താൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ സൈന്യം (IDF) ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെ രാജ്യം നേരിട്ടിരുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഇല്ലാതാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രായേലിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ഇറാന്റെ പദ്ധതികളെ തങ്ങൾ തകർത്തുവെന്ന് നെതന്യാഹു പറഞ്ഞു. ഇതിനായി ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയായിരുന്നുവെന്നും എന്നാൽ ഇസ്രായേൽ അത് തടഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി പങ്കാളിത്തം ചേർന്നുകൊണ്ട് ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇറാന്റെ മണ്ണിൽ നടത്തിയത്. ഇതോടെ ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും തകർന്നു. “ഞങ്ങൾ ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ (Operation Rising Lion), ‘ഓപ്പറേഷൻ റോറിംഗ് ലയൺ’ (Operation Roaring Lion) എന്നീ സൈനിക നീക്കങ്ങൾ നടത്തിയില്ലായിരുന്നെങ്കിൽ ഇറാന്റെ പക്കൽ ഇന്ന് ആറ്റംബോംബുകൾ ഉണ്ടാകുമായിരുന്നു. അവരത് ഉപയോഗിക്കുകയും ചെയ്യുമായിരുന്നു. ഇറാന്റെ മുൻനിരയിലുള്ള 20 ആണവ ശാസ്ത്രജ്ഞരെ ഞങ്ങൾ വധിച്ചു. റൈസിംഗ് ലയണിൽ 12 പേരെയും റോറിംഗ് ലയണിൽ എട്ട് പേരെയും. ശാസ്ത്രജ്ഞരെ ഇല്ലാതാക്കുമ്പോൾ ആണവായുധം നിർമ്മിക്കുക എന്നത് അതീവ ദുഷ്കരമാകും. ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിന് (IRGC) കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഞങ്ങൾ വരുത്തിയത്. ഇനി അവർക്ക് ഇതിൽ നിന്ന് തിരിച്ചുകയറാൻ കഴിഞ്ഞെന്ന് വരില്ല” നെതന്യാഹു വ്യക്തമാക്കി.

