Monday, November 25, 2024

അഗ്നിപഥ് പദ്ധതി; അറിയേണ്ടതെല്ലാം

പതിനേഴര വയസ്സായ കുട്ടികളെ നാലു വര്‍ഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ‘അഗ്നിവീരന്മാര്‍’ എന്നറിയപ്പെടും. ഈ വര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനും 46,000 പേരെ റിക്രൂട്ട് ചെയ്യാനുമാണ് തീരുമാനം. പദ്ധതിയില്‍ പെണ്‍കുട്ടികള്‍ക്കും ചേരാം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നിയമനം ലഭിച്ചവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേര്‍ക്ക് സൈന്യത്തില്‍ തുടരാം. നിലവില്‍ സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്നിപഥിനും തുടരും. വര്‍ഷത്തില്‍ രണ്ടുതവണ റാലികളിലൂടെ റിക്രൂട്ട്മെന്റ് നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക.

യോഗ്യത

യോഗ്യത പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായവര്‍ക്ക് അപേക്ഷിക്കാം. വൈദ്യ പരിശോധന, ശാരീരിക ക്ഷമത നിര്‍ദിഷ്ട യോഗ്യത ഉണ്ടായിരിക്കണം. സേനകളിലേക്ക് നിലവില്‍ സ്വീകരിക്കുന്ന യോഗ്യതാമാനദണ്ഡങ്ങളായിരിക്കും അഗ്‌നിപഥിനും ഉണ്ടായിരിക്കുക.

പരിശീലനം

സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലനം അഗ്‌നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും. പത്ത് ആഴ്ച മുതല്‍ ആറ് മാസം വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷം നിലവിലുള്ള റാങ്കുകളില്‍ നിന്ന് വ്യത്യസ്ത റാങ്കുകളിലായി നിയമനം നല്‍കും.

ശമ്പളം

തുടക്കത്തില്‍ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനത്തില്‍ 40,000 രൂപയായി ഉയരും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.

ഇന്‍ഷുറന്‍സ്, നഷ്ടപരിഹാരം

സേവനത്തിനിടെ സൈനികന്‍ മരിച്ചാല്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് സഹായം കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. പ്രീമിയം ഈടാക്കാതെയാണ് ഈ പരിരക്ഷ സര്‍വീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപകൂടി കുടുംബത്തിന് ലഭിക്കും. സേവാനിധിയിലെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും. ഇതോടൊപ്പം സേവനം നടത്താന്‍ കഴിയാതെപോയ കാലയളവിലെ മുഴുവന്‍ ശമ്പളവും നല്‍കും. സേവനത്തിനിടയില്‍ അത്യാഹിതമുണ്ടായി ശാരീരിക പ്രശ്‌നങ്ങളുണ്ടായാല്‍ മെഡിക്കല്‍ അധികൃതരുടെ ശുപാര്‍ശ പ്രകാരം ശാരീരിക പ്രശ്‌നങ്ങളുടെ തോതനുസരിച്ച് നഷ്ടപരിഹാരം നല്‍കും. 50 ശതമാനം ശാരീരിക പ്രശ്‌നങ്ങള്‍ക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരിക പ്രശ്‌നങ്ങള്‍ക്ക് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം.

വിമര്‍ശനങ്ങള്‍

സൈന്യത്തിന്റെ പ്രഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നു. സൈന്യത്തില്‍ തയാറെടുപ്പും പരിശീലനവും ക്ഷമയും പക്വതയും ആവശ്യമുള്ള സംഗതിയാണ്. പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം. പ്രതിരോധ മേഖലയില്‍ ചെലവു കുറക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ കുറുക്കുവഴിയാണ് ഈ പദ്ധതിയെന്ന വ്യാപക വിമര്‍ശനവുമുണ്ട്.

വളരെ കുറഞ്ഞ വേതനത്തിന് കുറഞ്ഞ കാലത്തേക്ക് ആളുകളെ എടുത്ത് സേവനം അവസാനിപ്പിക്കുകയാണ് അഗ്നിപഥില്‍ ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം പിരിഞ്ഞുപോകുമ്പോള്‍ ഇവര്‍ക്ക് നിശ്ചിത തുക നല്‍കുക മാത്രമാണ് ചെയ്യുന്നത്. പെന്‍ഷനോ പൂര്‍വ സൈനികര്‍ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കില്ല. ഓരോ വര്‍ഷവും ഇങ്ങനെ സൈന്യത്തിലേക്ക് താല്‍ക്കാലിക സര്‍വീസുകാരെ എടുത്ത് സാമ്പത്തിക ലാഭമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പ്രതിരോധ പെന്‍ഷന്‍ തുകയില്‍ ഗണ്യമായ കുറവുണ്ടാകും.

രാജ്യം കാക്കുന്ന സൈനികര്‍ക്ക് നല്‍കുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലാഭിക്കുവാന്‍ വേണ്ടി മോദി സര്‍ക്കാര്‍ ‘രാജ്യ സുരക്ഷയെ തന്നെ കരാര്‍വല്‍ക്കരിക്കുകയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തി വെച്ചിരുന്ന ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നാല് വര്‍ഷത്തെ കരാര്‍ തൊഴിലാളികളായി യുവജനങ്ങളെ അതിര്‍ത്തിയിലേക്ക് ക്ഷണിക്കുകയാണ്.

നാല് വര്‍ഷത്തെ കരാര്‍ തൊഴില്‍ കൊണ്ട് സൈന്യത്തിന് എന്ത് കാര്യക്ഷമതയാണ് ലഭിക്കുകയെന്നും, സായുധ സേനയിലെ തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും തകര്‍ക്കുകയാണ് ഈ നയം ചെയ്യുകയെന്നും, സ്ഥിരം തൊഴില്‍ പ്രതീക്ഷിച്ച് സായുധ സേന റിക്രൂട്ട്‌മെന്റിനു വേണ്ടി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് യുവജനങ്ങളോടുള്ള വഞ്ചനയാണിതെന്നും സ്വജീവന്‍ മറന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന സൈന്യത്തിന്റെ അത്മാഭിമാനവും വീര്യവും തകര്‍ക്കുകയാണ് ഈ കരാര്‍വല്‍ക്കരണത്തിലൂടെ ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും തുടങ്ങിയ നിരവധി വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്നത്.

 

Latest News