ലെയോ പതിനാലാമൻ പാപ്പയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു. ലെയോ പാപ്പ സെപ്റ്റംബർ 25, 26 തീയതികളിൽ ഫ്രഞ്ച് തലസ്ഥാനമായ പാരിസ് സന്ദർശിക്കുമെന്ന് പാരിസ് ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ലോറന്റ് ഉൾറിച്ച് സ്ഥിരീകരിച്ചു. മാർപാപ്പയുടെ സാന്നിധ്യം രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരുമെന്ന് ആർച്ചുബിഷപ്പ് തന്റെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി.
ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസും മാർപാപ്പയുടെ സന്ദർശന വിവരം ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. നാല് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിൽ അഞ്ച് സുപ്രധാന സമ്മേളനങ്ങളിലാണ് പാപ്പ പങ്കെടുക്കുക.
ഫ്രാൻസിലെ വിവിധ രൂപതകളിൽ ആഴ്ചകൾ നീണ്ട ഒരുക്കങ്ങൾക്ക് ശേഷമാണ് സന്ദർശന തീയതികൾ പ്രഖ്യാപിച്ചത്. ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 25 – 28 തീയതികളിൽ പാപ്പയുടെ പ്രധാന പരിപാടികൾ താഴെ പറയുന്നവയാണ്:
- സെപ്റ്റംബർ 25 – പാരിസ്: പാരിസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലിൽ നടക്കുന്ന സായാഹ്ന പ്രാർത്ഥനയ്ക്ക് പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളുമായി സംവദിക്കുകയും പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യും.
- സെപ്റ്റംബർ 26 – പാരിസ്: പാരിസ് നഗരമധ്യത്തിൽ ഒരുക്കുന്ന പ്രത്യേക വേദിയിൽ പൊതുജനങ്ങൾക്കായി മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും.
- സെപ്റ്റംബർ 27 – ലൂർദ്: ആഗോള തീർത്ഥാടന കേന്ദ്രമായ ലൂർദിലെ ‘ഔവർ ലേഡി ഓഫ് ലൂർദ്’ തീർഥാടനാലയത്തിൽ മാർപാപ്പ ദിവ്യബലി അർപ്പിക്കും.
- സെപ്റ്റംബർ 28 – മെറ്റ്സ്: ചരിത്രപ്രസിദ്ധമായ മെറ്റ്സ് കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകിയ ശേഷം മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
ഫ്രാൻസിലെ വൈദികർ, വൈദികാർഥികൾ, സന്യസ്തർ എന്നിവർക്ക് പുറമെ വലിയൊരു ജനസഞ്ചയത്തെയാണ് പാരിസിലെ നോട്രഡാം കത്തീഡ്രലിൽ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 26-ന് നടക്കുന്ന പൊതു ദിവ്യബലിയിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സന്ദർശനത്തിന്റെ സുഗമമായ നടത്തിപ്പിനായി വലിയ രീതിയിലുള്ള ലോജിസ്റ്റിക്സ് തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും, ഇതിനായി സന്നദ്ധപ്രവർത്തകർ മുന്നോട്ടുവരണമെന്നും ആർച്ചുബിഷപ്പ് അഭ്യർത്ഥിച്ചു.

