്റൻ പ്ലാന്റ് ആണ് ഇപ്പോൾ പൂക്കളിലെ താരമായി മാറിക്കൊണ്ടിരിക്കുന്നത്. ആന്തരിക സിരകൾ വെളിപ്പെടുത്താനുള്ള കഴിവിന് പേരുകേട്ട ഒരു അപൂർവ സസ്യമാണ് ഇത്. വസന്തത്തിന്റെ മധ്യം മുതൽ വേനൽക്കാലത്തിന്റെ ആരംഭം വരെ തണുത്തതും തണലുള്ളതുമായ സാഹചര്യങ്ങളിൽ ഈ ചെടി പൂക്കുന്നു. മന്ദഗതിയിലുള്ള വളർച്ചാ നിരക്കും ആകർഷകമായ ‘നിറം മാറ്റ’ത്തിലുള്ള കഴിവും കൊണ്ട്, സസ്യശാസ്ത്രജ്ഞർ, സസ്യപ്രേമികൾ, ഫോട്ടോഗ്രാഫർമാർ എന്നിവരുടെയെല്ലാം ഇഷ്ട സസ്യമായി ഇത് മാറിക്കഴിഞ്ഞു.
പ്രകൃതിയിലെ ഏറ്റവും രസകരവും അപൂർവവുമായ സസ്യങ്ങളിൽ ഒന്നാണ് സ്‌കെലിറ്റൻ പ്ലാന്റ്. ശരത്കാലത്ത് ഇലകൾ നഷ്ടപ്പെടുകയും എല്ലാ വസന്തകാലത്തും വീണ്ടും വളരുകയും ചെയ്യുന്ന സസ്യമാണിത്. ഇത് സാധാരണയായി 1.3 അടി (ഏകദേശം 40 സെന്റീമീറ്റർ) വരെ ഉയരത്തിൽ വളരുന്നു. കൂടാതെ 12 മുതൽ 24 ഇഞ്ച് (30 മുതൽ 60 സെന്റീമീറ്റർ) വരെ നീളമുള്ള തണ്ടുകളുമുണ്ട്. സാവധാനത്തിൽ വളരുന്ന ഈ ചെടി പരമാവധി വളർച്ച കൈവരിക്കാൻ നിരവധി വർഷങ്ങളെടുക്കും.
വെള്ളം വീണാൽ സ്ഫടിക സമാനമായ പൂവിന്റെ അർധസുതാര്യമായ രൂപം പൂവിന്റെ ആന്തരിക സിരകളെ തുറന്നുകാട്ടുകയും കാഴ്ചയിൽ വളരെ മനോഹരമായിതോന്നിപ്പിക്കുകയും ചെയ്യും.
സാധാരണയായി തണുപ്പുള്ളതും തണൽ കൂടുതലുള്ളതുമായ ഭാഗങ്ങളിലാണിത് വളരുക. ജപ്പാനിലെ വനപ്രദേശങ്ങളായ പർവതനിരകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഉയരമുള്ള മരങ്ങൾ ഉള്ളതും കുറഞ്ഞ സൂര്യപ്രകാശമുള്ളതുമായ പ്രദേശങ്ങളാണ് ഇത് ഇഷ്ടപ്പെടുന്നത്. ഈർപ്പമുള്ള സ്ഥലങ്ങളിലാണ് ഈ ഇനം നന്നായി പൂക്കുന്നത്. വസന്തത്തിന്റെ മധ്യം മുതൽ വേനൽക്കാലത്തിന്റെ ആരംഭം വരെ പൂക്കൾ വിരിയുന്നു.
ബെർബെറിഡേസി കുടുംബത്തിൽ പെട്ടതാണ് ഈ പുഷ്പം.