Saturday, March 15, 2025

ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നത് വ്യാപകമായ വെല്ലുവിളിയാകുമ്പോൾ

ഡോക്ടർ ആ കാര്യം പറയുന്നതുവരെ മേഘ അറിഞ്ഞിരുന്നില്ല, തനിക്ക് ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന്. മകനൊപ്പം ദിവസവുമുള്ള ഉച്ചയുറക്കം ഒരു ശീലമാണെന്നു മാത്രമാണ് അവൾ ചിന്തിച്ചത്. എന്നാൽ ഡോക്ടർ ‘നിങ്ങൾക്ക് ക്ഷീണമുണ്ടോ’ എന്നു ചോദിച്ചപ്പോഴാണ് അവൾ ആ കാര്യങ്ങൾ ചിന്തിച്ചത്. ജീവിതത്തിലെ തിരക്കുകൾക്കിടയിൽ തന്റെ ക്ഷീണവും ശരീരത്തിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുമൊന്നും അവൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ല.

ഇത്തരത്തിൽ നമ്മൾപോലും അറിയാതെ നമ്മുടെ ശരീരത്തെ ഹാനികരമായി ബാധിക്കുന്ന ഒന്നാണ് ശരീരത്തിലെ ഇരുമ്പിന്റെ അഭാവം. വലിയ ക്ഷീണമാണ് ലക്ഷണമെങ്കിലും പലപ്പോഴും ആരും അത് ശ്രദ്ധിക്കാതെപോകുന്നു. ഇന്ന് ലോകത്ത് ഏറ്റവും സാധാരണമായ സൂക്ഷ്മ പോഷകക്കുറവാണ് ഇരുമ്പിന്റെ കുറവ്. ഇത് ഏകദേശം മൂന്നിൽ ഒരാളെ വീതം ബാധിക്കുന്നു. ഗർഭിണികൾ ഉൾപ്പെടെയുള്ള പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകൾ, കുട്ടികൾ എന്നിവരിൽ ഇത് വ്യാപകമാണ്. ഇരുമ്പിന്റെ കുറവിന് സപ്ലിമെന്റ് എപ്പോൾ നൽകണം, എങ്ങനെ നൽകണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

വ്യാപകമായ പ്രശ്നം

ഇതൊരു പ്രധാന ആഗോള പ്രശ്നമാണെന്നാണ് യു കെ യിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ മനുഷ്യ പോഷകാഹാര പ്രൊഫസറും സൂക്ഷ്മ പോഷകക്കുറവുകളെക്കുറിച്ചുള്ള ദീർഘകാല ഗവേഷകനുമായ മൈക്കൽ സിമ്മർമാൻ പറയുന്നത്. നമ്മൾ ഇതിന്റെ അഭാവം തിരിച്ചറിയാതെ പോകുന്നുവെങ്കിലും ഇതിന്റെ ഫലം വലുതായിരിക്കും. ഇരുമ്പിന്റെ കുറവ് ഒരു സാധാരണ അവസ്ഥയാണെന്ന് മിക്ക ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. എന്നാൽ മറ്റു ലക്ഷണങ്ങളുടെ അഭാവത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത എത്രത്തോളം കൂടുതലാണ് എന്നറിയണം. മാത്രമല്ല, എപ്പോൾ ഇരുമ്പ് സപ്ലിമെന്റ് നൽകണം, എപ്പോൾ നൽകരുത് എന്നതും ചിന്തിക്കേണ്ട കാര്യമാണ്.

സ്ത്രീപുരുഷന്മാരിലും കുട്ടികളിലും

ഇരുമ്പിന്റെ കുറവുമൂലം സ്ത്രീകളിൽ വിളർച്ച ഉണ്ടാകുന്നു. ശരീരത്തിൽ ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കാൻ ആവശ്യമായ ഇരുമ്പ് ഇല്ലാതാകുന്ന അവസ്ഥയാണിത്. ഇത് വൈകല്യത്തിന് ഒരു പ്രധാന കാരണവുമാണ്. യു എസിൽ, ആദ്യമായി രക്തദാതാക്കളാകുന്നവരിൽ നടത്തിയ ഒരു പഠനത്തിൽ, ആർത്തവത്തിലൂടെ പതിവായി രക്തം നഷ്ടപ്പെടുന്നതുമൂലം ഇരുമ്പിന്റെ അംശം നഷ്ടപ്പെടുന്നു എന്ന് കണ്ടെത്തി.

അത്ലറ്റിക്സ്, സസ്യാഹാരികൾ, ഇടയ്ക്കിടെയുള്ള രക്തദാനം എന്നിവയെല്ലാം പുരുഷന്മാരെയും സ്ത്രീകളെയും കൂടുതൽ അപകടസാധ്യതയിലേക്കു തള്ളിവിടും. ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിൽ ഇരുമ്പിന്റെ അളവ് കുറയാനുള്ള സാധ്യതയും കൂടുതലാണ്. ഉദാഹരണത്തിന്, വൃക്കരോഗവും സീലിയാക് രോഗവും ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.

ഇരുമ്പിന്റെ കുറവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. അവരുടെ വികാസത്തിന് ഇത് അത്യാവശ്യവുമാണ്. ആഫ്രിക്ക പോലുള്ള ചില രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ കുട്ടികൾക്ക് ഇരുമ്പിന്റെ കുറവ് കണ്ടെത്തി. ആറു മുതൽ 12 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിൽ 70% പേർക്കും ഇരുമ്പിന്റെ കുറവുണ്ട്.

സപ്ലിമെന്റ് നൽകണോ വേണ്ടയോ?

ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് സപ്ലിമെന്റ് നൽകണോ വേണ്ടയോ എന്നത്. യു എസിൽ നാലുമാസം പ്രായമുള്ളപ്പോൾ മുതൽ കുഞ്ഞുങ്ങൾക്ക് അയൺ സപ്ലിമെന്റുകൾ നൽകണമെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശുപാർശ ചെയ്യുന്നു. എന്നാൽ, ചില ഗവേഷകർ ഈ സമീപനത്തെ ചോദ്യം ചെയ്യുന്നുമുണ്ട്.

ബംഗ്ലാദേശിലെ 3,300 കുഞ്ഞുങ്ങളിൽ നടത്തിയ പഠനത്തിൽ, മൂന്നുമാസത്തേക്ക് ദിവസേന അയൺ മരുന്നുകൾ നൽകിയിട്ടും കുട്ടികളിൽ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല; എന്നിരുന്നാലും അവരിൽ ഒരുതരത്തിലും ദോഷവും ഇല്ല എന്നും പറയുന്നു. ഇരുമ്പിന്റെ കുറവുള്ള, വിളർച്ചയുള്ള ശിശുക്കൾക്ക് വിളർച്ച മാറ്റാനുള്ള സപ്ലിമെന്റേഷൻ ലഭിച്ചതിനുശേഷവും ക്ഷീണം കണ്ടു. എന്നാൽ ഇരുമ്പിന്റെ അളവ് കുറവില്ലാത്ത കുട്ടികളിൽ ആവശ്യമില്ലാതെ സപ്ലിമെന്റുകൾ നൽകുന്നതിൽ ദോഷങ്ങളുണ്ടെന്നും ഒരു വിഭാ​ഗം പറയുന്നു. കുട്ടികൾക്ക് ഭാരം കൂടുകയും വളർച്ച കുറയുകയും ചെയ്യുന്നതായി കണ്ടെത്തി.

എന്നിരുന്നാലും ഭൂരിഭാ​ഗം ഡോക്ടർമാറും പറയുന്നത്, ശരീരത്തിൽ എന്തെങ്കിലും പോഷകത്തിന്റെ കുറവുണ്ടെങ്കിൽ അതിന് സപ്ലിമെന്റ് നൽകുന്നത് നല്ലതാണെന്നാണ്. അത്തരത്തിൽ നോക്കുമ്പോൾ, ഇരുമ്പിന്റെ സപ്ലിമെന്റ് കുട്ടികൾക്കു നൽകുന്നത് നല്ലതാണെന്നും എന്നാൽ അത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News