Friday, June 26, 2026

കേരളത്തിൽ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലോടു കൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂൺ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴ പെയ്തേക്കാം.

ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News