Tuesday, November 26, 2024

യുദ്ധഭൂമിയും ക്ലാസ്മുറിയാക്കി യുക്രൈനിലെ അധ്യാപകര്‍

കൊറോണ ആരംഭിച്ചതുമുതല്‍ യുക്രൈനിലെ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഫെദിര്‍ ഷാന്‍ഡോര്‍ ഓണ്‍ലൈനിലാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി, അതായത് യുദ്ധം ആരംഭിച്ചതുമുതല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ യുദ്ധ മുന്‍നിരയില്‍ നിന്നാണ് ഓണ്‍ലൈന്‍ മുഖേന പഠിപ്പിക്കുന്നത്.

കാരണം യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം 47 കാരനായ ഈ അധ്യാപകന്‍ സൈന്യത്തില്‍ ജോയിന്‍ ചെയ്തു. എന്നാല്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നും അദ്ദേഹം ആഗ്രഹിച്ചു. അതുകൊണ്ടാണിപ്പോള്‍ വിനോദസഞ്ചാരം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം തന്റെ ഫോണിലൂടെ ആഴ്ചയില്‍ രണ്ടുതവണ യുദ്ധമുഖത്തു നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തുന്നത്.

‘ഞാന്‍ 27 വര്‍ഷമായി പഠിപ്പിക്കുന്നു. എനിക്ക് അത് ഉപേക്ഷിക്കാന്‍ കഴിയില്ല. അതാണ് എനിക്ക് നല്ലതും’. അദ്ദേഹം പറയുന്നു. ഫെബ്രുവരിയില്‍ റഷ്യ യുക്രൈന്‍ ആക്രമിച്ചതു മുതല്‍ ഷാന്‍ഡോര്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ചുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു.

രാജ്യത്തിന് വേണ്ടി പോരാടാനും ഭാര്യയെയും മകളെയും സംരക്ഷിക്കാനും ആഗ്രഹിച്ചതിനാലാണ് അദ്ദേഹം സൈന്യത്തില്‍ സൈന്‍ അപ്പ് ചെയ്തത്. ‘റഷ്യക്കാര്‍ എന്റെ വീട്ടിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് അവരെ തടയണം’. അദ്ദേഹം പറയുന്നു.

ജോലിയോടുള്ള ഷാന്‍ഡോറിന്റെ അര്‍പ്പണബോധം വിദ്യാര്‍ത്ഥികളേയും സ്വാധീച്ചു. ഇദ്ദേഹത്തിന്റെ ക്ലാസുകള്‍ ഇപ്പോള്‍ കുട്ടികള്‍ ഒഴിവാക്കാറേയില്ല. ‘മുമ്പ് ക്ലാസുകള്‍ ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും, ഇപ്പോള്‍ എന്റെ ക്ലാസുകള്‍ തേടിപ്പിടിച്ച് എത്തും’. ഷാന്‍ഡോര്‍ പറയുന്നു.

എന്നാല്‍ യുദ്ധഭൂമിയില്‍ നിന്ന് പഠിപ്പിക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ‘വിദ്യാര്‍ത്ഥികള്‍ക്ക് എന്റെ ക്ലാസിന്റെ പശ്ചാത്തലത്തില്‍ ഷെല്ലിംഗ് കേള്‍ക്കുന്നത് ശീലമായിട്ടുണ്ട്. ഇടയ്ക്ക് ഞാന്‍ അവരെ ഞാന്‍ ആയിരിക്കുന്ന സ്ഥലത്തെ പശ്ചാത്തലം കാണിച്ചു കൊടുക്കും. വ്യത്യസ്ത മിസൈലുകളെക്കുറിച്ച് അവരെ പഠിപ്പിക്കാനും സമയം കണ്ടെത്താറുണ്ട്’. ഷാന്‍ഡോര്‍ പറഞ്ഞു.

മിസ്റ്റര്‍ ഷാന്‍ഡോറിന്റെ അധ്യാപനം അദ്ദേഹത്തിന്റെ സഹ സൈനികര്‍ക്ക് കൗതുക കാഴ്ചയാണ്. അവര്‍ പലപ്പോഴും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട്. കിടങ്ങുകളിലിരുന്ന് അദ്ദേഹം ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന ഒരു ചിത്രം യുക്രൈനിലുടനീളം വൈറലായിരുന്നു. അത് ഇത്തരത്തില്‍ സഹസൈനികര്‍ പകര്‍ത്തിയ ചിത്രമായിരുന്നു. രാജ്യത്തുടനീളമുള്ള നിരവധി കലാകാരന്മാര്‍ ആ ചിത്രത്തിന്റെ ഡ്രോയിംഗുകളും കാര്‍ട്ടൂണുകളും ഉണ്ടാക്കിയിട്ടുണ്ട്.

നിലവില്‍ മുന്‍നിരയില്‍ പോരാടുന്ന ഒരേയൊരു അധ്യാപകനല്ല ഷാന്‍ഡോര്‍. യുക്രെയ്‌നിലെ വിദ്യാഭ്യാസ മന്ത്രി സെര്‍ഹി ഷ്‌കാര്‍ലെറ്റ് പറയുന്നതനുസരിച്ച്, ഇതുവരെ 900 അധ്യാപകര്‍ സായുധ സേനയില്‍ ചേര്‍ന്നിട്ടുണ്ട്. ‘അവരില്‍ ഓരോരുത്തരെയും കുറിച്ച് ഞങ്ങള്‍ അഭിമാനിക്കുന്നു’. അദ്ദേഹം പറയുന്നു.

 

 

Latest News