ഒരു ഷെല്‍ സ്ഫോടനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ് യൂറി എന്ന സൈനികന്. യുക്രെയിനിന്റെ കിഴക്ക് ഡോണ്‍ബാസ് മേഖലയിലെ മുന്‍നിരയില്‍ നിന്ന് നാല് മണിക്കൂര്‍ അകലെയുള്ള ഡിനിപ്രോയിലെ ആശുപത്രി കിടക്കയില്‍ നിന്നാണ് അദ്ദേഹമിപ്പോള്‍ സംസാരിക്കുന്നത്. റോക്കറ്റ് തന്റെമേല്‍ പതിക്കുമ്പോള്‍ അദ്ദേഹം അഭയകേന്ദ്രത്തില്‍ നിന്ന് 10 മീറ്റര്‍ അകലെയായിരുന്നു. അദ്ദേഹത്തിന്റെ സര്‍ജന്റ് മേജര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അപകടത്തിന് മുമ്പ് യൂറി തന്റെ സഹോദരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പക്ഷേ സ്വയം രക്ഷപെടാന്‍ കഴിഞ്ഞില്ല.
ഷെല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. വലതുകൈയ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇടതുകാല് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു നിര്‍വാഹവുമില്ലായിരുന്നു. അതുകൊണ്ട് അത് മുറിച്ചുകളയേണ്ടി വന്നു. എങ്കിലും യൂറിയുടെ ചിന്തയുടെ ഊര്‍ജ്ജത്തിന് യാതൊരു കുറവും വന്നിട്ടില്ല.
‘സാധ്യമായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റ് യുദ്ധത്തിന് പോകുമായിരുന്നു. കാരണം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എന്റെ ആളുകള്‍ അവിടെ പോരാടുന്നതില്‍ ഞാന്‍ ശരിക്കും അസ്വസ്ഥനാണ്, സഹായിക്കാന്‍ കഴിയാതെ ഞാന്‍ ഇവിടെ കിടക്കുകയാണ്’. അദ്ദേഹം പറയുന്നു.
തന്റെ ആഗ്രഹം നേടിയെടുക്കാനും രാജ്യത്തിനായി വീണ്ടും പോരാടാനും ഈ 21 കാരന് ഇനി കൃത്രിമ കാല് ആവശ്യമാണ്. എന്നാല്‍ ഉടനെ അത് ലഭ്യമാവുകയുമില്ല. കാരണം ഇപ്പോള്‍ തന്നെ, കൃത്രിമക്കാല്‍ ആവശ്യമുള്ളവരുടെ ഒരു നീണ്ട നിരയുണ്ട്. പരിക്കേറ്റ സൈനികരും സാധാരണക്കാരും അതില്‍ ഉള്‍പ്പെടും.
‘പ്രൊസ്തെറ്റിക് ഘടകങ്ങള്‍ വാങ്ങാന്‍ യുക്രെയ്നിന് കൂടുതല്‍ സഹായം ആവശ്യമാണ്’. വികലാംഗരുടെ സാമൂഹിക സംരക്ഷണത്തിനുള്ള ഫൗണ്ടേഷനില്‍ നിന്നുള്ള യെവന് ചെഹ്ലക്കോവ് പറയുന്നു. ‘ഈ മേഖലയിലെ രാജ്യത്തിന്റെ ബജറ്റ് യുദ്ധത്തിന് മുമ്പ് അനുവദിച്ചിരുന്നു.. ഞങ്ങളുടെ മുന്‍ഗണനകളിലൊന്ന് പരിക്കേറ്റവരുടെ നഷ്ടപ്പെട്ട അവയവങ്ങള്‍ എത്രയും വേഗം പുനഃസ്ഥാപിക്കുകയും അവരെ പൂര്‍ണ്ണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയുമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഡിനിപ്രോയിലെ ആശുപത്രിയാണ് ഫ്രണ്ട്ലൈനിനോട് ഏറ്റവും അടുത്തുള്ളത്. എന്നാല്‍ പരിക്കേറ്റ എത്ര സൈനികരെ അവര്‍ ചികിത്സിക്കുന്നുണ്ടെന്ന് ഞങ്ങളോട് പറയരുതെന്ന് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ സന്ദര്‍ശനം ഒരു പ്രസ്സ് ഓഫീസര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കൂടാതെ സിവിലിയന്‍ അപകടങ്ങളെക്കുറിച്ചോ മരണങ്ങളെക്കുറിച്ചോ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. യെവന് ചെഹ്ലക്കോവ് പറയുന്നു.
ഓരോ ദിവസവും 100 യുക്രേനിയന്‍ സൈനികര്‍ യുദ്ധത്തില്‍ മരിക്കുന്നുണ്ടെന്നും 500 ഓളം പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് സെലെന്‍സ്കി കഴിഞ്ഞ ആഴ്ച പറഞ്ഞു. ഭൂരിഭാഗം പേരും സ്ഫോടന മുറിവുകളാല്‍ ബുദ്ധിമുട്ടുന്നവരാണെന്ന് ശസ്ത്രക്രിയാ വിദഗ്ധരും പാരാമെഡിക്കുകളും പറയുന്നു. പിറോഗോവ് ഫസ്റ്റ് വോളണ്ടിയര്‍ മൊബൈല്‍ ഹോസ്പിറ്റല്‍ ടീമാണ് ഡോണ്‍ബാസ് മേഖലയിലെ മുന്‍നിരയില്‍ പരിക്കേറ്റ സൈനികരെ ആദ്യം ചികിത്സിക്കുന്നത്. ‘അവിടെ നരകമാണ്. ആളുകളെ കൊല്ലാനുള്ള സാങ്കേതികവിദ്യ ഇത്രത്തോളം വികസിച്ചു എന്നത് ഭയാനകമാണ്.’ ഗ്രൂപ്പില്‍ നിന്നുള്ള ജെന്നഡി ഡ്രുസെങ്കോ പറയുന്നു.
‘ഭീകര ആഘാതങ്ങളേറ്റ രോഗികളെ ഞാന്‍ കാണുന്നു’. യുക്രെയ്നിലെ നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുള്ള പ്രൊഫസര്‍ ഒലെക്സാണ്ടര്‍ ലോസ്കുടോവ് പറയുന്നു. അദ്ദേഹം ഡിനിപ്രോയിലെ ഒരു ഓര്‍ത്തോപീഡിക് സര്‍ജനാണ്. കഴിയുന്നത്ര ആളുകളെ രക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ചില ദിവസങ്ങളില്‍ 80 രോഗികളെ വരെ അദ്ദേഹം കാണാറുണ്ട്. ‘എല്ലാവരെയും രക്ഷിക്കാന്‍ കഴിയില്ല,’ അദ്ദേഹം നിരാശയോടെ പറയുന്നു. എന്നാല്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പരിഹാരം രാജ്യത്തിനകത്താണ് കണ്ടെത്തേണ്ടത്, രോഗികളെ വിദേശത്തെ ആശുപത്രികളിലേക്ക് അയച്ചല്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഈ യുദ്ധം വരുത്തിയ നഷ്ടത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും ശക്തമായ ഇച്ഛാശക്തികൊണ്ടാണ് യുക്രൈന് ജനത ഒന്നടങ്കം നേരിടുന്നത്. എന്നാല്‍ മറ്റൊരു ക്രൂരമായ സംഘര്‍ഷം വരും തലമുറയിലെ സൈനികരെ വേട്ടയാടില്ലെന്ന് ഉറപ്പാക്കാന്‍ പണവും സമയവും വേണ്ടിവരുമെന്നും അവര്‍ മനസിലാക്കുന്നു.