Wednesday, June 10, 2026

ലെയോ പാപ്പ ബാഴ്സലോണയിൽ; നാലാം ദിവസത്തെ പ്രധാന പൊതുപരിപാടികൾ ഇങ്ങനെ

ലെയോ പതിനാലാമൻ പാപ്പയുടെ സ്പെയിൻ സന്ദർശനത്തിന്റെ നാലാം ദിവസത്തെ പ്രധാനപ്പെട്ട ഔദ്യോഗിക പരിപാടികൾ ഇതാ. മാഡ്രിഡിൽ നിന്നും പാപ്പ സന്നദ്ധപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ നഗരമായ ബാഴ്സലോണയിലേക്ക് തിരിച്ചത്.

സന്ദർശനം വിജയകരമാക്കാൻ അഹോരാത്രം പ്രയത്നിച്ച സന്നദ്ധപ്രവർത്തകർക്ക് മാഡ്രിഡിലെ അവസാന ദിനത്തിൽ മാർപാപ്പ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. സഹായം അഭ്യർത്ഥിച്ചപ്പോൾ വൈകാതെ തന്നെ പ്രതികരിച്ച ഇവരുടെ മനോഭാവത്തെ പാപ്പ പ്രശംസിച്ചു. പിന്നീട് ബാഴ്സലോണയിലെത്തിയ ലെയോ പാപ്പയ്ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

ഉച്ചയോടെയാണ് മാർപാപ്പ സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിനായി ബാഴ്സലോണയിൽ എത്തിയത്. തെരുവുകളിൽ തടിച്ചുകൂടിയ വൻ ജനസഞ്ചയം പാപ്പയെ ആവേശത്തോടെ വരവേറ്റു. തുടർന്ന് പ്രശസ്തമായ ഹോളി ക്രോസ്സ് – സെന്റ് യൂലാലിയ കത്തീഡ്രലിൽ നടന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പാപ്പ പങ്കെടുത്തു. കാറ്റലൻ, സ്പാനിഷ് ഭാഷകൾ ഇടകലർത്തിയാണ് പാപ്പ വചനസന്ദേശം നൽകിയത്. ബാഴ്സലോണയിലെ കത്തോലിക്കാ സമൂഹം വൈവിധ്യങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. നമ്മളെല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന് വ്യക്തമാക്കിയ പാപ്പ സഭയിലെ ഐക്യത്തിന് മുൻഗണന നൽകാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ലൂയിസ് കമ്പാനിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന യുവജന സംഗമമായിരുന്നു ബാഴ്സലോണയിലെ ആദ്യ ദിനത്തിലെ പ്രധാന ആകർഷണം. മാനസാന്തരം, മാനസികാരോഗ്യം, ഗാർഹിക പീഡനം, കഷ്ടപ്പാടുകൾ തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് യുവാക്കൾ പങ്കുവെച്ച അനുഭവങ്ങൾക്ക് മാർപാപ്പ നേരിട്ട് മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News