അർമേനിയൻ വംശഹത്യ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് ഇസ്രായേൽ സർക്കാർ ചരിത്രപരമായ പ്രമേയം പാസാക്കി. വിദേശകാര്യമന്ത്രി ഗിദിയോൺ സാർ അവതരിപ്പിച്ച പ്രമേയത്തിന് ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകുകയായിരുന്നു.
“ഞാൻ അവതരിപ്പിച്ച അർമേനിയൻ വംശഹത്യ അംഗീകരിക്കുന്ന പ്രമേയത്തിന് ഇസ്രായേൽ സർക്കാർ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നു. ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഒരിക്കലും വൈകുന്നില്ല,” വോട്ടെടുപ്പിന് ശേഷം ഗിദിയോൺ സാർ പ്രതികരിച്ചു.
“നൂറിലധികം വർഷങ്ങൾക്ക് മുൻപ് നടന്ന ഈ ഭയാനകമായ വംശഹത്യയെക്കുറിച്ച് ചരിത്രപരമായ വസ്തുതകളിൽ യാതൊരു തർക്കവുമില്ല. 15 ലക്ഷം പേരുടെ കൊലപാതകവും പുരാതനമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ വിനാശവുമാണ് ഇതിലൂടെ സംഭവിച്ചത്. ജൂതർ എന്ന നിലയിലും, ജൂത ജനതയുടെ രാഷ്ട്രം എന്ന നിലയിലും ഈ തീരുമാനം എടുക്കേണ്ടത് ഞങ്ങളുടെ ധാർമ്മിക ബാധ്യതയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഒട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ അർമേനിയൻ ജനതയ്‌ക്കെതിരെ നടന്ന വംശഹത്യയെ അംഗീകരിക്കുക എന്നത് ധാർമ്മികവും ചരിത്രപരവുമായ കടമയാണെന്നും, ചരിത്രസത്യങ്ങളെ നിഷേധിക്കുന്നതിനെയോ ലഘൂകരിക്കുന്നതിനെയോ ശക്തമായി അപലപിക്കണമെന്നും അദ്ദേഹം നേരത്തെ എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കിയിരുന്നു.
തുർക്കിയുടെ നേതൃത്വത്തിൽ വംശഹത്യയെ സംബന്ധിച്ച വസ്തുതകളെ നിഷേധിക്കാനും ലഘൂകരിക്കാനും ആസൂത്രിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. നയതന്ത്രപരമായ കാരണങ്ങളാൽ വർഷങ്ങളായി ഇസ്രായേൽ ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു.
അമേരിക്ക, റഷ്യ, ജർമ്മനി, കാനഡ എന്നിവയുൾപ്പെടെ 32 ഐക്യരാഷ്ട്രസഭാംഗ രാജ്യങ്ങൾ ഇതിനകം അർമേനിയൻ വംശഹത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. വത്തിക്കാനും യൂറോപ്യൻ പാർലമെന്റും നേരത്തെ തന്നെ ഇതിന് അംഗീകാരം നൽകിയിരുന്നു.

