കേരളത്തിലെ ആരോഗ്യരംഗത്തെ ഞെട്ടിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് നേരെ അന്താരാഷ്ട്ര ഹാക്കർമാരുടെ സൈബർ ആക്രമണം. ആശുപത്രിയുടെ സെർവറുകളിൽ നിന്ന് അതീവ രഹസ്യമായ 800 ജിബിയിലധികം മെഡിക്കൽ വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ, ഇവ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ആശുപത്രികളുടെ സൈബർ സുരക്ഷാ വീഴ്ചകളെ തുറന്നുകാട്ടുന്നതാണ് ഈ സംഭവം.
കഴിഞ്ഞ മാർച്ച് മധ്യത്തോടെയാണ് ആശുപത്രിയിൽ ഈ സെർവർ അധിഷ്ഠിത ആക്രമണം ഉണ്ടായത്. ഹാക്കർമാർ ഡാർക്ക് വെബ്ബിൽ പരസ്യപ്പെടുത്തിയ വിവരങ്ങളുടെ 30 എംബി വരുന്ന സാമ്പിൾ രേഖകൾ പരിശോധിച്ചതിൽ നിന്നും ഈ വിവരച്ചോർച്ച സത്യമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ വ്യക്തിഗത വിവരങ്ങളും മുൻകാല ചികിത്സാ രേഖകളു, രോഗികളുടെ അഡ്മിഷൻ വിഭാഗത്തിലെ ചികിത്സാ വിവരങ്ങൾ, അഡ്മിഷൻ രേഖകൾ, ആശുപത്രിയുടെ ഭരണപരമായ രേഖകളും വിവിധ കമ്മിറ്റികളുടെ യോഗങ്ങളുടെ മിനിട്സുകളും എന്നിവയാണ് ചോർന്നത്.
കഴിഞ്ഞ വർഷം മധ്യത്തോടെ സജീവമായ ‘ദി ജെന്റിൽമെൻ’ എന്ന അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ലോകമെമ്പാടുമുള്ള അമ്പതോളം രാജ്യങ്ങളിലെ ആരോഗ്യമേഖല ഉൾപ്പെടെ 400-ലധികം സ്ഥാപനങ്ങളെ ഈ സംഘം ഇതിനകം ലക്ഷ്യമിട്ടിട്ടുണ്ട്. റഷ്യയെയും അതിന്റെ സഖ്യരാജ്യങ്ങളെയും ഈ ഗ്രൂപ്പ് ആക്രമിക്കാറില്ലാത്തതിനാൽ, റഷ്യൻ സൈബർ വിരുദ്ധ സംഘങ്ങളാകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

