Monday, June 8, 2026

ഖാർകീവിന്റെ ജീവൻ; കമ്മ്യൂണിറ്റി അടുക്കളയിലൂടെ യുദ്ധഭൂമിയിൽ സ്നേഹമൂട്ടുന്ന വനിത

റൊക്സാന പാവ്‌ലെങ്കോയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദൗത്യത്തിന് തുടക്കമാകുന്നത് 2022 ഫെബ്രുവരി 24-നാണ്; ഒരു റെസ്റ്റോറന്റിന്റെ താക്കോൽ അവരുടെ കൈകളിലെത്തിയ ആ ദിവസം. ഇന്ന് ഖാർകീവ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അടയാളമായി മാറിയ ‘സോൾ ഓഫ് ഖാർകീവ്’ (Soul of Kharkiv) എന്ന കമ്മ്യൂണിറ്റി അടുക്കളയിലൂടെ, ആയിരക്കണക്കിന് മനുഷ്യരിലേക്ക് അന്നമെത്തിക്കുന്ന ഒരു വലിയ കാരുണ്യ ശൃംഖലയെയാണ് അവർ നയിക്കുന്നത്.

അഭയകേന്ദ്രങ്ങൾ, തകർന്നടിഞ്ഞ പ്രദേശങ്ങൾ, താൽക്കാലിക താവളങ്ങൾ, ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് മുടങ്ങാതെ ഭക്ഷണമെത്തിക്കാൻ ഈ കൂട്ടായ്മയ്ക്ക് സാധിക്കുന്നുണ്ട്. കേവലം വിശപ്പകറ്റുകയോ പോഷകാഹാരം നൽകുകയോ മാത്രമല്ല, പ്രതിസന്ധികളിൽ ഉലഞ്ഞുപോയ ഒരു ജനതയ്ക്ക് സ്വന്തം വീടിന്റെ സുരക്ഷിതത്വവും ആശ്വാസവും പകരുക കൂടിയാണ് റൊക്സാനയും അവരുടെ സംഘവും ചെയ്യുന്നത്.

ഒരു അടുക്കളയ്ക്കപ്പുറം

ഖാർകീവ് നഗരമധ്യത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാറി, ഒരു വലിയ പാർക്കിംഗ് ഏരിയയുടെ ഒരറ്റത്തുള്ള ചെറിയൊരു കെട്ടിടത്തിന്റെ ജനശ്രദ്ധയാകർഷിക്കാത്ത ഒരു വാതിൽ തുറക്കുന്നു. അതിനടുത്തുള്ള ചുവരിൽ ബോംബുകളുടെ ചില്ലുകൾ പതിച്ചതിന്റെ അടയാളങ്ങൾ കാണാം—ശ്രദ്ധിച്ചു നോക്കിയില്ലെങ്കിൽ പെട്ടെന്ന് കണ്ണിൽ പെടാത്ത ചെറിയ ഇരുണ്ട പാടുകൾ പോലെയാണ് അത്.

അകത്തേക്ക് കയറുമ്പോൾ, ആ സ്ഥലത്തിന് കൃത്യമായ അതിർവരമ്പുകളൊന്നുമില്ലെന്ന് മനസ്സിലാകും. അടുക്കള ഉപകരണങ്ങൾക്കൊപ്പം വലിയ തോതിൽ സംഭരിച്ചുവെച്ച ഭക്ഷ്യസാമഗ്രികളും കാണാം: പാസ്ത, അരി എന്നിവയുടെ വലിയ പാക്കറ്റുകൾ, മന്ദാരിൻ ഓറഞ്ചുകൾ നിറഞ്ഞ വലകൾ, ബ്രെഡ് പാക്കറ്റുകൾ, വെളുത്തുള്ളി മയോണൈസ് ജാറുകൾ, സൂപ്പ് പൊടി എന്നിവ അടങ്ങിയ ബോക്സുകൾ ഒന്നിനുമീതെ ഒന്നായി അടുക്കിവെച്ചിരിക്കുന്നു. പിൻചുവരിലായി വലിയ വ്യവസായ ആവശ്യങ്ങൾക്കുള്ള പാത്രങ്ങളും ഒരു വശത്ത് ഗ്യാസ് സിലിണ്ടറുകളും ഇരിപ്പുണ്ട്. അവയ്ക്കിടയിൽ ഉക്രെയ്ൻ പതാകകളും സർട്ടിഫിക്കറ്റുകളും തൂങ്ങിക്കിടക്കുന്നു. അതൊരു കേവലം തൊഴിലിടമല്ല, എന്നാൽ അതിനപ്പുറം മറ്റെന്തോ ആണെന്ന് ആ അന്തരീക്ഷം വിളിച്ചോതുന്നുണ്ട്.

അതിനപ്പുറം, ആ മുറി ഒരു നീണ്ട വർക്കിംഗ് ലൈനായി മാറുന്നു. മേശപ്പുറത്ത് നിറയ്ക്കാനായി വരിവരിയായി വെച്ചിരിക്കുന്ന മീൽ ട്രേകൾ. അവിടെ കൈകൾ നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുന്നു—ഭക്ഷണം വിളമ്പുന്നു, സീൽ ചെയ്യുന്നു, അടുക്കിവെക്കുന്നു. ഇവിടെനിന്നാണ് ആഹാരം എല്ലാ ദിശകളിലേക്കും പ്രയാണം ചെയ്യുന്നത്: അഭയകേന്ദ്രങ്ങളിലേക്ക്, തകർന്നടിഞ്ഞ പ്രദേശങ്ങളിലേക്ക്, ആഹാരത്തിനായി ആളുകൾ കാത്തിരിക്കുന്ന ഇടങ്ങളിലേക്ക്…ഇവിടെയാണ് ‘ദുഷാ ഖാർകീവ്’ പ്രവർത്തിക്കുന്നത്.

ഇതൊരു റെസ്റ്റോറന്റോ, സാധാരണ അർത്ഥത്തിലുള്ള ഒരു ചാരിറ്റി സ്ഥാപനമോ, അല്ലെങ്കിൽ താൽക്കാലികമായി തുടങ്ങിയ ഒരു പ്രോജക്ടോ അല്ല. ഇതൊരു സജീവമായ അടുക്കളയാണ്, ഇന്ന് ഖാർകീവ് നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു സംവിധാനമായി ഇത് മാറിക്കഴിഞ്ഞു. ഇവിടെ ആഹാരം പാകം ചെയ്യപ്പെടുന്നു, ക്രമീകരിക്കപ്പെടുന്നു, തുടർന്ന് ഖാർകീവിലും അതിനപ്പുറവും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഇടങ്ങളിലേക്ക് അയയ്ക്കപ്പെടുന്നു.

ഉച്ചയ്ക്ക് മുൻപ് 1,440 പൊതികൾ

അടുക്കളയിൽ നിന്ന് റൊക്സാന വേഗത്തിൽ പുറത്തേക്ക് വരികയാണ്, അവർ അപ്പോഴും ജോലിത്തിരക്കിലാണ്. അളന്നുതൂക്കിയ ചലനങ്ങൾ, പൂർണ്ണമായ ഏകാഗ്രത; അവർ സംസാരിക്കുമ്പോഴും കൈകൾ വേഗത്തിൽ ചലിച്ചുകൊണ്ടേയിരിക്കുന്നു. അവർക്ക് ചുറ്റുമുള്ള ആ ജോലിത്താളം ഒട്ടും മുറിയുന്നില്ല.

താൻ വർഷങ്ങളായി കൂടെ ജോലി ചെയ്യുന്ന, പ്രൊഫഷണൽ പാചകക്കാരനും കൺഫെക്ഷണറുമായ തന്റെ ബിസിനസ് പങ്കാളി മാക്സിമിനൊപ്പമാണ് റൊക്സാന ഈ ദൗത്യം നയിക്കുന്നത്. റഷ്യയുടെ പൂർണ്ണ തോതിലുള്ള അധിനിവേശത്തിന്റെ ആദ്യ നാളുകളിൽ ഒരു താൽക്കാലിക സംവിധാനമായി തുടങ്ങിയത് ഇന്ന് തികച്ചും സ്ഥിരതയുള്ള ഒരു രൂപം കൈവരിച്ചിരിക്കുന്നു.

“ഞങ്ങൾ രാവിലെ ആറ് മണിക്ക് ജോലി തുടങ്ങും.” തന്റെ വേഗത ഒട്ടും കുറയ്ക്കാതെ ഈ നാൽപ്പത്തിയേഴുകാരി വിശദീകരിക്കുന്നു. കനത്ത പവർകട്ട് ഉണ്ടായിരുന്ന സമയങ്ങളിൽ, വൈദ്യുതി ലഭ്യമായിരുന്ന സമയത്തിനനുസരിച്ച് പുലർച്ചെ 4 മണിക്ക് തന്നെ അവർ ജോലി ആരംഭിച്ചിരുന്നു. വെറും നാല് മണിക്കൂറുകൾക്കുള്ളിൽ ഈ ടീം ഏകദേശം 1,440 ഓളം ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നു—സൂപ്പുകൾ, കട്ടിയുള്ള വിഭവങ്ങൾ, സലാഡുകൾ, ബേക്ക് ചെയ്ത പലഹാരങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. വിഭവങ്ങൾ മാറിയേക്കാം, എന്നാൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവിൽ മാറ്റമില്ല.

എല്ലാം കൃത്യമായി ചലിപ്പിക്കുന്നതിന് ശക്തമായ ഏകോപനം ആവശ്യമാണ്. കുറച്ചു ആളുകൾ മാത്രം ഉള്ളതുകൊണ്ടും വലിയൊരു പ്രദേശം കവർ ചെയ്യേണ്ടതുകൊണ്ടും, വിതരണ ശൃംഖല വളരെ കൃത്യമായാണ് പ്രവർത്തിക്കുന്നത്. ഡ്രൈവർമാർ ഭക്ഷണപ്പൊതികൾ കാറുകളിലും വാനുകളിലും കയറ്റുന്നു, മറ്റുള്ളവർ ദൂരെയുള്ള റൂട്ടുകളിലേക്ക് അവ കൊണ്ടുപോകുന്നു. അവിടെനിന്ന് ആഹാരം താൽക്കാലിക താവളങ്ങൾ, ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവടങ്ങളിലേക്ക് എത്തിക്കുന്നു. ഭിന്നശേഷിക്കാരായ എൺപതോളം കുട്ടികൾ അടങ്ങുന്ന ഒരു സംഘത്തിന് ആഴ്ചയിലുടനീളം ഇവർ ആഹാരം നൽകുന്നുണ്ട്.

ഫോൺ കോളുകൾ വരുമ്പോൾ

സന്നദ്ധ സംഘടനകൾ, അടിയന്തിര രക്ഷാപ്രവർത്തകർ, ആഭ്യന്തരമായി അഭയാർത്ഥികളായവർ, സ്വന്തമായി പാകം ചെയ്യാൻ കഴിയാത്തവർ എന്നിവരും ഈ ഭക്ഷണത്തിന്റെ ഗുണഭോക്താക്കളാണ്. മിലിട്ടറി യൂണിറ്റുകളും ഇവിടെയെത്തി തങ്ങളുടെ ക്യാമ്പുകളിലേക്ക് ഭക്ഷണപ്പൊതികൾ കൊണ്ടുപോകാറുണ്ട്.

ദൈനംദിന ആഹാര വിതരണത്തിനൊപ്പം റൊക്സാനയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു വശം കൂടിയുണ്ട്. ഖാർകീവിലും പരിസരങ്ങളിലും ബോംബാക്രമണങ്ങൾ ഉണ്ടാകുമ്പോൾ, അവളും സംഘവും അങ്ങോട്ട് പുറപ്പെടും.

“അവർ ഞങ്ങളെ വിളിച്ച് എങ്ങോട്ടാണ് പോകേണ്ടതെന്ന് പറയും,” അടിയന്തിര സേവന വിഭാഗങ്ങളെയും കോർഡിനേഷൻ സെന്ററുകളെയും കുറിച്ച് റൊക്സാന പറയുന്നു. ഏതു സമയത്തും സഹായത്തിനായുള്ള വിളി വരാം—ചിലപ്പോൾ അർദ്ധരാത്രിയിലോ അല്ലെങ്കിൽ അതിരാവിലെയോ ആകാം അത്.

“ഞങ്ങളൊരു ദ്രുതകർമ്മ സേനയെപ്പോലെയാണ് (Quick response group) പ്രവർത്തിക്കുന്നത്,” അവർ തുടരുന്നു. കൈയിൽ കിട്ടുന്നതെല്ലാം ശേഖരിച്ച് അവർ അപ്പോൾ തന്നെ പുറപ്പെടും.

ആക്രമണം നടന്ന സ്ഥലത്ത് എത്തുമ്പോൾ തന്നെ അവർ പ്രായോഗികമായ രീതിയിൽ ഒരു താൽക്കാലിക ഭക്ഷണ കേന്ദ്രം ഒരുക്കും. “ചായ, കാപ്പി, സാൻഡ്‌വിച്ചുകൾ, ലഘുഭക്ഷണങ്ങൾ—ആളുകൾക്ക് അല്പം ചൂട് നൽകാൻ, അവരെ ചെറിയ രീതിയിലെങ്കിലും പിന്തുണയ്ക്കാൻ ഞങ്ങൾ വേണ്ടതെല്ലാം ഉണ്ടാക്കുന്നു.”

ബേസ്‌മെന്റുകളിൽ നിന്നും തകർന്ന കെട്ടിടങ്ങളിൽ നിന്നും ആളുകൾ പുറത്തേക്ക് വരും, പലരും അപ്പോഴും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരിക്കും. ആ ആദ്യ നിമിഷങ്ങളിൽ, മറ്റെന്തിനേക്കാളും പ്രധാനം പെട്ടെന്ന് ലഭിക്കുന്ന ഈയൊരു കരുതൽ തന്നെയാണ്. പിന്നീട് ആ സാഹചര്യം നീണ്ടുനിൽക്കുകയാണെങ്കിൽ, അവർ ശരിയായ ആഹാരവുമായി വീണ്ടും അവിടെയെത്തും.

ചില സമയങ്ങളിൽ ആഴ്ചകളോളം ഇത്തരത്തിൽ ആളുകൾക്ക് ആഹാരം നൽകിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർക്കുന്നു. അടിയന്തിര ഘട്ടങ്ങളിൽ പുറപ്പെടുമ്പോൾ അത് എപ്പോഴും ഒരേയൊരു ചെറിയ സംഘമായിരിക്കും: റൊക്സാന, അവളുടെ സഹോദരി, മകൾ, മരുമകൻ, പിന്നെ മാക്സിം. ഉയർന്ന അപകടസാധ്യതയും അത് ശരീരത്തിനും മനസ്സിനും ഏൽപ്പിക്കുന്ന കഠിനമായ ആഘാതവും കാരണം മറ്റുള്ളവരെ ഇങ്ങോട്ട് അയക്കാറില്ല.

റൊക്സാനയുടെ വഴി

അടുക്കളയിലേക്ക് തിരിച്ചെത്തുമ്പോൾ, ആ ജോലിത്താളം ഒട്ടും മുറിയാതെ തന്നെ തികച്ചും ശാന്തമായ ഒരു ഒഴുക്കിലേക്ക് മാറുന്നു. പേപ്പർ കപ്പുകളിൽ കാപ്പി പകർന്നു നൽകുന്നു, അവിടെവിടെയായി ചിരികൾ ഉയരുന്നു. ഒരു മേശപ്പുറത്ത്, ഉക്രെയ്നിലെ പരമ്പരാഗത ഈസ്റ്റർ ബ്രെഡ് ആയ ‘പാസ്ക’ (Paska)—ചെറിയ മധുരമുള്ളതും മൃദുവായതുമായ ബ്രെഡ്—ചെറിയ കഷണങ്ങളായി മുറിച്ച് ജോലിക്കിടയിൽ എല്ലാവരും പങ്കുവെച്ചു കഴിക്കുന്നു.

റൊക്സാനയുടെ ഇവിടം വരെയുള്ള പാത ഒട്ടും നേർരേഖയിലുള്ളതായിരുന്നില്ല. തുർക്മെനിസ്ഥാനിലെ അഷ്ഗാബാദിൽ ജനിച്ച അവൾ കുട്ടിക്കാലത്താണ് ഉക്രെയ്നിലേക്ക് വരുന്നത്. “എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് ഞങ്ങൾ താമസം മാറിയത്.” മധ്യേഷ്യൻ രാജ്യത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളെ തുടർന്നാണ് അവളുടെ കുടുംബം അവിടെനിന്നും പോന്നത്. അന്നുതതൽ ഖാർകീവാണ് അവളുടെ വീട്; അവളുടെ ഭൂരിഭാഗം ബന്ധുക്കളും ഇപ്പോൾ ഇവിടെയാണ് താമസിക്കുന്നത്.

2022 ഫെബ്രുവരി അവരുടെ ദൈനംദിന ജീവിതത്തെ തകിടം മറിക്കുന്നതിന് വളരെ മുൻപ് തന്നെ, റൊക്സാന ഭക്ഷണത്തിന്റെ ഭാഷയുമായി ആഴത്തിൽ അടുത്തു കഴിഞ്ഞിരുന്നു. പാചകം ചെയ്യുക, കാര്യങ്ങൾ ക്രമീകരിക്കുക, ആളുകൾക്ക് ആഹാരം നൽകുക—ഇതൊക്കെയായിരുന്നു അവളുടെ ജീവിതം. അവൾ റെസ്റ്റോറന്റ് ബിസിനസ്സിലാണ് ജോലി ചെയ്തിരുന്നത്, പ്രത്യേകിച്ച് ഖാർകീവിലെ ഷെവ്ചെങ്കിവ്സ്കി ജില്ലയിലെ ‘ബിഗ് ബെൻ പബ്ബിൽ’. അവിടെ ഒരു സാധാരണ പാചകക്കാരിയായി തുടങ്ങി പിന്നീട് സൂ-ഷെഫ് (Sous-chef) പദവിയിലേക്ക് ഉയർന്നു. അവിടെവെച്ചാണ് അവൾ മാക്സിമിനൊപ്പം അടുക്കളയുടെ ഉത്തരവാദിത്തം പങ്കിടാൻ തുടങ്ങിയത്; ഇന്ന് ഈ ദൗത്യം നയിക്കുന്നതും അതേ മാക്സിമിനൊപ്പമാണ്.

അതേസമയം തന്നെ അവൾ സ്വന്തമായി ഒരു ചെറിയ കാറ്ററിംഗ് ബിസിനസ്സും കെട്ടിപ്പടുത്തിരുന്നു. ഇന്നും സാധ്യമാകുമ്പോഴൊക്കെ സ്വന്തം വരുമാനത്തെ പിന്തുണയ്ക്കാൻ അവൾ ആ ജോലി ചെറിയ രീതിയിൽ തുടരുന്നുണ്ട്.

താക്കോലുകൾ, അടുക്കള, ആ തീരുമാനം

പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ച ആ പ്രഭാതത്തിൽ അവളുടെ ഫോൺ ശബ്ദിച്ചു. റെസ്റ്റോറന്റിന്റെ ഉടമസ്ഥർ ഖാർകീവ് വിട്ടുപോവുകയായിരുന്നു. റൊക്സാനയെയും മാക്സിമിനെയും കൂടെ കൂട്ടണോ എന്ന് അവർ ചോദിച്ചു. എന്നാൽ അവർ അത് നിരസിച്ചു.

“ഇത് ഖാർകീവാണ്,” റൊക്സാന പറയുന്നു. തുടർന്ന് തികഞ്ഞ നിശ്ചയദാർഢ്യത്തോടെ കൂട്ടിച്ചേർത്തു: “ഇത് സ്നേഹമാണ്. നമ്മുടെ രാജ്യത്തോടുള്ള സ്നേഹം. അത് നമ്മുടെ ഉള്ളിൽ അത്രമേൽ ആഴത്തിലുള്ള ഒന്നാണ്.”

ഉടമസ്ഥർ അവർക്ക് എല്ലാം നൽകി: താക്കോലുകൾ, അടുക്കള, ഭക്ഷ്യസാമഗ്രികൾ, സേഫിലിരുന്ന പണം പോലും. “അവർ ഞങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് എല്ലാം ഉപയോഗിക്കാം, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോളൂ.” അങ്ങനെ അവർ അത് ചെയ്തു.

“ആദ്യത്തെ ദിവസം മുതൽ തന്നെ ഞങ്ങൾ സഹായിക്കാൻ തയ്യാറാണെന്ന് സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു,” അവൾ ഓർക്കുന്നു. അന്ന് അതിനപ്പുറം വലിയ പ്ലാനുകളോ, ഘടനയോ, ഫണ്ടിംഗോ ഒന്നും ഉണ്ടായിരുന്നില്ല; ഒരു അടുക്കളയും അവിടെത്തന്നെ നിൽക്കാനുള്ള അവരുടെ ഉറച്ച തീരുമാനവും മാത്രമാണുണ്ടായിരുന്നത്.

തന്റെ ഭാര്യയെയും ചെറിയ കുട്ടിയെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള തിരക്കിലായിരുന്നു ആദ്യ ദിവസങ്ങളിൽ മാക്സിം. ആ സമയത്ത് റൊക്സാന ഒറ്റയ്ക്ക് അടുക്കളയിൽ താമസിച്ച് ആഹാരം പാകം ചെയ്തു. “ഒരു ദിവസം മുന്നൂറ് പൊതികൾ,” അവൾ പറയുന്നു. “അങ്ങനെയായിരുന്നു തുടക്കം.” ആദ്യമൊക്കെ ആഹാരം ഭൂരിഭാഗവും പോയത് സൈനികർക്കായിരുന്നു. അന്ന് കൃത്യമായ വിതരണ ശൃംഖലയോ, ആർക്കൊക്കെയാണ് സഹായം വേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയോ ഉണ്ടായിരുന്നില്ല എന്ന് അവൾ വിശദീകരിക്കുന്നു.

ഇരുപത്തിയാറിൽ നിന്ന് എട്ടിലേക്ക്

എന്നാൽ ഈ വിവരം പതുക്കെ പടർന്നുപിടിച്ചു. ആഴ്ചകൾക്കുള്ളിൽ, ഈ കൂട്ടായ്മ ഇരുപത്തിയാറ് സന്നദ്ധപ്രവർത്തകർ അടങ്ങുന്ന ഒരു വലിയ ടീമായി മാറി; ആരും പ്രതിഫലം വാങ്ങിയിരുന്നില്ല, കേവലം ആ സാഹചര്യത്തിന്റെ അടിയന്തിരതയും അവരുടെ വിശ്വാസവും മാത്രമായിരുന്നു പ്രേരണ. ആവശ്യങ്ങൾ പെട്ടെന്ന് വർദ്ധിച്ചു, വൈകാതെ തന്നെ അന്താരാഷ്ട്ര മാനുഷിക സംഘടനയായ വേൾഡ് സെൻട്രൽ കിച്ചന്റെ (World Central Kitchen – WCK) ശ്രദ്ധയിൽ ഇവരുടെ പ്രവർത്തനം പെട്ടു. അവർ ഈ ദൗത്യത്തെ പിന്തുണയ്ക്കാൻ തുടങ്ങി. “അവർക്ക് നന്ദി, ഞങ്ങൾ ഒരു ദിവസം പതിനായിരം പൊതികൾ വരെ ഉണ്ടാക്കിയിരുന്നു,” റൊക്സാന കുറിക്കുന്നു. ആ സമയത്ത് WCK-യുടെ പിന്തുണ കാരണം സന്നദ്ധപ്രവർത്തകർക്ക് ശമ്പളം നൽകാൻ പോലും കഴിഞ്ഞിരുന്നു.

ക്രമേണ ഈ കാരുണ്യഹസ്തം മെട്രോ സ്റ്റേഷനുകളിലേക്കും, അഭയകേന്ദ്രങ്ങളിലേക്കും, കനത്ത ഷെല്ലാക്രമണം നടക്കുന്ന അടുത്തുള്ള നഗരങ്ങളിലേക്കും ജില്ലകളിലേക്കും വ്യാപിച്ചു. വൈദ്യുതിയില്ലാത്ത, പാചകം ചെയ്യാൻ മാർഗ്ഗമില്ലാത്ത, ഇതിനെ മാത്രം ആശ്രയിക്കാൻ വഴിപ്പറ്റിയ മനുഷ്യരിലേക്ക് അത് എത്തിച്ചേർന്നു. ആളുകൾ ബേസ്‌മെന്റുകളിൽ ജീവിച്ചിരുന്ന നോർത്തേൺ സാൽറ്റിവ്കയിലാണ് (Northern Saltivka) അവർ ഏറ്റവും കൂടുതൽ ആഹാരം എത്തിച്ചത്. ഏകദേശം ഏഴായിരത്തോളം പൊതികൾ.

2022-ന്റെ അവസാനത്തോടെ ഉക്രേനിയൻ സൈന്യം റഷ്യൻ സൈന്യത്തെ ഖാർകീവ് മേഖലയിൽ നിന്ന് ദൂരേക്ക് തുരത്തിയപ്പോൾ, വേൾഡ് സെൻട്രൽ കിച്ചൻ പതുക്കെ തങ്ങളുടെ പിന്തുണ പിൻവലിച്ചു. റൊക്സാനയും മാക്സിമും തങ്ങളുടെ വ്യക്തിഗത അക്കൗണ്ടിലുള്ള പണം ഉപയോഗിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോയെങ്കിലും ഒരു ഔദ്യോഗിക സംവിധാനമില്ലാതെ അത് കഠിനമായിരുന്നു. അങ്ങനെ 2023 മാർച്ചിൽ അവർ ‘ദുഷാ ഖാർകീവ്’ എന്നത് ഒരു ഔദ്യോഗിക സന്നദ്ധ സംഘടനയായി രജിസ്റ്റർ ചെയ്തു.

ആ സമയത്താണ് അപ്രതീക്ഷിതമായി പുതിയൊരു സഹായം എത്തിയത്. വിദേശത്ത് ജീവിക്കുന്ന മൂന്ന് ഉക്രേനിയൻ സ്ത്രീകൾ ടിക് ടോക്കിലൂടെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞു. ഒരു ഫോൺ കോൾ വന്നു, അടുക്കള എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെയാണ് ആവശ്യം എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നു. കഴിഞ്ഞ മൂന്ന് വർഷമായി അവർ ഈ പ്രോജക്ടിനെ പതിവായി പിന്തുണയ്ക്കുന്നുണ്ട്, പ്രതിമാസം ഏകദേശം 5,000 യൂറോ (യൂറോപ്യൻ കറൻസി) അവർ അയച്ചുതരുന്നു—വാടക, മറ്റ് ബില്ലുകൾ എന്നിവ അടയ്ക്കാനും അടുക്കള സജീവമായി നിലനിർത്താനും ഇത് മതിയാകും. അതിനുശേഷം, ഈ ടീം എട്ട് പേരടങ്ങുന്ന ഒരു പ്രധാന കൂട്ടമായി ചുരുങ്ങി.

വീടിന്റെ രുചി

അതുകൊണ്ട് തന്നെ, ഈ ജോലി ഇന്നും നിലച്ചിട്ടില്ല. അതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥലത്ത് ഭക്ഷണം എന്നത് വെറുമൊരു അതിജീവനമല്ല, മറിച്ച് അത് അന്തസ്സിന്റെ പ്രശ്നം കൂടിയാണ്.

റൊക്സാന ഈ ആശയത്തിലേക്ക് പലപ്പോഴും തിരിച്ചെത്താറുണ്ട്, എങ്കിലും അവൾ അതിനെക്കുറിച്ച് ഒരിക്കലും തത്വശാസ്ത്രപരമായി സംസാരിക്കാറില്ല. യുദ്ധകാലത്ത് യുക്രേനിയൻ വിഭവങ്ങളോട് തനിക്ക് കൂടുതൽ ആഴത്തിലുള്ള ബഹുമാനം ഉണ്ടായതായി അവൾ പറയുന്നു. അത് വലിയ ആഡംബര ഭക്ഷണങ്ങളല്ല, മറിച്ച് പരിചിതമായ വിഭവങ്ങളാണ്.

ആഹാരത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിൽ അവൾക്ക് നിർബന്ധമുണ്ട്. പാസ്തയോ അരിയോ ഒക്കെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ്, അതിന്റെ ക്വാളിറ്റി ഒരിക്കലും കുറയാൻ അവൾ അനുവദിക്കില്ല. “ഈ നിലവാരം താഴേക്ക് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.” റൊക്സാനയെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് കേവലം വിശപ്പടക്കലല്ല. “ഞങ്ങളുടെ ഈ പിന്തുണ കൊണ്ടാണ് ആളുകൾക്ക് ഇങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുന്നത്.”

“സ്ത്രീകളാണ് ഖാർകീവിനെ താങ്ങിനിർത്തുന്നത്”

2022-ൽ ഖാർകീവ് ഒന്നിച്ച് നിന്നതുപോലെ മറ്റൊരു സ്ഥലത്തും താൻ കണ്ടിട്ടില്ലെന്ന് അവൾ പറയുന്നു. അന്ന് ഉറച്ചുനിന്നവർ ഇന്നും ഇവിടെത്തന്നെയുണ്ട്, പ്രത്യേകിച്ച് സ്ത്രീകൾ. “ഒരുപാട് സ്ത്രീകൾ സന്നദ്ധപ്രവർത്തകരായി മാറി,” അവൾ ചൂണ്ടിക്കാണിക്കുന്നു. അതൊരു ചെറിയ നിരീക്ഷണമല്ല, മറിച്ച് അവൾ കണ്ട വലിയൊരു യാഥാർത്ഥ്യമാണ്.

അവർ പാകം ചെയ്യുന്നു, സംഘടിപ്പിക്കുന്നു, വിതരണം ചെയ്യുന്നു, ഏകോപിപ്പിക്കുന്നു; അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത, എന്നാൽ എല്ലാം ചലിപ്പിച്ചു നിർത്തുന്ന വലിയൊരു ജോലിയാണ് അവർ ചെയ്യുന്നത്. “അങ്ങനെയുള്ള സ്ത്രീകളാണ് ഖാർകീവിനെ അതിജീവിക്കാൻ സഹായിക്കുന്നത്,” അവൾ കൂട്ടിച്ചേർക്കുന്നു. “എന്റെ കാഴ്ചപ്പാടിൽ, വിജയത്തിനായി ചെയ്യുന്ന കാര്യങ്ങളുടെ അറുപത് ശതമാനവും ചെയ്യുന്നത് സ്ത്രീകളാണ്,” ചുറ്റുമൊന്ന് നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ അവൾ പറയുന്നു.

ഈ അതിജീവനത്തിന് നൽകേണ്ടിവരുന്ന വില അവർ കാണുന്ന കാഴ്ചകളിൽ വ്യക്തമാണ്. “ഒരിക്കലും മറക്കാൻ കഴിയാത്ത ചില നിമിഷങ്ങളുണ്ട്,” റൊക്സാന പറയുന്നു. കാണാൻ ഒട്ടും എളുപ്പമല്ലാത്ത, മനസ്സിൽ തങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ അവൾ വിവരിക്കുന്നു. തലയ്ക്ക് പരിക്കേറ്റ ഒരു മനുഷ്യനെ ചുമന്നുകൊണ്ട് വരുന്നു, അവൻ അപ്പോഴും തന്റെ കൈയിലെ ഒരു ബാഗ് മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു, എന്തോ ഒന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ. തന്റെ കുട്ടിയുടെ മൃതദേഹത്തിന് മുന്നിലിരുന്ന് കരയുന്ന ഒരു അമ്മ, എല്ലാം കഴിഞ്ഞിട്ടും സഹായത്തിനായി അപേക്ഷിക്കുന്ന കാഴ്ച…

“ഞങ്ങൾ ഒരുപക്ഷേ ഇതിനോടകം ശീലിച്ചു കഴിഞ്ഞിരിക്കാം,” അവൾ പറയുന്നു. “ഈ നിമിഷങ്ങൾ മനസ്സിൽ എന്നെന്നേക്കുമായി അവശേഷിക്കും,” അവർ പറയുന്നു.

എന്നാൽ ശരീരം പ്രതികരിക്കുന്നത് മറ്റൊരു രീതിയിലാണ്. തനിക്ക് ഇപ്പോൾ പെട്ടെന്ന് ദേഷ്യം വരാറുണ്ടെന്ന് അവൾ പറയുന്നു, എളുപ്പത്തിൽ നിയന്ത്രണം നഷ്ടപ്പെടും. “ചിലപ്പോൾ എനിക്ക് നിർത്താൻ കഴിയില്ല. എനിക്ക് ഉറക്കെ കരയണം, നിലവിളിക്കണം.” മറ്റുള്ളവരിലും അവൾ ഇത് കാണുന്നുണ്ട്.

യുദ്ധത്തിന്റെ തണലിലെ മരണങ്ങൾ

കഴിഞ്ഞുപോയ വർഷങ്ങൾ റൊക്സാനയിൽ നിന്ന് എല്ലാം ആവശ്യപ്പെടുകയായിരുന്നു. ദീർഘനാളത്തെ രോഗാവസ്ഥയ്ക്ക് ശേഷം 2022-ലായിരുന്നു അവളുടെ പിതാവിന്റെ വിയോഗം. തൊട്ടടുത്ത വർഷം അവളുടെ ഭർത്താവും ഈ ലോകത്തോട് വിടപറഞ്ഞു. അവർ യുദ്ധത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരല്ലായിരിക്കാം, എങ്കിലും ആ യുദ്ധത്തിന്റെ കറുത്ത നിഴലിലാണ് അവരുടെ ജീവൻ പൊലിഞ്ഞതെന്ന് റൊക്സാന സാക്ഷ്യപ്പെടുത്തുന്നു. തന്നോടൊപ്പം തോളോട് തോൾ ചേർന്ന് സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന രണ്ട് പ്രിയപ്പെട്ട സ്ത്രീകൾ അടക്കം നിരവധി സുഹൃത്തുക്കളെയും ഈ കാലയളവിൽ അവൾക്ക് നഷ്ടമായി. ആ നഷ്ടങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അവളുടെ മുഖത്ത് നേർത്തൊരു ഭാവമാറ്റം മിന്നിമറഞ്ഞു. “അത് കഠിനമാണ്…” സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പതുക്കെ പറഞ്ഞു. എന്നാൽ, ഒരു നിമിഷം പോലും ആ വേദനയിൽ തളർന്നിരിക്കാൻ അവൾ തയ്യാറായിരുന്നില്ല; അവളുടെ ശ്രദ്ധ തൊട്ടടുത്ത നിമിഷം തന്നെ ജോലിയിലേക്ക് തിരിഞ്ഞു.

“യുദ്ധം ഞങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കവർന്നെടുത്തു,” അവൾ ആത്മഗതമെന്നോണം ചിന്തിക്കുന്നു, “പക്ഷേ, തികച്ചും പ്രിയപ്പെട്ടവരും നല്ലവരുമായ ഒരുപാട് മനുഷ്യരെ അത് ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിക്കുകയും ചെയ്തു.” യുദ്ധകാലം മനുഷ്യബന്ധങ്ങളെ മാറ്റിമറിച്ചു, ജീവിതത്തിന്റെ മുൻഗണനകൾക്ക് കൂടുതൽ വ്യക്തത നൽകി. നഷ്ടങ്ങൾക്കിടയിലും തനിക്കുണ്ടായ നല്ല മാറ്റങ്ങളെ കൃത്യമായി ഉൾക്കൊള്ളാൻ അവൾ ശ്രമിക്കുന്നുണ്ട്.

എന്നാൽ, ഈ പോരാട്ടങ്ങൾ മാനസികം മാത്രമായിരുന്നില്ല. അവളുടെ ശരീരം അതിലും വലിയ അടിയൊഴുക്കുകളിലൂടെയാണ് കടന്നുപോയത്. യുദ്ധത്തിന്റെ കൊടുംകാറ്റ് വീശുന്നതിന് മുൻപ് തന്നെ റൊക്സാന രോഗശയ്യയിലായിരുന്നു. നീണ്ട ആറ് വർഷക്കാലമാണ് അവൾ ഗർഭാശയ കാൻസറിനോട്പൊരുതിയത്. ഒടുവിൽ 2023-ൽ ആ രോഗം ഭേദമായെന്ന ആശ്വാസവാർത്ത എത്തിയെങ്കിലും അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ അവൾ വീണ്ടും മരണത്തിന്റെ വക്കോളമെത്തി.

“എന്റെ മകൾ കൃത്യസമയത്ത് എന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്,” അവൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. അവിടെവെച്ചാണ് അടുത്ത പ്രഹരമായി വൻകുടലിലെ മാരകമായ കാൻസർ സ്ഥിരീകരിക്കുന്നത്. പിന്നീട് സങ്കീർണ്ണമായ ശസ്ത്രക്രിയയും കഠിനമായ കീമോതെറാപ്പികളും നടന്നു; കടന്നുപോയ ആ ദുരിതപർവ്വങ്ങളെ “ഒരുപാട് കാര്യങ്ങൾ” എന്ന് തികച്ചും ലഘുവായ വാക്കുകളിലാണ് അവൾ വിശേഷിപ്പിച്ചത്. കുടുംബത്തിന്റെയും ഉറ്റ സുഹൃത്തുക്കളുടെയും ഒപ്പം നിൽക്കുന്ന സഹപ്രവർത്തകരുടെയും കാവൽ കൊണ്ട് അവൾ ആ രോഗത്തെയും അതിജീവിച്ചു. അവളെ സംബന്ധിച്ചിടത്തോളം ഈ അത്ഭുതത്തിന് പിന്നിലെ കാരണം വളരെ വ്യക്തമാണ്: “മറ്റുള്ളവർക്കായി ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ കൊണ്ടാണ് എനിക്ക് രണ്ടുതവണ കാൻസറിനെ തോൽപ്പിക്കാൻ കഴിഞ്ഞതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

മറ്റൊരു വിളിപ്പുറം, മറ്റൊരു അഭയം

താൻ ഈ രീതിയിൽ ശ്രദ്ധാകേന്ദ്രമാകുന്നതോ പ്രശംസകൾ ഏറ്റുവാങ്ങുന്നതോ റൊക്സാനയ്ക്ക് അത്ര സുഖകരമായിരുന്നില്ല. അതുകൊണ്ടുതന്നെ അവൾ തന്നെക്കുറിച്ചുള്ള സംസാരം പെട്ടെന്ന് അവസാനിപ്പിച്ചു. അവളുടെ ചിന്തകൾ വീണ്ടും മറ്റുള്ളവരിലേക്ക് മാത്രമായി ചുരുങ്ങി.

“മുന്നണിയിലെ കാവൽ കിടങ്ങുകളിൽ കഴിയുന്ന മനുഷ്യരെപ്പോലെ കഠിനമല്ല ഞങ്ങളുടെ ഇവിടുത്തെ ജീവിതം. അവർ ഓരോ ദിവസവും കടന്നുപോകുന്നത് യഥാർത്ഥ നരകത്തിലൂടെയാണ്.” അവർ അവിടെ ചോരയൊഴുക്കി കാവൽ നിൽക്കുന്നത് കൊണ്ട് മാത്രമാണ്, തങ്ങൾക്ക് ഇവിടുത്തെ ജീവിതം ഒരു പരിധി വരെയെങ്കിലും സാധാരണ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്ന് അവൾ കൃത്യമായി ഓർമ്മിപ്പിക്കുന്നു.

“സഹായമില്ലാതെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല,” അവൾ ഊന്നിപ്പറയുന്നു.

ആ വാക്കുകൾക്ക് ശേഷം അവൾ വീണ്ടും അടുക്കളയുടെ തിരക്കുകളിലേക്ക് മടങ്ങി; അവിടെ അടുത്ത വട്ടത്തിനുള്ള ആഹാരമൊരുക്കുന്ന തിരക്കുകൾ അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞിരുന്നു.

വലിയ പാത്രങ്ങളിൽ വീണ്ടും പുകയുയരുന്ന വിഭവങ്ങൾ നിറയുകയാണ്. മേശപ്പുറത്ത് വരിവരിയായി പുതിയ മീൽ ട്രേകൾ നിരന്നു. കൃത്യമായ അളവുകളിൽ ഭക്ഷണം വിളമ്പുന്നതും, അവ ഓരോന്നും സീൽ ചെയ്ത് വൃത്തിയായി അടുക്കിവെക്കുന്നതുമായ ജോലികൾ അവിടെ ഒട്ടും മുടങ്ങാതെ തുടർന്നു.

ഇവിടെ ഒരു ദിവസത്തിനും കൃത്യമായൊരു പടിയിറക്കമില്ല. ഏതു നിമിഷവും ആ ഫോൺ വീണ്ടും ശബ്ദിച്ചേക്കാം. ആ വിളി വരുമ്പോൾ, അവരൊട്ടും മടിക്കാതെ യാത്ര തിരിക്കും—മറ്റൊരു ദുരന്തഭൂമിയിലേക്ക്, പ്രത്യാശ നഷ്ടപ്പെട്ട മറ്റൊരു കൂട്ടം മനുഷ്യരിലേക്ക്, എന്തോ ഒന്ന് തകർന്നടിഞ്ഞ മറ്റൊരു നിമിഷത്തിലേക്ക്…

അവിടെയും അവരെത്തും; ഹൃദയം തകർന്ന മനുഷ്യർക്ക് മുന്നിൽ തളരാത്തൊരു പിൻബലമായി, വീടിന്റെ ഓർമ്മപ്പെടുത്തലായി, ഊഷ്മളമായ ആഹാരവുമായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News