Sunday, July 5, 2026

മകൾക്ക് സുരക്ഷയൊരുക്കാൻ 37 വർഷം ആൺവേഷം കെട്ടിയ അമ്മ; പെച്ചിയമ്മാൾ എന്ന ‘മുത്തു മാസ്റ്റർ’

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ളവർക്ക് അയാൾ ‘മുത്തു മാസ്റ്റർ’ ആയിരുന്നു. വെള്ള ഷർട്ടും ധോത്തിയുമിട്ട്, ബീഡിയും വലിച്ച് കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന പരുക്കനായ ഒരു അണ്ണാച്ചി.
എന്നാൽ, ആ ആൺവേഷത്തിനുള്ളിൽ 37 വർഷം ഒളിച്ചിരുന്നത് ഒരു അമ്മമനസ്സായിരുന്നു എന്ന് ലോകം അറിഞ്ഞത് ഈ അടുത്ത കാലത്താണ്. 37 വർഷക്കാലമാണ് പെച്ചിയമ്മാൾ എന്ന സ്ത്രീ ‘മുത്തു മാസ്റ്റർ’ എന്ന പുരുഷനായി ജീവിച്ചത്.

വെറും ഇരുപതാം വയസ്സിലായിരുന്നു പെച്ചിയമ്മാളിന്റെ വിവാഹം. എന്നാൽ വിവാഹത്തിന്റെ മധുരം മാറും മുൻപേ പതിനഞ്ചാം ദിവസം ഭർത്താവ് ശിവ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആ വലിയ ആഘാതത്തിനിടയിലാണ് താൻ ഗർഭിണിയാണെന്ന വിവരം അവർ അറിയുന്നത്. പിന്നീട് മകൾ ഷൺമുഖസുന്ദരിയുടെ ജനനത്തോടെ ആ കുഞ്ഞിനെ വളർത്തുക എന്നതായി അവരുടെ ജീവിത ലക്ഷ്യം.

മകളെ വളർത്താൻ വേണ്ടി തൂത്തുക്കുടിയിലെ കരി ഫാക്ടറിയിലും ചായക്കടകളിലും പെച്ചിയമ്മാൾ ജോലിക്ക് ചേർന്നു. എന്നാൽ ഒരു ഒറ്റപ്പെട്ട സ്ത്രീക്ക് നേരെ സമൂഹം എറിഞ്ഞ നോട്ടങ്ങളും ലൈംഗിക അധിക്ഷേപങ്ങളും അതിരുകടക്കുന്നതായിരുന്നു. ​ഒരിക്കൽ രാത്രി ഷിഫ്റ്റിനായി ഫാക്ടറിയിലേക്ക് പോകുന്ന വഴിയിൽ ഒരു ട്രക്ക് ഡ്രൈവറിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമ ശ്രമമാണ് അവരുടെ ചിന്തകളെ മാറ്റിമറിച്ചത്. തലനാരിഴയ്ക്കാണ് അന്ന് അവർ രക്ഷപ്പെട്ടത്. ഒരു സ്ത്രീയായി തുടർന്നാൽ ഈ സമൂഹത്തിൽ തനിക്കോ തന്റെ മകൾക്കോ സുരക്ഷിതമായി ജീവിക്കാനാകില്ലെന്ന് ആ രാത്രി അവർ തിരിച്ചറിഞ്ഞു.

അടുത്ത ദിവസം പുലർച്ചെ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വച്ച് അവൾ തല ക്ഷൗരം ചെയ്തു. സാരി ഉപേക്ഷിച്ച് ഷർട്ടും ലുങ്കിയും ധരിച്ചു. അവിടെ പെച്ചിയമ്മാൾ അവസാനിച്ചു, ‘മുത്തു മാസ്റ്റർ’ ജനിച്ചു!

ആർത്തവ ദിനങ്ങളിലെ കഠിനമായ വേദനകൾ ഗുളിക കഴിച്ചു ഒതുക്കി, മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ കൂടുതൽ ആവേശത്തോടെ പണിചെയ്തു. സ്വന്തം മകൾ പോലും ഏഴാം വയസ്സിലാണ് അറിഞ്ഞത്, തന്റെ കൂടെയുള്ള ഈ അണ്ണാച്ചി തന്റെ അമ്മയാണെന്ന്. എല്ലാ ഔദ്യോഗിക രേഖകളിലും അവർ പുരുഷനായി ജീവിച്ചു.

ഒടുവിൽ സത്യം പുറത്തേക്ക്. ​കാലങ്ങൾ കടന്നുപോയി, മകൾ വളർന്നു, വിവാഹിതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയപ്പോൾ കഠിനമായ ജോലികൾ ചെയ്യാൻ മുത്തു മാസ്റ്റർക്ക് സാധിക്കാതെ വന്നു. അങ്ങനെയാണ് സ്ത്രീകളുടെ പേരിലുള്ള തൊഴിലുറപ്പ് കാർഡിനും വിധവാ പെൻഷനും വേണ്ടി അവർ ശ്രമിക്കുന്നത്. ഈ അപേക്ഷകൾക്ക് പിന്നിലെ യാഥാർത്ഥ്യം അന്വേഷിച്ച ഉദ്യോഗസ്ഥരാണ് 37 വർഷം ഒളിപ്പിച്ചുവെച്ച ആ അമ്മമനസ്സിന്റെ ജീവിതം ലോകത്തിന് മുന്നിലെത്തിച്ചത്.

​രേഖകളിൽ മാറ്റം വരുത്താൻ അവസരമുണ്ടെങ്കിലും തന്റെ മകൾക്ക് സുരക്ഷിതത്വവും തനിക്ക് സമൂഹത്തിൽ അന്തസ്സും നൽകിയ ‘മുത്തു മാസ്റ്റർ’ എന്ന ഈ ആൺവേഷത്തിൽ തന്നെ മരണം വരെ ജീവിക്കാനാണ് പെച്ചിയമ്മാൾ ഇന്ന് ആഗ്രഹിക്കുന്നത്. വേഷമല്ല, ഒരു അമ്മയുടെ കരുതലും പോരാട്ടവീര്യവുമാണ് ജീവിക്കാൻ വേണ്ടതെന്ന് തെളിയിക്കുകയാണ് ഈ എഴുപതുകാരി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News