Thursday, June 18, 2026

താലിബാൻ നിയന്ത്രണങ്ങൾ അഫ്ഗാനിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം കൂടുതൽ അപകടത്തിലാക്കുന്നു; മുന്നറിയിപ്പുമായി യു. എൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ താലിബാൻ ഭരണകൂടം ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങൾ, ജീവൻരക്ഷാ സേവനങ്ങൾ ലഭ്യമാകുന്നതിനെപ്പോലും തടസ്സപ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് കോർഡിനേഷൻ ഓഫീസ് (OCHA) മുന്നറിയിപ്പ് നൽകി. ലോകത്തിൽ തന്നെ പ്രസവത്തെത്തുടർന്ന് അമ്മമാർ മരണപ്പെടുന്ന നിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇപ്പോഴും അഫ്ഗാനിസ്ഥാൻ എന്നും യു. എൻ. ചൂണ്ടിക്കാണിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ നിലവിലെ മാനുഷിക പ്രതിസന്ധി മറ്റേതൊരു വിഭാഗത്തേക്കാളും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയുമാണെന്ന് ഒസിഎച്ച്എ ഉദ്യോഗസ്ഥ ഓൾഗ ചെറെവ്കോ ആശങ്ക പ്രകടിപ്പിച്ചു. അഫ്ഗാനിൽ ഓരോ ഒരു ലക്ഷം പ്രസവത്തിലും ഏകദേശം 600 അമ്മമാർ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.

സ്ത്രീകളുടെ പൊതുജീവിതത്തിനും തൊഴിലിനും മേൽ താലിബാൻ ഏർപ്പെടുത്തിയ വിലക്കുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ആരോഗ്യമേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗർഭിണികൾക്കും നവജാതശിശുക്കൾക്കും അടിയന്തര പരിചരണം നൽകുന്നതിന് വനിതാ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം അത്യാവശ്യമാണ്. എന്നാൽ പുതിയ നിയന്ത്രണങ്ങൾ കാരണം വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്.

ഉദാഹരണമായി, ബമ്യാൻ പ്രവിശ്യയിൽ നവജാതശിശുക്കൾക്കായുള്ള ഏക തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രിയിൽ ഭൂരിഭാഗവും വനിതകളായ ആരോഗ്യപ്രവർത്തകരാണ് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ജീവൻ രക്ഷിക്കാൻ കഠിനപ്രയത്നം നടത്തുന്നത്. ഇത്തരം സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടത് ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ നിലനിർത്താൻ അനിവാര്യമാണെന്ന് ഒസിഎച്ച്എ വ്യക്തമാക്കുന്നു. മാതൃമരണ നിരക്ക് കുറയ്ക്കുന്നതിനായി വനിതാ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകേണ്ടതുണ്ടെന്നും യു. എൻ ഓർമ്മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News