Wednesday, June 10, 2026

കോംഗോയിൽ എബോള സ്ഥിരീകരിച്ചവരുടെ എണ്ണം അറുന്നൂറിനോടുക്കുന്നു; ഇതുവരെ 115 മരണം

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധിച്ചവരുടെ എണ്ണം 600-ലേക്ക് അടുക്കുന്നതായി സർക്കാർ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 598 ആയി ഉയർന്നതായും ഇതിൽ 115 പേർ മരണപ്പെട്ടതായും കോംഗോ ഗവൺമെന്റ് ഔദ്യോഗികമായി വ്യക്തമാക്കി. മെയ് 15-നാണ് രാജ്യത്ത് എബോളയുടെ ‘ബുന്ദിബുഗ്യോ’വകഭേദം പടരുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് ആഴ്ചകൾക്ക് മുൻപ് തന്നെ രോഗവ്യാപനം ഉണ്ടായിരുന്നതായും ഇത് കണ്ടെത്താൻ വൈകിയതാണ് സ്ഥിതിഗതികൾ ഇത്രയും വഷളാക്കിയതെന്നും അധികൃതർ സമ്മതിക്കുന്നു.

ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ലോകത്തിലെ തന്നെ ഏറ്റവും വലിയ എബോള വ്യാപനങ്ങളിലൊന്നിനാണ് കോംഗോ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വർഷങ്ങളായി സായുധ സംഘർഷങ്ങൾ നിലനിൽക്കുന്ന ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നീ മൂന്ന് പ്രവിശ്യകളിലാണ് രോഗം പടർന്നുപിടിക്കുന്നത്.

രോഗം പടരുന്നത് തടയാനും സ്വയം സുരക്ഷിതരായിരിക്കാനുമുള്ള അടിസ്ഥാന സുരക്ഷാ ഉപകരണങ്ങൾ പോലും ലഭിക്കാതെ ആരോഗ്യപ്രവർത്തകർ ബുദ്ധിമുട്ടുകയാണെന്ന് ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും വെളിപ്പെടുത്തി. ഇട്ടൂരി പ്രവിശ്യയിൽ രോഗവ്യാപനം പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ അടിയന്തര ധനസഹായം ആവശ്യമാണെന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി’ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News