റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിലും പരിസരപ്രദേശങ്ങളിലും യുക്രൈൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തെ അവിശ്വസനീയം എന്ന് വിശേഷിപ്പിച്ച് റഷ്യൻ അധികൃതർ. റഷ്യയുടെ പ്രമുഖ സാമ്പത്തിക ഫോറത്തിന്റെ സമാപന ദിവസം തന്നെയാണ് നഗരത്തെ ലക്ഷ്യമിട്ട് യുക്രൈൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.
മേഖലയിൽ ആകെ 140-ലധികം യുക്രൈൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി ലെനിൻഗ്രാഡ് ഗവർണർ അലക്സാണ്ടർ ദ്രോസ്ദെങ്കോ അറിയിച്ചു. 2022-ൽ റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി, സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് ജനങ്ങളോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു.
റഷ്യയുടെ സൈനിക ആയുധപ്പുരകളും നാവിക താവളവുമാണ് തങ്ങളുടെ സേന ലക്ഷ്യമിട്ടതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. റഷ്യൻ ആക്രമണങ്ങൾക്കുള്ള ഉചിതമായ മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാധാന ചർച്ചകൾക്കായി സെലൻസ്കി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിരസിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം എന്നതും ശ്രദ്ധേയമാണ്.
യുക്രൈൻ അതിർത്തിയിൽ നിന്നും ഏകദേശം ആയിരം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഡ്രോണുകൾ റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബർഗിൽ എത്തിയത്. റഷ്യൻ നാവികസേനയുടെ ബാൾട്ടിക് കപ്പൽപ്പടയുടെ പ്രധാന താവളമായ ക്രോൺസ്റ്റാഡിലെ സൈനിക സൗകര്യങ്ങൾക്ക് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. കൂടാതെ, 500 കിലോമീറ്റർ അകലെയുള്ള തെക്കൻ ക്രാസ്നോദർ മേഖലയിലെ എണ്ണ സംഭരണശാലയും തങ്ങൾ തകർത്തതായി സെലൻസ്കി അവകാശപ്പെട്ടു.

