Monday, June 22, 2026

മോസ്‌കോയ്ക്ക് നേരെ വീണ്ടും യുക്രൈൻ ആക്രമണം; 60 ഓളം ഡ്രോണുകൾ വെടിവച്ചിട്ടു

റഷ്യൻ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ടെത്തിയ അറുപതോളം ഡ്രോണുകൾ റഷ്യൻ പ്രതിരോധ സേന വെടിവച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു റഷ്യയെ ഞെട്ടിച്ചുകൊണ്ട് യുക്രൈന്റെ ഭാഗത്തുനിന്നും വീണ്ടും വൻ വ്യോമാക്രമണമുണ്ടായത്. ആക്രമണ ഭീഷണിയെ തുടർന്ന് മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.

മോസ്‌കോ നഗരത്തിലേക്ക് എത്തിയ 59 ഓളം ഡ്രോണുകളാണ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് മോസ്‌കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാമിലൂടെ വ്യക്തമാക്കി. ഡ്രോൺ അവശിഷ്ടങ്ങൾ വീണ ഭാഗങ്ങളിൽ അടിയന്തിര രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തി മോസ്‌കോയിലെ പ്രധാന വിമാനത്താവളങ്ങളായ ഷെറെമെറ്റീവോ (Sheremetyevo), ദൊമോദെദോവോ (Domodedovo), വ്‌നുകോവോ (Vnukovo), ഷുകൊവ്‌സ്‌കി (Zhukovskiy) എന്നിവയുടെ പ്രവർത്തനം വ്യോമയാന മന്ത്രാലയം അടിയന്തിരമായി നിർത്തിവെച്ചു. ഭീഷണി ഒഴിഞ്ഞതിനെ തുടർന്ന് പിന്നീട് സർവീസുകൾ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച മോസ്‌കോയിലെ ഏക എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയുള്ള ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News