Sunday, July 5, 2026

മാലിയിൽ അഞ്ച് നഗരങ്ങളിൽ ഒരേസമയം വിമത ആക്രമണം; 26 പേർ കൊല്ലപ്പെട്ടു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സൈന്യത്തെയും റഷ്യൻ സൈന്യത്തെയും ലക്ഷ്യമിട്ട് വിമതർ അഞ്ച് നഗരങ്ങളിൽ ഒരേസമയം വൻ ആക്രമണം നടത്തി. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള നഗരങ്ങളിലും റഷ്യൻ സൈനിക സാന്നിധ്യമുള്ള വടക്കൻ മേഖലകളിലുമാണ് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വെടിവെയ്പും സ്ഫോടനങ്ങളും ഉണ്ടായത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണ നിയന്ത്രണത്തിലാണെന്നും മാലി സൈന്യം അറിയിച്ചു.

വടക്കൻ മേഖലയിലെ അഗൽഹോക്ക്, അനെഫിസ്, ഗാവോ, മധ്യമേഖലയിലെ സെവാരെ, തെക്കൻ മേഖലയിലെ കെനിയറോബ എന്നീ അഞ്ച് തന്ത്രപ്രധാന നഗരങ്ങളാണ് ആക്രമിക്കപ്പെട്ടത്. വിമതരുടെ ആക്രമണത്തിന് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ സെവാരെയിൽ 20 ‘ഭീകരരും’ ഗാവോയിൽ ആറ് പേരും കൊല്ലപ്പെട്ടതായി മാലിയൻ സൈന്യം സ്ഥിരീകരിച്ചു. ഗാവോയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരനുകൂല സഖ്യകക്ഷി പോരാളി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

വടക്കുകിഴക്കൻ കിദാൽ മേഖലയിലെ അനെഫിസ് നഗരത്തിലെ റഷ്യൻ-മാലി സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് വിഘടനവാദികളായ തുവാരെഗ് (Tuareg) ഗോത്രവിഭാഗത്തിന്റെ സായുധ സംഘടനയായ ‘അസവാദ് ലിബറേഷൻ ഫ്രണ്ട്’ (FLA) വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ കിദാൽ നഗരത്തിന്റെ നിയന്ത്രണം അൽ-ഖ്വൊയ്ദ സഖ്യകക്ഷികളും എഫ്.എൽ.എയും ചേർന്ന് പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവിടെ റഷ്യൻ സൈന്യത്തെ വിന്യസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News