അതികഠിനമായ ചൂടുള്ള കാലാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ ദിവസവും ഏറെ ഉയർന്ന താപനിലയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചൂടുള്ള ഈ കാലാവസ്ഥ അധികം താമസിയാതെ മാറുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അമിതമായ ചൂടുള്ള കാലാവസ്ഥ ഒരാളെ വളരെ വേഗത്തിൽ വാർധക്യത്തിൽ എത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
തണുപ്പുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചൂട് കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വളരെ വേഗം പ്രായം കൂടുന്നു എന്നാണ് പഠനത്തിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമനുസരിച്ച് ലോകത്ത് പലയിടങ്ങളിലുള്ളവർ ചൂടുള്ള താപനിലയാണ് അനുഭവിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ 50 നഗരങ്ങളിലാണ് 1960 കളിലേതിനെക്കാൾ ഉഷ്ണതരംഗം കൂടുതലാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
ഉഷ്ണതരംഗം ആരോഗ്യത്തിനു തന്നെ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. പ്രായമായവരെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്ക തകരാറിലാകുക, മരണനിരക്ക് കൂടുക തുടങ്ങിയ കാര്യങ്ങൾക്ക് ഏറെ സാധ്യതയുണ്ട്. അതിശക്തമായ ചൂടിന്റെ ഫലങ്ങൾ ഉടനടി ഒരാളുടെ ആരോഗ്യസ്ഥിതിയിൽ ബാധിച്ച ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ അവ നമ്മുടെ ശരീരത്തിൽ നിശ്ശബ്ദമായ ആഘാതങ്ങൾ ഉണ്ടാക്കിയേക്കാം.
ചൂടുകൂടിയ സ്ഥലങ്ങളിലുള്ള, 56 വയസ്സിൽ താഴെയുള്ള 3769 ആളുകളെ നിരീക്ഷിച്ചുകൊണ്ടുള്ള പഠനമാണ് നടത്തിയത്. അധികം ചൂട് ലഭിക്കുന്ന ഇടങ്ങളിൽ ജീവിക്കുന്നവർ അതിവേഗം വാർധക്യത്തിലേക്ക് എത്തുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ബയോളജിക്കൽ ഏജിംഗ് ക്ലോക്കുകൾ ഉപയോഗിച്ചു. കൂടുതൽ ചൂടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നതിനാൽ ജൈവശാസ്ത്രപരമായി വാർധക്യത്തിലേക്കു നീങ്ങുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞു. ഇത്തരം സാഹചര്യങ്ങളെ പ്രായമയവർ എങ്ങനെ നേരിടണം എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതിനാൽതന്നെ ചൂടു കൂടുന്ന സാഹചര്യങ്ങളിൽ സുരക്ഷിതമായും മുൻകരുതലോടെയും ഇരിക്കുക എന്നതാണ് പ്രധാന വഴി.