Monday, June 8, 2026

ആഫ്രിക്കയിൽ എബോള പടരുന്നു; രോഗബാധിതനായ അമേരിക്കൻ ഡോക്ടർ ജർമ്മനിയിൽ സുഖം പ്രാപിച്ചു

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ എബോള രോഗബാധിതർക്ക് ചികിത്സ നൽകുന്നതിനിടയിൽ വൈറസ് ബാധിച്ച അമേരിക്കൻ ഡോക്ടർ ജർമ്മനിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം പൂർണ്ണമായി സുഖം പ്രാപിച്ചു. ജർമ്മനിയിലെ ബെർലിൻ ആശുപത്രിയിൽ അതീവ സുരക്ഷയോടെ പ്രവേശിപ്പിക്കപ്പെട്ട 39 വയസ്സുകാരനായ പീറ്റർ സ്റ്റാഫോർഡ് എന്ന സർജനാണ് രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയത്. നിലവിൽ അംഗീകരിക്കപ്പെട്ട വാക്സിനുകൾ ഒന്നുമില്ലാത്ത ‘ബുന്ദിബുഗ്യോ’ എന്ന അപൂർവ്വ ഇനം എബോള വൈറസാണ് ഇദ്ദേഹത്തിന് ബാധിച്ചിരുന്നതെങ്കിലും പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ ചികിത്സകൾ വഴിയാണ് ഡോക്ടറുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ അതീവ ഗുരുതരമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. കോംഗോയിൽ രോഗബാധിതരുടെ എണ്ണം 452-ൽ നിന്നും 488 ആയി ഉയർന്നതായും ഇതിനോടകം 86 മരണങ്ങൾ സംഭവിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അയൽരാജ്യമായ ഉഗാണ്ടയിലും നിലവിൽ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ട് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഉഗാണ്ട തങ്ങളുടെ അതിർത്തികൾ ഭൂരിഭാഗവും അടച്ചതോടെ പ്രാദേശിക കച്ചവടക്കാരും ജനങ്ങളും വലിയ പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ കടുത്ത ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എബോള വ്യാപനമായി മാറുമെന്ന് അമേരിക്കൻ ആരോഗ്യ സംഘടനയായ സിഡിസിയും മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News