സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കുറഞ്ഞെങ്കിലും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ചില ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. മഴ താൽക്കാലികമായി ശമിച്ചെങ്കിലും വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും. ഇതിന്റെ ഭാഗമായി ജൂൺ 27 ശനിയാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 27, 28 തീയതികളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കാലാവസ്ഥ വൻതോതിൽ മോശമാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പ്രസ്തുത ദിവസങ്ങളിൽ ഈ തീരങ്ങളിൽ ഉള്ളവർ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

