തെക്കൻ ലെബനനിലുണ്ടായ ഐഇഡി (IED – ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന (IDF) അറിയിച്ചു. ഹെഫ സ്വദേശിയായ ചീഫ് സർജന്റ് ഫസ്റ്റ് ക്ലാസ് (റിസർവ്) അലക്സാണ്ടർ ഫിലിൻ (29) ആണ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ സൈന്യത്തിന്റെ 36-ാം ഡിവിഷൻ കമാൻഡ് പോസ്റ്റിലെ കോംബാറ്റ് സൈനികനായിരുന്നു അലക്സാണ്ടർ ഫിലിൻ. ലിതാനി നദിക്ക് സമീപം സൈനികർ നടന്നുപോകുന്നതിനിടയിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരങ്ങൾ. അപകടത്തിൽ പരിക്കേറ്റ ഏഴ് സൈനികരിൽ മൂന്ന് പേരുടെ പരിക്ക് അല്പം ഗുരുതരമാണെന്ന് സൈന്യം വ്യക്തമാക്കി. ഒരു ഐഡിഎഫ് ഓഫീസർ, ഒരു റിസർവ് ഓഫീസർ, മറ്റൊരു റിസർവ് സൈനികൻ എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്.
ഇവർക്ക് പുറമെ ഒരു കോംബാറ്റ് എൻസിഒ (NCO), ഒരു വനിത ഉൾപ്പെടെയുള്ള മറ്റ് മൂന്ന് റിസർവ് സൈനികർ എന്നിവർക്ക് സ്ഫോടനത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.

