അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീനത്തിൽ വടക്കൻ-മധ്യ കേരളത്തിൽ കാലവർഷം കനക്കുന്നു. ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 12 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബാക്കി ഏഴ് തെക്കൻ-മധ്യ ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറിൽ 7 സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ കാലവർഷം തുടരുമെന്നാണ് റിപ്പോർട്ടുകൾ. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

