യു എസ് സെനറ്റിലെ ആദ്യ ആഫ്രിക്കൻ അമേരിക്കക്കാരനായി ഹിറോം റോഡ് റെവെൽസ് തെരഞ്ഞെടുക്കപ്പെട്ടത് 1870 ഫെബ്രുവരി 25 നായിരുന്നു. മിസിസിപ്പിയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം സെനറ്റിലെത്തിയത്. അമേരിക്കൻ പുരോഹിതനും അധ്യാപകനും രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി അംഗമായിരുന്നു. ആഭ്യന്തരയുദ്ധ സമയത്ത് മിസിസിപ്പിയിൽ നടന്ന വിക്സ്ബർഗ് യുദ്ധത്തിൽ കറുത്തവർഗക്കാരുടെ രണ്ട് റെജിമെന്റുകൾ രൂപീകരിച്ച് അദ്ദേഹം പോരാടി. യുദ്ധാനന്തര പുനർനിർമ്മാണ സമയത്ത് യു എസ് സെനറ്റിലെ ഒരു ഒഴിവ് നികത്താൻ മിസിസിപ്പി സ്റ്റേറ്റ് ലെജിസ്ലേച്ചർ അദ്ദേഹത്തെ സെനറ്റിലേക്ക് തെരഞ്ഞെടുത്തയച്ചു. സെനറ്റിൽ വംശീയ വേർതിരിവിനെതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം. റെവെൽസിന്റെ കാലാവധി ഒരുവർഷമേ നീണ്ടുനിന്നുള്ളുവെങ്കിലും കോൺഗ്രസിലെ ആഫ്രിക്കൻ അമേരിക്കക്കാർക്ക് അദ്ദേഹം പുതിയ വഴിത്തിരിവ് നൽകി.
മുഹമ്മദലി എന്നപേരിൽ പ്രശസ്തനായ ബോക്സിംഗ് താരം കാഷ്യസ് ക്ലേ ആദ്യമായി ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത് 1964 ഫെബ്രുവരി 25 നായിരുന്നു. 1962 ലെ ഹെവി വെയ്റ്റ് ചാമ്പ്യനായിരുന്ന സോണി ലിസ്റ്റണെയാണ് ക്ലേ പരാജയപ്പെടുത്തിയത്. മിയാമി ബീച്ചിൽ വച്ചാണ് മത്സരം നടന്നത്. 1954 മുതൽ ബോക്സിംഗ് കരിയർ ആരംഭിച്ച കാഷ്യസ് ക്ലേ, 18 വയസ്സായപ്പോഴേക്കും അമച്വർ ബോക്സിംഗ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. 1960 ൽ റോം ഒളിമ്പിക്സിൽ സ്വർണ്ണം നേടിയതോടുകൂടി അന്താരാഷ്ട്ര ശ്രദ്ധനേടി. 1981 ൽ അദ്ദേഹം കളിക്കളത്തോട് വിടപറഞ്ഞു.
മരിയ കൊറസോൺ അക്വീനോ ഫിലിപ്പീൻസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചുമതലയേറ്റത് 1986 ഫെബ്രുവരി 25 നായിരുന്നു. ഫെർഡിനാന്റ് മാർക്കോസിന്റെ നീണ്ടകാലത്തെ സ്വേച്ഛാധിപത്യത്തിനുശേഷം ഫിലിപ്പീൻസിൽ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത് അക്വീനോ പ്രസിഡന്റായതോടെയാണ്. സ്വേച്ഛാധിപതിയായിരുന്ന മാർക്കോസ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തപ്പോൾ അക്വീനോ ഏകീകൃതപ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായെങ്കിലും അക്വീനോയും അനുയായികളും വോട്ടിംഗ് തട്ടിപ്പ് ആരോപിച്ച് വ്യാപകപ്രതിഷേധം നടത്തി. ഫിലിപ്പീൻസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർ മാർക്കോസിന്റെ തുടർച്ചയായ ഭരണത്തെ നിർത്തലാക്കുകയും അക്വീനോയ്ക്ക് അധികാരം കൈമാറുകയും ചെയ്തതോടെയാണ് രാജ്യത്തിന് ആദ്യ വനിതാ പ്രസിഡന്റിനെ ലഭിച്ചത്.
പോളിയോ വ്യാപനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ ഔദ്യോഗികമായി നീക്കം ചെയ്തത് 2011 ഫെബ്രുവരി 25 നാണ്. 2011 ജനുവരി 13 മുതൽ ഇന്ത്യയിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന ഈ പ്രഖ്യാപനം നടത്തിയത്. ശുചിത്വനിലവാരം കുറഞ്ഞ ഇന്ത്യയിൽ പോളിയോ നിർമ്മാർജനം അസാധ്യമാണെന്നും ലൈവ് ഓറൽ പോളിയോ വൈറസ് വാക്സിൻ ഉപയോഗിച്ച് വൈൽഡ് പോളിയോ വൈറസുകളെ ഉന്മൂലനം ചെയ്യാൻ കഴിയില്ലെന്നും പോളിയോ നിർമ്മാർജനം ചെലവേറിയതായതിനാൽ ഇന്ത്യ അതിന് മുതിരില്ല എന്നുമൊക്കെ അവകാശപ്പെട്ടിരുന്ന വിമർശകരെ ഇന്ത്യ നിശ്ശബ്ദരാക്കിയ ദിവസം കൂടിയാണിത്. 2000 ത്തിൽ ഈ നേട്ടം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 2011 ൽ മാത്രമാണ് അത് സാധ്യമായത്.