ഗതാഗതനിയമങ്ങൾ സ്ഥിരമായി ലംഘിക്കുന്നവരെ പൂട്ടാൻ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. ട്രാഫിക് നിയമലംഘനങ്ങൾ പതിവാക്കിയവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കിനൽകണമെങ്കിൽ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നിർബന്ധമാക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്ക് നിശ്ചിത തവണയിലധികം പിഴശിക്ഷ ലഭിച്ച ഡ്രൈവർമാർക്കാവും ഈ പുതിയ നിയമം ബാധകമാവുക.
ഇതിനായി മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ അനൗപചാരിക മന്ത്രിതല സമിതിക്കു മുന്നിലെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച ഔദ്യോഗിക ഭേദഗതി ബിൽ വൈകാതെ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ഏതൊക്കെ തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളാണ് വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനായി പരിഗണിക്കുക എന്നതിൽ നിലവിൽ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. എങ്കിലും അമിതവേഗത, മദ്യപിച്ചുള്ള വണ്ടി ഓടിക്കൽ, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. നിയമഭേദഗതി വരുന്നതോടെ ട്രാഫിക് നിയമങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ഡ്രൈവർമാർ നിർബന്ധിതരാകും.

