Friday, June 26, 2026

സ്കൂൾ ഹോസ്റ്റലിന് തീയിട്ട സംഭവം; കെനിയയിൽ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

കെനിയയിൽ കഴിഞ്ഞ മാസമുണ്ടായ മാരകമായ സ്കൂൾ തീപിടുത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പ്രൊസിക്യൂഷൻ ഒരുങ്ങുന്നു. സഹപാഠികളുടെ മരണത്തിന് കാരണക്കാരായ പ്രതികൾ മനഃപൂർവ്വം തീയിടുകയായിരുന്നുവെന്നാണ് പ്രൊസിക്യൂഷന്റെ കണ്ടെത്തൽ.

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നും ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിലിലെ ‘ഉതുമിഷ ഗേൾസ് സ്കൂളിൽ’ (Utumishi Girls’ School) ഉണ്ടായ തീപിടുത്തത്തിൽ 15-നും 18-നും ഇടയിൽ പ്രായമുള്ള 16 വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്. സംഭവത്തിൽ ഡസൻ കണക്കിന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹോസ്റ്റലിന്റെ എക്സിറ്റ് വാതിലിന് സമീപമുള്ള മെത്തകൾക്ക് തീയിട്ടതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എട്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. “ലഭ്യമായ തെളിവുകൾ കൃത്യമായി പരിശോധിച്ച ശേഷം, കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ പബ്ലിക് പ്രൊസിക്യൂഷൻ ഡയറക്ടർ അനുമതി നൽകിയിട്ടുണ്ട്,” പ്രൊസിക്യൂഷൻ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ മെയ് 28-നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 202 വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ മുകളിലത്തെ നിലയ്ക്കാണ് തീപിടിച്ചത്. തീ പടർന്നതോടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എമർജൻസി എക്സിറ്റ് തുറക്കാതിരുന്നതിനാൽ ഒരൊറ്റ ചെറിയ വാതിലിലൂടെ മാത്രമാണ് കുട്ടികൾക്ക് പുറത്തേക്ക് കടക്കാൻ കഴിഞ്ഞത്. ഇതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News