വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി (Maiduguri) നഗരത്തിന്റെ അതിർത്തി പ്രദേശമായ അജിലാരിയിലെ ഒരു വീടിന് മുന്നിൽ ഇരുന്ന് മുഹമ്മദ് അബ്ദുൽഹമീദ് എന്ന യുവാവ് തന്റെ കൈയിലെ അവശേഷിക്കുന്ന വിരലുകൾ ഉയർത്തി വഴിയാത്രക്കാരെ അഭിവാദ്യം ചെയ്യാറുണ്ട്. അതൊരു സാധാരണ അഭിവാദ്യമല്ല; 2023-ൽ ഒരു ഗുണ്ടാ ആക്രമണത്തിൽ തകർന്നടിഞ്ഞ അവന്റെ വിരലുകൾ, അക്രമം നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്ന് മുഹമ്മദിന് തന്റെ പ്രായം പോലും കൃത്യമായി ഓർമ്മയില്ല, പക്ഷേ അക്രമത്തിന്റെ വഴിയിലേക്ക് പോകുന്ന കൗമാരക്കാരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് അവൻ ഇപ്പോൾ തന്റെ ജീവിതം മാറ്റിവെച്ചിരിക്കുന്നത്.
മൈദുഗുരിയിലെ തെരുവുകളിൽ ഭീതി വിതച്ചിരുന്ന ‘മാർലിയൻസ്’ (Marlians) എന്നറിയപ്പെടുന്ന കൗമാര ഗുണ്ടാസംഘങ്ങളുടെ കഥയാണിത്. കത്തികളും മാരകായുധങ്ങളുമായി തെരുവ് യുദ്ധങ്ങളിൽ ഏർപ്പെടുകയും, കൊള്ളയും പിടിച്ചുപറിയും പതിവാക്കുകയും ചെയ്ത ഈ സംഘങ്ങളെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിച്ചില്ല. എന്നാൽ, തോക്കുകൾക്കും അറസ്റ്റുകൾക്കും സാധിക്കാത്തത് അവിടെയുള്ള സാധാരണക്കാരായ സ്ത്രീകൾ ഇന്ന് ചെയ്ത് കാണിക്കുകയാണ്. സ്ത്രീകളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഒരു നാടിന്റെ സമാധാനം തന്നെ തിരിച്ചുകിട്ടിയ സംഭവം…
അക്രമത്തിന്റെ വേരുകൾ യുദ്ധത്തിലാണ്
പതിറ്റാണ്ടുകളായി തുടരുന്ന ബോക്കോ ഹറാം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണ് വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനം. 35,000-ത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്ത ഒരു അന്തരീക്ഷത്തിലാണ് ഇവിടുത്തെ യുവാക്കൾ വളർന്നത്. “ചെറുപ്പം മുതലേ അക്രമങ്ങൾ മാത്രം കണ്ടുവളരുന്ന കുട്ടികൾ സ്വാഭാവികമായും മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കും അടിമപ്പെടുന്നു,” എന്ന് ‘യൂണിഫൈഡ് മെമ്പേഴ്സ് ഫോർ വുമൺ അഡ്വാൻസ്‌മെന്റ്’ (UMWA) ഡയറക്ടർ ഹസ്സാന ഇബ്രാഹിം വസീരി വ്യക്തമാക്കുന്നു. തൊഴിലില്ലായ്മയേക്കാൾ, തങ്ങൾ ജീവിക്കുന്ന അക്രമാസക്തമായ ചുറ്റുപാടാണ് തങ്ങളെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് ജയിൽ മോചിതനായ മുൻ ഗുണ്ടാസംഘാംഗം മാജി അബ്ബയും സാക്ഷ്യപ്പെടുത്തുന്നു.
മാറ്റത്തിന്റെ കാറ്റ് വീശിയ സംവാദങ്ങൾ
സുരക്ഷാ ഉദ്യോഗസ്ഥർ ശിക്ഷാനടപടികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പ്രാദേശിക വനിതാ കൂട്ടായ്മകൾ ഗുണ്ടാത്തലവന്മാരുമായി നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചു. UMWA, ഗൊമാരി ഡെവലപ്‌മെന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീകൾ തെരുവിലിറങ്ങി. ട്രെയിനിങ് ലഭിച്ച പ്രാദേശിക സ്ത്രീകൾ എല്ലാ ഞായറാഴ്ചകളിലും യുവാക്കൾക്കായി പ്രത്യേക കൗൺസിലിംഗും സമാധാന ബോധവത്കരണ പരിപാടികളും നടത്തുന്നത് പതിവാക്കി. തർക്കങ്ങളും മയക്കുമരുന്ന് ഉപയോഗവും നിരീക്ഷിക്കാൻ സ്ത്രീകൾ പ്രത്യേക ശൃംഖല രൂപീകരിച്ചു. പ്രശ്നങ്ങൾ വഷളാകുന്നതിന് മുൻപ് തന്നെ ഇവർ പോലീസിനും സൈന്യത്തിനും വിവരം നൽകും. പ്രതികാര ബുദ്ധിയോടെ തെരുവിൽ ഏറ്റുമുട്ടാൻ പോകുന്ന വ്യത്യസ്ത ഗാംഗുകളെ ഒപ്പമിരുത്തി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ അമ്മമാർക്ക് സാധിക്കുന്നുണ്ട്.
തുടക്കത്തിൽ പുരുഷന്മാരിൽ നിന്നും കനത്ത എതിർപ്പ് നേരിട്ടെങ്കിലും, തെരുവുകളിൽ ചോരപ്പുഴ ഒഴുകുന്നത് തടയാൻ സ്ത്രീകളുടെ ഇടപെടലുകൾക്ക് സാധിച്ചതോടെ സമൂഹം ഇവരെ അംഗീകരിച്ചു തുടങ്ങി. ആയിരത്തിലധികം യുവാക്കളാണ് ഇതിനോടകം അക്രമത്തിന്റെ പാത ഉപേക്ഷിച്ചത്.
വെല്ലുവിളികൾ നിറഞ്ഞ സമാധാന പാത
മുഹമ്മദ് അബ്ദുൽഹമീദിനെപ്പോലെ അക്രമം ഉപേക്ഷിച്ച പലരും ഇന്ന് മറ്റ് യുവാക്കളെ നന്മയുടെ വഴിയിലേക്ക് നയിക്കാൻ മുൻകൈ എടുക്കുന്നുണ്ട്. എങ്കിലും ഈ സമാധാന ശ്രമങ്ങൾ വലിയ പ്രതിസന്ധികളെയും നേരിടുന്നുണ്ട്. ആയുധം താഴെവെച്ചാലും പഴയ ശത്രുക്കളിൽ നിന്നുള്ള ഭീഷണികൾ ഈ യുവാക്കൾക്ക് ഒഴിഞ്ഞിട്ടില്ല. മാന്യമായ ഒരു തൊഴിൽ കണ്ടെത്താൻ കൃത്യമായ സർക്കാർ സംവിധാനങ്ങൾ ഇല്ലാത്തത് ഇവരെ വീണ്ടും പഴയ വഴിയിലേക്ക് നയിക്കാൻ കാരണമായേക്കാം എന്ന ഭീതി വലിയ വെല്ലുവിളായി നിലവിലുണ്ട്.
ഇത്തരം കൂട്ടായ്മകൾക്ക് ലഭിച്ചിരുന്ന അന്താരാഷ്ട്ര ധനസഹായം കുറഞ്ഞതോടെ, പല സ്ത്രീകളും സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കിയാണ് ഇപ്പോൾ ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. എഹ്കിലും ആഭ്യന്തര യുദ്ധം തകർത്ത ഒരു ജനതയ്ക്ക് സമാധാനത്തിന്റെ പുതിയൊരു നാളെ പണിതുയർത്തുകയാണ് നൈജീരിയയിലെ ഈ ധീരവനിതകൾ.

