അമേരിക്കൻ പൗരന്മാർക്കായി കെനിയയിലെ നാനൂകി എന്ന സ്ഥലത്ത് പ്രത്യേക എബോള ചികിത്സാ കേന്ദ്രം നിർമ്മിക്കുന്നതിനെതിരെ ജനങ്ങൾ നടത്തിയ ശക്തമായ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടു. പ്രാദേശിക സൈനിക താവളത്തിൽ ഈ കേന്ദ്രം സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെനിയൻ പതാകകളും പ്ലക്കാർഡുകളുമായി തെരുവിൽ ഇറങ്ങിയ ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർവാതകവും പ്രയോഗിച്ചു. കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് നടന്ന സമാനമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീ സ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു.
അയൽരാജ്യമായ കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗം തങ്ങളുടെ നാട്ടിലേക്ക് പടരുമോ എന്ന ഭയവും സർക്കാരിന്റെ സുതാര്യമല്ലാത്ത നിലപാടുകളുമാണ് ജനങ്ങളെ വലിയ രീതിയിൽ പ്രകോപിപ്പിച്ചത്. പൊതുജന ആരോഗ്യത്തിന് കടുത്ത ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ചികിത്സാ കേന്ദ്രത്തിന്റെ നിർമ്മാണം താൽക്കാലികമായി നിർത്തിവെക്കാൻ അവിടുത്തെ കോടതി മുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും സൈനിക താവളത്തിൽ രഹസ്യമായി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്.
അമ്പത് കിടക്കകളുള്ള ഈ അത്യാധുനിക ചികിത്സാ കേന്ദ്രം കോംഗോയിൽ എബോള ബാധിക്കുന്ന അമേരിക്കക്കാരെ ചികിത്സിക്കാൻ വേണ്ടിയാണ് നിർമ്മിക്കുന്നത്. രോഗബാധിതരായ ആളുകളെ ചികിത്സിക്കാൻ തങ്ങളുടെ രാജ്യം വിട്ടുകൊടുക്കില്ലെന്ന് ജനങ്ങൾ വ്യക്തമാക്കുമ്പോഴും മാനുഷിക പരിഗണന മുൻനിർത്തിയാണ് അമേരിക്കയുടെ ആവശ്യത്തിന് അനുമതി നൽകിയതെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. നിലവിൽ കെനിയയിൽ ആർക്കും തന്നെ എബോള രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോംഗോയിൽ രോഗബാധിതരുടെ എണ്ണം 600 കടക്കുകയും 100 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

