അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ രാജ്യത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയകളിലും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് യു. എൻ. അന്താരാഷ്ട്ര വനിതാ നയതന്ത്ര ദിനത്തോട് (International Day of Women in Diplomacy) അനുബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ യു. എൻ. അസിസ്റ്റൻസ് മിഷൻ (UNAMA) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ സുസ്ഥിരമായ സമാധാനവും ഉൾക്കൊള്ളലോടെയുള്ള വികസനവും ശോഭനമായ ഭാവിയും കൈവരിക്കണമെങ്കിൽ സ്ത്രീകളുടെ സാന്നിധ്യവും അവരുടെ ശബ്ദവും അത്യന്താപേക്ഷിതമാണെന്ന് യു. എൻ. മിഷൻ വ്യക്തമാക്കി. നയതന്ത്രം, പൊതുസേവനം എന്നിവയുൾപ്പെടെ സമൂഹത്തിലെ എല്ലാ മേഖലകളിലും ഫലപ്രദമായ പങ്ക് വഹിക്കാനും പഠിക്കാനും നയിക്കാനും അഫ്ഗാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകേണ്ടതിന്റെ പ്രാധാന്യം യു. എൻ. പ്രസ്താവനയിൽ ഊന്നിപ്പറയുന്നു.
“വനിതാ നയതന്ത്രജ്ഞർ അന്താരാഷ്ട്ര ബന്ധങ്ങളിൽ കേവലം പങ്കാളികൾ മാത്രമല്ല, അവർ നേതാക്കളും സമാധാന മധ്യസ്ഥരും സമത്വത്തിന് വേണ്ടിയുള്ള ശക്തരായ വക്താക്കളുമാണ്. അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും സമാധാനം മുന്നോട്ട് കൊണ്ടുപോകാനും ഉൾക്കൊള്ളലോടെയുള്ള തീരുമാനങ്ങൾ രൂപപ്പെടുത്താനും അവർ സഹായിക്കുന്നു,” – യുനാമ (UNAMA) പ്രസ്താവനയിൽ പറഞ്ഞു.

